malappuram local

പരപ്പനങ്ങാടി ഒട്ടുമ്മലില്‍ സിപിഎം-മുസ്‌ലിംലീഗ് സംഘര്‍ഷം



പരപ്പനങ്ങാടി: മദ്്‌റസയോടുചേര്‍ന്ന് ഷെഡ് കെട്ടിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം സിപിഎം-മുസ്്‌ലിംലീഗ് സംഘര്‍ഷത്തില്‍ കലാശിച്ചു. സംഘര്‍ഷത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റും. പരപ്പനങ്ങാടി ഒട്ടുമ്മല്‍ കടപ്പുറത്താണ് ഇരുകൂട്ടരുടേയും തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചത്. ഒട്ടുമ്മലിലെ മദ്്‌റസയോട് ചേര്‍ന്ന സ്ഥലത്ത് ഒരു വിഭാഗം വിശ്രമിക്കാന്‍ ഷെഡ് കെട്ടിയിരുന്നു. ഇത് അധ്യാപകനായ പി ഹസ്സന്‍ കോയയുടെ കുടുംബം മദ്്‌റസയ്ക്ക് നല്‍കിയ സ്ഥലമാണന്ന വാദവുമായി മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ രംഗത്തെത്തി. എന്നാല്‍, ഇത് അംഗീകരിക്കാന്‍ മറുവിഭാഗം തയ്യാറായില്ല. പുറമ്പോക്ക് സ്ഥലമാണന്ന് മറുവിഭാഗം വാദിച്ചു. ഇവര്‍ക്കു പിന്നില്‍ സിപിഎം നില ഉറപ്പിച്ചതോടെ കൈയേറ്റത്തിന് രാഷ്ട്രീയ നിറം വന്നു. തര്‍ക്കത്തെ തുടര്‍ന്ന് ഇന്നലെ രാവിലെ റവന്യൂ അധികാരികള്‍ സ്ഥലം പോലിസ് സഹായത്തോടെ അളന്നതോടെ ഷെഡ് നില്‍ക്കുന്ന സ്ഥലം സ്വകാര്യ വ്യക്തിയുടേതാണന്ന് കണ്ടത്തി. ഇതോടെ ഇരുവിഭാഗത്തിന്റെയും പരസ്പരം പോര്‍വിളി കല്ലേറില്‍ കലാശിച്ചു. അക്രമത്തെ തുടര്‍ന്ന് താനൂര്‍ സിഐ പി അലവി, പരപ്പനങ്ങാടി എസ്‌ഐ ശമീര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് ഇരുകൂട്ടരേയും വിരട്ടിയോടിച്ചു. സംഘര്‍ഷത്തില്‍ മുസ്‌ലിംലീഗ് പ്രവര്‍ത്തകരായ പോക്കുവിന്റെ പുരക്കല്‍ അസ്‌ക്കര്‍ (30), പൊന്നക്കാരന്‍ നൗഫല്‍ (33) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. നേരത്തെ ലീഗിന്റെ ശക്തികേന്ദ്രമായ ഇവിടെ സിപിഎമ്മിന് സ്വാധീനം വര്‍ധിച്ചിരുന്നു. കഴിഞ്ഞ മുന്‍സിപ്പല്‍ തിരഞ്ഞടുപ്പോടെ ജനകീയ വികസന മുന്നണി ലേബലില്‍ ലീഗിനെതിരേ കോണ്‍ഗ്രസില്‍ നിന്നടക്കം സംഘടിച്ചിരുന്നു. ഇതോടെ ഏതു തര്‍ക്കവും രാഷ്ട്രീയപരമായി മാറാന്‍ തുടങ്ങി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചെറിയ തര്‍ക്കം വന്‍ കലാപത്തിന് വഴിമരുന്നിട്ടിരുന്നു. അന്ന് കോടിക്കണക്കിന് രൂപയുടെ നഷനഷ്ടങ്ങളുണ്ടായത്. സംഘര്‍ഷം പടരാതിരിക്കാന്‍ പോലിസ് ജാഗ്രതയിലാണ്.
Next Story

RELATED STORIES

Share it