പരമ്പരാഗത മേഖലയ്ക്കും ബാധകമാക്കണം: ഹൈക്കോടതി

കൊച്ചി: മണ്‍സൂണ്‍കാലത്തെ മല്‍സ്യബന്ധനം സംബന്ധിച്ച് സര്‍ക്കാര്‍ കൊണ്ടുവന്ന ചട്ടങ്ങള്‍ പരമ്പരാഗത മല്‍സ്യബന്ധന ബോട്ടുകളുടെയും പരമ്പരാഗത രീതിയില്‍ മല്‍സ്യബന്ധനം നടത്തുന്നവരുടെയും കാര്യത്തില്‍ കര്‍ശനമായി നടപ്പാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ട്രോളിങ് നിരോധന കാലയളവ് 47ല്‍ നിന്ന് 54 ദിവസമായി ഉയര്‍ത്തിയ സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് കൊല്ലം ജില്ലാ ഫിഷിങ് ബോട്ട് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ചാര്‍ളി ജോസഫ് സമര്‍പ്പിച്ച ഹരജി തള്ളിയ ഉത്തരവിലാണ് ഈ നിര്‍ദേശമുള്ളത്.
കഴിഞ്ഞ വര്‍ഷങ്ങളിലേതുപോലെ ജൂണ്‍ 15ന് തുടങ്ങി ജൂലൈ 31ന് അവസാനിക്കുന്ന രീതിയില്‍ നിരോധനം പുനസ്ഥാപിക്കണമെന്നാണ് ഹരജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നത്. ഏതെങ്കിലും വിദഗ്ധ സമിതിയുടെ പഠന റിപോര്‍ട്ട് പോലുമില്ലാതെ സര്‍ക്കാരിന്റെ അധികാരപരിധിക്കപ്പുറമുള്ള ഉത്തരവാണ് പുറപ്പെടുവിച്ചിട്ടുള്ളത്. സര്‍ക്കാര്‍ നടപടി സുപ്രിംകോടതി വിധിയുടെ ലംഘനമാണെന്നും ഹരജിക്കാരന്‍ വാദിച്ചു. മല്‍സ്യസമ്പത്ത് സംരക്ഷിക്കാനും പരമ്പരാഗത മല്‍സ്യത്തൊഴിലാളികളുടെ താല്‍പര്യം സംരക്ഷിക്കാനുമാണ് നിരോധന കാലയളവ് നീട്ടിയതെന്ന് സര്‍ക്കാര്‍ വാദിച്ചു.
ട്രോളിങ് നിരോധനം കൊണ്ടുവരുന്നതിനു മുമ്പ് അതിന്റെ ഗുണവും ദോഷവും സര്‍ക്കാര്‍ പരിശോധിച്ചിരുന്നുവെന്ന് രേഖകള്‍ വ്യക്തമാക്കുന്നതായി കോടതി നിരീക്ഷിച്ചു. ട്രോളിങ് നിരോധനം സംബന്ധിച്ച് കേരളം പാലിക്കേണ്ട വ്യവസ്ഥകളൊന്നും സുപ്രിംകോടതി പുറപ്പെടുവിച്ചിട്ടില്ല. അതിനാല്‍ ഹരജി നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കി കോടതി തള്ളുകയായിരുന്നു.
സര്‍ക്കാര്‍ കൊണ്ടുവന്ന ചട്ടങ്ങള്‍ പരമ്പരാഗത മല്‍സ്യബന്ധന ബോട്ടുകളുടെയും മല്‍സ്യബന്ധനം നടത്തുന്നവരുടെയും കാര്യത്തില്‍ കര്‍ശനമായി നടപ്പാക്കണമെന്ന നിര്‍ദേശം പുനപ്പരിശോധിക്കാന്‍ ഹരജി നല്‍കുന്ന കാര്യം പരിഗണനയിലാണെന്ന് സര്‍ക്കാര്‍ സൂചന നല്‍കി.
Next Story

RELATED STORIES

Share it