kannur local

പയ്യാമ്പലത്ത് വാതക ശ്മശാനത്തിനു 3.40 കോടി



കണ്ണൂര്‍: മൃതദേഹങ്ങള്‍ ദഹിപ്പിക്കാന്‍ കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള പയ്യാമ്പലം വൈദ്യുത ശ്മശാനത്തിനു പകരം പാചകവാതക ശ്മശാനത്തിനു പദ്ധതി. നിലവില്‍ ഉപയോഗരഹിതമായ വൈദ്യുത ശ്മശാനം മാറ്റി നാലു ചേംബറുകള്‍, സന്ദര്‍ശക ഗാലറി, ലാന്റ് സ്‌കേപ്പ് തുടങ്ങിയവ ഉള്‍പ്പെടുത്തി തയ്യാറാക്കിയ 3.40 കോടിയുടെ എസ്റ്റിമേറ്റ് പ്രാവര്‍ത്തികമാക്കാനുള്ള നടപടികള്‍ക്ക് കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കി. ഇതോടെ വര്‍ഷങ്ങളായി വിവാദത്തിലകപ്പെട്ട പയ്യാമ്പലത്തെ ശവദാഹം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സൗകര്യപ്രദമായി മാറും. ഭാവിവികസനം ലക്ഷ്യമിട്ടാണ് നാലു ചേംബറുകളും പൂന്തോട്ടവുമുള്ള പാചകവാതക ശ്മശാനത്തിനു വേണ്ടി എസ്റ്റിമേറ്റ് തയ്യാറാക്കിയത്. ആധുനിക സംവിധാനം എര്‍പ്പെടുത്തുന്നതോടെ മൃതദേഹം സംസ്‌കരിക്കുന്നതില്‍ പൊതുജനങ്ങള്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ടും പരിസ്ഥിതി പ്രശ്‌നങ്ങളും മലിനീകരണവും ഒഴിവാക്കാനാവുമെന്നാണു പ്രതീക്ഷ. ഇക്കാര്യം ആലോചിക്കാന്‍ ജനപ്രതിനിധികളുമായി ആലോചിച്ച് സംവിധാനങ്ങള്‍ ആവിഷ്‌കരിച്ച് ആറുമാസത്തിനകം പ്രൊജക്റ്റ് റിപോര്‍ട്ട് തയ്യാറാക്കി നടപ്പാക്കണമെന്ന് 2017 ജൂലൈ മൂന്നിനു ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തുറന്ന ചിത കാരണം പരിസരമലിനീകരണമുണ്ടെന്ന് കാണിച്ച് പയ്യാമ്പലം സ്വദേശി എന്‍ പി ശ്രീമതി സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു ഹൈക്കോടതി ഇടപെടല്‍. നിലവിലുള്ള വൈദ്യുത ശ്മശാനത്തില്‍ മൃതദേഹം വേണ്ടവിധം ദഹിക്കുന്നില്ലെന്നും പരിസ്ഥിതി മനിലീകരണത്തിനും ഇടയാക്കുന്നതായി വ്യാപക പരാതികളുയര്‍ന്നിരുന്നു. ഇതോടെയാണ്, പാചക വാതക ശ്മശാനം എന്ന ആലോചനയിലേക്ക് കോര്‍പറേഷന്‍ മുന്നോട്ടുപോയത്. നാലു മൃതദേഹങ്ങള്‍ ഒരേസമയം ദഹിപ്പിക്കാനാവുന്ന ശ്മശാനമാണ് പാചക വാതക ശ്മശാനമാണു ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തില്‍ ഒരു യൂനിറ്റ് ബയോഗ്യാസ് പ്ലാന്റ് ഉപയോഗിക്കും. ഇത് ഫലപ്രദമായാല്‍ശ്മശാനം പൂര്‍ണമായി ബയോഗ്യാസിലേക്കു മാറാനാണു പദ്ധതി.വര്‍ഷങ്ങള്‍ക്കൊടുവില്‍ യാഥാര്‍ഥ്യമായ വൈദ്യുതി ശ്മശാനം 2013ഓടെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചിരുന്നു. 2000 സെപ്തംബര്‍ 29ന് തുറന്നുകൊടുത്ത വൈദ്യുത ശ്മശാനത്തിന്റെ കെട്ടിടത്തിനും ഉപകരണങ്ങള്‍ക്കുമായി ഏതാണ്ട് 20 ലക്ഷം രൂപയാണു ചെലവായത്. പ്രവര്‍ത്തനം നിലച്ചതോടെ ലക്ഷങ്ങളാണു പാഴായത്. കോയമ്പത്തൂര്‍ ആസ്ഥാനമായുള്ള കമ്പനി നല്‍കിയ ഉപകരണങ്ങളെല്ലാം തുരുമ്പെടുത്തു നശിച്ചു. ഉപ്പുകാറ്റിനെ പ്രതിരോധിക്കാനുള്ള സാങ്കേതികമികവ് ഉപകരണങ്ങള്‍ക്കില്ലാത്തതാണു തിരിച്ചടിയായത്. ഒന്നര ഏക്കറോളം സ്ഥലമാണ് പയ്യാമ്പലം ശ്മശാനത്തിന്റേതായുള്ളത്. 12 ലക്ഷത്തോളം രൂപ ചെലവിട്ട് നിര്‍മിച്ച കെട്ടിടത്തിനു കാര്യമായ കേടുപാടുകളില്ലെങ്കിലും ശവദാഹത്തിനുള്ള വിറക് സൂക്ഷിക്കാനുള്ള ഇടമായി മാറുകയായിരുന്നു. നഗരകേന്ദ്രങ്ങളില്‍ ആധുനികശ്മശാനങ്ങള്‍ നിര്‍മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയിരുന്നു. ഇതിനു ബജറ്റില്‍ 10 കോടിയും വകയിരുത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് കണ്ണുര്‍ കോര്‍പറേഷന്‍ വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കി നടപടികള്‍ സ്വീകരിക്കണമെന്ന വിഷയം കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്ത് അംഗീകരിച്ചത്.
Next Story

RELATED STORIES

Share it