wayanad local

പരമ്പരാഗത കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിക്ക് ലഭിച്ചെന്നു കണക്ക്

കല്‍പ്പറ്റ: ജില്ലാ പഞ്ചായത്തിലേക്ക് മുന്‍ തിരഞ്ഞെടുപ്പുകളില്‍ ഇടത്, വലത് മുന്നണികള്‍ നേരിട്ട് ഏറ്റുമുട്ടിയിരുന്ന ഡിവിഷനുകളില്‍ ഇക്കുറി ബിജെപിക്ക് കിട്ടിയതില്‍ നല്ലപങ്കും യുഡിഎഫ് വോട്ടുകളെന്നു കണക്കുകള്‍.
ജില്ലാ പഞ്ചായത്തിലെ 16 ഡിവിഷനുകളിലുമായി പോള്‍ ചെയ്ത വോട്ടുകളുടെ കണക്കെടുക്കുമ്പോള്‍ യു.ഡി.എഫിനാണ് നേരിയ മുന്‍തൂക്കം. 4,01,709 വോട്ടാണ് ജില്ലാ പഞ്ചായത്തിലേക്ക് പോള്‍ ചെയ്തത്. ഇതില്‍ 43.46 ശതമാനം (1,74,604) വോട്ട് യുഡിഎഫിനു ലഭിച്ചു. 40.34 ശതമാനം(1,62,057) വോട്ടാണ് എല്‍ഡിഎഫ് നേടിയത്. ബിജെപിക്ക് 14.98 ശതമാനം (60,178) വോട്ട് കിട്ടി. 3.12 ശതമാനമാണ് യുഡിഎഫ്-എല്‍ഡിഎഫ് വോട്ട് അന്തരം.
2010ലെ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്ക് 4,20,529 വോട്ടാണ് പോള്‍ ചെയ്തത്. ഇതില്‍ 49.25 ശതമാനം (2,07,122) യുഡിഎഫിനും 38.44 ശതമാനം (1,61,669) എല്‍ഡിഎഫിനും 5.43 ശതമാനം (22,816) ബിജെപിക്കും ലഭിച്ചു. 2010ലെ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ ഇക്കുറി യുഡിഎഫ് വോട്ടില്‍ 5.79 ശതമാനം കുറവാണുണ്ടായത്. എല്‍ഡിഎഫിനു ലഭിച്ച വോട്ടില്‍ 1.9 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. ബിജെപി വോട്ടില്‍ 9.55 ശതമാനം വര്‍ധനയും. അഞ്ചു വര്‍ഷം മുമ്പത്തെ തിരഞ്ഞടുപ്പില്‍ ജില്ലാ പഞ്ചായത്തിലെ 16 ഡിവിഷനുകളില്‍ മൂന്നെണ്ണമാണ് എല്‍ഡിഎഫിനു കിട്ടിയത്.
ഇക്കുറി അഞ്ചു ഡിവിഷനുകളിലാണ് ഇടതു മുന്നണിക്ക് വിജയം. തിരുനെല്ലി, അമ്പലവയല്‍, പൊഴുതന, മീനങ്ങാടി, ചീരാല്‍ ഡിവിഷനുകളാണ് എല്‍ഡിഎഫിനു ലഭിച്ചത്. തവിഞ്ഞാല്‍, പനമരം, മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി, കണിയാമ്പറ്റ, തോമാട്ടുചാല്‍, മുട്ടില്‍, മേപ്പാടി, പടിഞ്ഞാറത്തറ, വെള്ളമുണ്ട, എടവക ഡിവിഷനുകളാണ് യുഡിഎഫിന്. മുസ്‌ലിം ലീഗ് ടിക്കറ്റില്‍ കണിയാമ്പറ്റ ഡിവിഷനില്‍ മല്‍സരിച്ച പി ഇസ്മായിലിനാണ് ജില്ലാ പഞ്ചായത്തിലേക്ക് വിജയിച്ചവരില്‍ ഏറ്റവും കുടൂതല്‍ ഭൂരിപക്ഷം.
3,775 വോട്ടിന്റെ ഭൂരിപക്ഷമാണ് അദ്ദേഹത്തിന്. ഡിവിഷനിലേക്ക് പോള്‍ ചെയ്തതില്‍ 11840 വോട്ട് കോണി അടയാളത്തില്‍ പതിഞ്ഞു. തൊട്ടടുത്ത എതിരാളി സിപിഎമ്മിലെ ഇ പി ഫിലിപ്പുകുട്ടിക്ക് 8,065 വോട്ട് ലഭിച്ചു. ഈ ഡിവിഷനില്‍ ജനവിധി നേടിയ ബിജെപി ജില്ലാ പ്രസിഡന്റ് കെ സദാനന്ദന്‍ 3,942 വോട്ട് നേടി. പുല്‍പ്പള്ളി പട്ടികവര്‍ഗ സംവരണ ഡിവിഷനില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മല്‍സരിച്ച അഡ്വ. ഒ ആര്‍ രഘുവിന്റേതാണ് ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം 80 വോട്ട്. പോള്‍ ചെയ്തതില്‍ 9,196 വോട്ട് രഘു നേടി.
തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥി സിപിഐയിലെ അനീഷ് ഭാസ്‌കരന് 9,116 വോട്ട് ലഭിച്ചു. ബിജെപി സ്ഥാനാര്‍ഥി തമ്പി കണ്ടാമല 4,756 വോട്ട് കരസ്ഥമാക്കി. ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകളിലും ഈ കണക്ക് ലഭ്യമാണ്.
ബിജെപി കൂടുതലായി വോട്ട് പിടിച്ച പ്രദേശങ്ങളിലെല്ലാം കുറഞ്ഞിട്ടുള്ളത് യുഡിഎഫ് വോട്ടുകളാണെന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്.
Next Story

RELATED STORIES

Share it