kannur local

പയ്യന്നൂര്‍ സംഘര്‍ഷം: സിപിഎം സൈബര്‍ സംഘത്തിന്റെ സൃഷ്ടിയെന്ന് ബിജെപി

കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകനെതിരേ ആക്രമണമെന്ന വ്യാജകഥയുണ്ടാക്കി പയ്യന്നൂര്‍ മേഖലയില്‍ സിപിഎം സംഘര്‍ഷം അഴിച്ചുവിടുകയാണെന്ന് ബിജെപി സംസ്ഥാന സെല്‍ കോ-ഓഡിനേറ്റര്‍ കെ രഞ്ജിത്തും ജില്ലാ പ്രസിഡന്റ് പി സത്യപ്രകാശും ആരോപിച്ചു.
കഴിഞ്ഞ ദിവസം പയ്യന്നൂരില്‍ ആര്‍എസ്എസ് ആക്രമിച്ചെന്ന പേരില്‍ സിപിഎം പ്രവര്‍ത്തകന്‍ ഷിനു(30)വിനെ  ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പ്രതികാരമെന്ന പേരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രജിത്തിനെ ആക്രമിച്ചു. ആരും ആക്രമിച്ചിട്ടില്ലെന്നാണു ചോദ്യം ചെയ്യലില്‍ ഷിനു പോലിസിനോടു പറഞ്ഞത്. സംഭവസമയം മുതല്‍ സിപിഎമ്മിന്റെ സൈബര്‍ പോരാളികള്‍ പ്രത്യാക്രമത്തിന് ആഹ്വാനം ചെയ്തിരുന്നു.
ആര്‍എസ്എസ് വിട്ട് ഷിനു സിപിഎമ്മില്‍ ചേര്‍ന്നതിന് പ്രതികാരമായാണു ആക്രമിച്ചതെന്നാണു സിപിഎം പ്രചരിപ്പിച്ചത്. എന്നാല്‍ ഷിനുവിന്റെ ഒരു സുഹൃത്ത് ആര്‍എസ്എസുകാരനായിരുന്നു. ഇതു മാത്രമാണ് ആര്‍എസ്എസുമായി ഇയാള്‍ക്കുള്ള ബന്ധം. കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്‍ സി വി ധനരാജിന്റെ രണ്ടാം വാര്‍ഷികം വരാനിരിക്കെ സംഘര്‍ഷത്തിന് തിരക്കഥയൊരുക്കുകയാണ്.
ഇതിന്റെ ഭാഗമായി സിപിഎം ഓഫിസുകള്‍ അവര്‍ തന്നെ ആക്രമിച്ച് ബിജെപിയുടെ മേല്‍ കെട്ടിവയ്ക്കും. അതിനാല്‍ സിപിഎം ഓഫിസുകള്‍ക്ക് പോലിസ് കാവല്‍ ഏര്‍പ്പെടുത്തണം. പയ്യന്നൂരിലെ സഹകരണ ആശുപത്രികള്‍ സിപിഎം ക്രിമിനലുകള്‍ക്ക് ഒത്താശ ചെയ്യുകയാണെന്നും ബിജെപി ആരോപിച്ചു.
Next Story

RELATED STORIES

Share it