kozhikode local

പയ്യോളി നഗരസഭാ ഭരണം എല്‍ഡിഎഫിന്

പയ്യോളി: നഗരസഭ ഭരണം എല്‍ഡിഎഫിന്. ചെയര്‍പേഴ്‌സണായി സിപിഎമ്മിലെ വി ടി ഉഷയെയും വൈസ് ചെയര്‍മാനായി ലോക് താന്ത്രിക് ജനതാദളിലെ കെ വി ചന്ദ്രനെയും തിരഞ്ഞടുത്തു. 16ന് എതിരേ 20 വോട്ടുകള്‍ നേടിയാണ് ഇരുവരും വിജയിച്ചത്. ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തിനായി കോണ്‍ഗ്രസ്സിലെ മഹിജ  എളോടിയും വൈസ് ചെയര്‍മാന്‍ സ്ഥാനത്തിനായി മുസ്‌ലിം ലീഗിലെ എ ടി  റഹ്മത്തുല്ലയുമാണ് മല്‍സരിച്ചത്.
വീരേന്ദ്രകുമാറിന്റെ ലോക് താന്ത്രിക് ജനതാദള്‍ ഇടത് പക്ഷത്തേക്ക് മാറിയതോടയാണ് പയ്യോളി നഗരസഭയില്‍ ഭരണമാറ്റം ഉണ്ടായത്. മുപ്പത്തൊന്ന് മാസത്തെ യുഡിഎഫ് ഭരണമാണ് ഇതോടെ അവസാനിച്ചത്. ഇന്നലെ രാവിലെ 11 മണിക്കാണ് നഗരസഭാ ഹാളില്‍ തിരഞ്ഞടുപ്പ് നടപടികള്‍ ആരംഭിച്ചത്. ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ കെ രാജീവ് റിട്ടേണിങ്ങ് ഓഫിസറായിരുന്നു.
ജൂണ്‍ 25 ന് എല്‍ഡിഎഫ് കൊണ്ട് വന്ന അവിശ്വാസ പ്രമേയം പാസായതോടെയാണ് അഡ്വ പി  കുല്‍സു ചെയര്‍പേഴ്‌സണായുള്ള യുഡിഎഫ് ഭരണത്തില്‍ നിന്നും പുറത്തായത്. 36 അംഗ ഭരണസമിതിയില്‍ നേരത്തെ സിപിഎമ്മിന് 13ഉം സിപിഐക്ക് ഒന്നും എല്‍ഡിഎഫ് സ്വതന്ത്രര്‍ മൂന്നും ആകെ 17 അംഗങ്ങളാണ് ഉണ്ടായിരുന്നത്.19 അംഗങ്ങളാണ് യുഡി എഫിന് ഉണ്ടായിരുന്നത്. കോണ്‍ഗ്രസിനും ലീഗിനും 8 പേര്‍ വിതവും ജനതാദള്‍ മൂന്നും അംഗങ്ങളാണ്.
ജനതാദള്‍ മൂന്ന് അംഗങ്ങള്‍ എല്‍ഡിഎഫിലേക്ക് മാറിയതോടെയാണ് ഭരണമാറ്റം സംഭവിച്ചത്. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പയ്യോളിയില്‍ ആഹ്ലാദ പ്രകടനവും പൊതുയോഗവും നടത്തി. സ്വീകരണ പൊതുയോഗം എല്‍ജെഡി സംസ്ഥാന വൈസ് പ്രസിഡന്റ് കെ ശങ്കരന്‍ ഉദ്ഘാടനം ചെയ്തു. പി ടി രാഘവന്‍ അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it