kozhikode local

പരപ്പന്‍പൊയിലില്‍ സിസിടിവി കാമറ മോഷണ ശ്രമം

താമരശ്ശേരി: അങ്ങാടില്‍ സ്ഥാപിച്ച സിസിടിവി കാമറയും അനുബന്ധ സാമഗ്രികളും മോഷ്ടിക്കാന്‍ ശ്രമം. പരപ്പന്‍പൊയില്‍ വാടിക്കലില്‍ രാത്രി കാലങ്ങളില്‍ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം രൂക്ഷമായതിനെ തുടര്‍ന്നാണ് അങ്ങാടിയില്‍ സ്ഥാപിച്ച സിസിടിവി കാമറ മോഷ്ടിക്കാന്‍ ശ്രമം നടത്തിയത്. രാഷ്ട്രീയ പാര്‍ട്ടികളുടെയും മത സംഘടനകളുടെയും കൊടിയും ബോര്‍ഡുകളും തകര്‍ക്കല്‍ നിത്യസംഭവമായതിനെ തുടര്‍ന്ന് സ്ഥാപിച്ച സിസിടിവി കാമറയും കംപ്യൂട്ടറും മോഷ്ടിക്കാനാണ് ശ്രമം നടന്നത്. കാരന്തൂര്‍ മര്‍ക്കസ് സമ്മേളനത്തിന്റെ ബോര്‍ഡുകള്‍ നശിപ്പിക്കുന്നവര്‍ സിസിടിവിയില്‍ കുടുങ്ങിയതിന് പിന്നാലെയാണ് കെട്ടിടത്തിന്റെ വാതില്‍ തകര്‍ത്ത് കാമറയും കംപ്യൂട്ടറും മോഷ്ടിക്കാന്‍ ശ്രമം നടന്നത്.പരപ്പന്‍പൊയില്‍ വാടിക്കല്‍ പ്രദേശത്ത് വിവിധ സംഘടനകളുടെ കൊടികളും ബോര്‍ഡുകളും നശിപ്പിക്കുന്നത് നിത്യ സംഭവമാണ്.ഇതിനെ തുടര്‍ന്ന് രാഷ്ട്രീയക്കാരും മത സംഘടനകളും പരസ്പരം പഴിചാരുകയും വാക്ക് തര്‍ക്കവും മറ്റും നടക്കുകയും ചെയ്തിരുന്നു. വാടിക്കല്‍ തച്ചംപൊയില്‍ റോഡിന് നാലര കോടി അനുവദിച്ച സര്‍ക്കാറിനും കാരാട്ട് റസാഖ് എംഎല്‍എക്കും അഭിവാദ്യം അര്‍പ്പിച്ചുകൊണ്ട് സ്ഥാപിച്ച ബോര്‍ഡ് അടുത്തിടെ ഭാഗികമായി നശിപ്പിച്ചു. നേരത്തെ എസ്‌വൈഎസ് സാന്ത്വന കേന്ദ്രത്തിന്റെ ബോര്‍ഡുകള്‍ നശിപ്പിക്കുകയും മറ്റൊരു സംഘടനയുടെ പേര് എഴുതി വെക്കുകയും ചെയ്തിരുന്നു. അങ്ങാടിയില്‍ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം നിത്യ സംഭവമായ സാഹചര്യത്തിലാണ് പോലിസിന്റെ നിര്‍ദേശ പ്രകാരം പ്രദേശത്ത് സിസിടിവി കാമറ സ്ഥാപിച്ചത്. കളത്തില്‍ അബ്ദുല്‍ മജീദിന്റെ ഉടമസ്ഥതയില്‍ അങ്ങാടിയിലുള്ള കെട്ടിടത്തിലാണ് കാമറയും കംപ്യൂട്ടറും സ്ഥാപിച്ചത്. കാരന്തൂര്‍ മര്‍ക്കസിന്റെ സമ്മേളന പ്രചാരണാര്‍ഥം സ്ഥാപിച്ച ബോര്‍ഡ് നശിപ്പിക്കുന്നത് കഴിഞ്ഞ ദിവസം സിസിടിവി കാമറയില്‍ പതിഞ്ഞിരുന്നു. എളേറ്റില്‍ വട്ടോളി ഭാഗത്തുനിന്നും സ്‌കൂട്ടറില്‍ എത്തിയ രണ്ടുപേരാണ് മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് ബോര്‍ഡ് കീറി യെടുക്കുന്നത്. പുലര്‍ച്ചെ മൂന്നേ കാലോടെയായിരുന്നു സംഭവം. ഹെല്‍മെറ്റ് ധരിച്ച് സ്‌കൂട്ടര്‍ ഓടിച്ചയാളാണ് ബോര്‍ഡ് കീറി എടുക്കുന്നത്. പിന്നീട് ഇയാള്‍ സ്‌കൂട്ടറിന്റെ പിന്നില്‍ കയറുകയും സ്‌കൂട്ടര്‍ പരപ്പന്‍പൊയില്‍ ഭാഗത്തേക്ക് ഓടിച്ച് പോവുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ പുറത്താവും മുമ്പാണ് സിസിടിവി കാമറ മോഷ്ടിക്കാന്‍ ശ്രമം നടന്നത്. മുറിയുടെ വാതില്‍ ചവിട്ടി പൊളിക്കാന്‍ ശ്രമിച്ചെങ്കിലും അകത്ത് കടക്കാന്‍ കഴിഞ്ഞിട്ടില്ല. പത്തിലേറെ ആളുകള്‍ റോഡില്‍ സംഘടിച്ച് നില്‍ക്കുന്നതിന്റെയും ഏതാനും ആളുകള്‍ കെട്ടിടത്തിലേക്ക് വരുന്നതിന്റെയും ദൃശ്യങ്ങള്‍ സി സിടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങള്‍ സഹിതം കെട്ടിട ഉടമ അബ്ദുല്‍ മജീദ് കൊടുവള്ളി പോലിസില്‍ പരാതി നല്‍കി. പ്രദേശത്ത് കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവരെ നിയമത്തിനു മുന്നില്‍ എത്തിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Next Story

RELATED STORIES

Share it