kannur local

പയ്യാമ്പലം പാര്‍ക്കിനെച്ചൊല്ലി കോര്‍പറേഷനില്‍ വാഗ്വാദം



കണ്ണൂര്‍: വിനോദനികുതി തര്‍ക്കത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയ പയ്യാമ്പലം പാര്‍ക്കിനെ ചൊല്ലി കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ വാഗ്വാദം. പൂര്‍ണമായും നിയമനടപടികള്‍ പാലിച്ചാണ് നടപടിയെന്ന സെക്രട്ടറിയുടെ വാദത്തിനു പൂര്‍ണപിന്തുണയുമായി ഭരണപക്ഷം രംഗത്തെത്തി. അതേസമയം, പാര്‍ക്കിലെ സ്ഥാപനങ്ങള്‍ അടച്ചിട്ടപ്പോള്‍ സമീപത്തെ സ്വകാര്യവ്യക്തിയുടെ ബങ്ക് കണ്ടില്ലെന്നു നടിക്കുകയാണെന്നു പ്രതിപക്ഷത്തെ ടി ഒ മോഹനന്‍ ആരോപിച്ചു. സംഭവത്തില്‍ കെടിഡിസി അധികൃതര്‍ കോര്‍പറേഷനുമായി ചര്‍ച്ചയ്ക്കു തയ്യാറായിട്ടുണ്ടെന്നും ഇതേക്കുറിച്ച് കൗണ്‍സിലിനെയും എല്ലാ പാര്‍ട്ടികളെയും അറിയിക്കുമെന്നും മേയര്‍ ഇ പി ലത പറഞ്ഞു. പയ്യാമ്പലം ശ്മശാനത്തിലെ ശവദാഹവുമായി ബന്ധപ്പെട്ട അജണ്ടയ്ക്കിടെയാണ് വിഷയം ഉയര്‍ന്നത്. നടത്തിപ്പുകാരനു നോട്ടീസ് നല്‍കിയതനുസരിച്ച് മറുപടി നല്‍കിയപ്പോള്‍ തന്നെ അടച്ചുപൂട്ടിയെന്നായിരുന്നു ടി ഒ മോഹനന്റെ വാദം. എന്നാല്‍, 20 വര്‍ഷമായി നഗരസഭയെയും കോര്‍പറേഷനെയും പറ്റിക്കുകയാണെന്നും കോര്‍പറേഷന്റെ ഭൂമിയിലുള്ള പാര്‍ക്ക് വിനോദപരിപാടി നടത്തുമ്പോള്‍ നല്‍കേണ്ട നികുതിയോ ആവശ്യമായ ലൈസന്‍സോ ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും എന്‍ ബാലകൃഷ്ണന്‍ പറഞ്ഞു. അടച്ചുപൂട്ടുക മാത്രമല്ല, നഷ്ടം ഈടാക്കണമെന്നും അദ്ദേഹം പറഞ്ഞു. തനിക്കുലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ വിശദപരിശോധനയ്്ക്കു ശേഷം, ആകാശത്തൊട്ടില്‍ ഉള്‍പ്പെടെ നിയമവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്നു മനസ്സിലാക്കിയാണ് അധികാരമുപയോഗിച്ച് പൂട്ടാന്‍ ഉത്തരവിട്ടതെന്നും സെക്രട്ടറി വിനയന്‍ മറുപടി നല്‍കി. ഉത്തരവ് അന്തിമമല്ലെന്നും അതിനെതിരേ അപ്പീല്‍ നല്‍കാമെന്നുമിരിക്കെ അങ്ങനെയൊരു ശ്രമം നടന്നതായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ, കോര്‍പറേഷന്റെ വിവിധ സ്ഥലങ്ങളിലെ അനധികൃത ബങ്കുകള്‍ക്കെതിരേ നടപടിയെടുക്കുന്നില്ലെന്ന ആക്ഷേപവുമുയര്‍ന്നു. ഇതിനിടെ, മേയര്‍ അടച്ചൂപൂട്ടിയ പാര്‍ക്ക് തുറന്നുകൊടുത്ത കൗണ്‍സിലര്‍ക്കെതിരേ നടപടി വേണമെന്ന ഭരണപക്ഷ കൗണ്‍സിലറുടെ പരാമര്‍ശം ബഹളത്തിനിടയാക്കി.  പെന്‍ഷന്‍ അപേക്ഷയില്‍ ഉദ്യോഗസ്ഥര്‍ കാലതാമസം വരുത്തുന്നതായും ഇതിനെതിരേ നടപടി വേണമെന്നും സി എറമുള്ളാന്‍ സബ്്മിഷനിലൂടെ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ഭൂമി-ഭവനരഹിതര്‍ക്കായുള്ള ലൈഫ് മിഷന്‍ പദ്ധതിയില്‍ ഗുണഭോക്താക്കളെ കണ്ടെത്താനുള്ള സര്‍വേ സംബന്ധിച്ച സര്‍ക്കുലര്‍ പൂഴ്ത്തിയെന്നും പദ്ധതി അട്ടിമറിക്കാന്‍ ശ്രമിച്ചെന്നും ആരോപിച്ച് പ്രതിപക്ഷം ബഹളംവച്ചു. രാഷ്ട്രീയ പരാമര്‍ശം കൂടിയായതോടെ ഇരുവിഭാഗവും തമ്മില്‍ വാക്കേറ്റം രൂക്ഷമായി. എന്നാല്‍ പദ്ധതി കുടുംബശ്രീ സംസ്ഥാന മിഷനെയാണ് ചുമതലപ്പെടുത്തിയതെന്നും സുതാര്യമാണെന്ന് ഉറപ്പുവരുത്താന്‍ നടപടിയെടുക്കാമെന്നും മേയര്‍ ഉറപ്പുനല്‍കി. കോര്‍പറേഷനിലെ കാലാവധി പൂര്‍ത്തിയായ ബങ്കുകളുടെ ലൈസന്‍സ് പുതുക്കിനല്‍കുമ്പോള്‍ നിശ്ചയിച്ച ഫീസ് വര്‍ധന കുറഞ്ഞുപോയെന്നും ചില ബങ്കുകള്‍ക്ക് മേല്‍വാടകയായി ഇതില്‍ കൂടുതല്‍ വാങ്ങുന്നുണ്ടെന്നും പ്രതിപക്ഷത്തെ കെ പി എപി സലീം പറഞ്ഞു. ഇതിനെ പ്രതിപക്ഷം അനുകൂലിക്കുകയും, 100, 200 ഇരട്ടിയായി വര്‍ധിപ്പിക്കുന്നതില്‍ സന്തോഷമാണെങ്കിലും നിയമാവലി പ്രകാരം 50 ശതമാനം മാത്രമേ പാടുള്ളൂവെന്നും ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷ് പറഞ്ഞു. ചര്‍ച്ചയില്‍ സി സമീര്‍, ധനേഷ്‌കുമാര്‍, ആര്‍ രഞ്ജിത്ത്, വെള്ളോറ രാജന്‍, എം പി ഭാസ്‌കരന്‍, എം പി മുഹമ്മദലി പങ്കെടുത്തു.
Next Story

RELATED STORIES

Share it