kannur local

പയ്യന്നൂര്‍ മണ്ഡലത്തിലെ ഭൂ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവുന്നു



പയ്യന്നൂര്‍: പയ്യന്നൂര്‍ മണ്ഡലത്തിലെ ദീര്‍ഘകാലമായി പരിഹാരമാവാതെ കിടക്കുന്ന ഭൂപ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമാവുന്നു. സി കൃഷ്ണന്‍ എംഎല്‍എയുടെ ഇടപെടലിനെ തുടര്‍ന്ന് റവന്യൂവകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത ഉദ്യോഗസ്ഥരുടെ യോഗത്തിലെ തീരുമാനപ്രകാരം കണ്ണൂര്‍ ജില്ലാ ഡെപ്യൂട്ടി കലക്ടര്‍ വി പി മുരളീധരനെ പ്രശ്‌നപരിഹാരത്തിന് ചുമതലപ്പെടുത്തി. മാത്തില്‍, മാതമംഗലം, പെരിങ്ങോം, വെള്ളൂര്‍ എന്നിവിടങ്ങളില്‍ യോഗം വിളിച്ചുചേര്‍ത്തു. വില്ലേജ് ഉദ്യോഗസ്ഥരും സര്‍വേ അധികൃതരും ഭൂമി അളന്നു തിട്ടപ്പെടുത്തിയ പ്രകാരം ആലപ്പടമ്പ് വെളിച്ചംതോട്, കരക്കാട് മേഖലയില്‍ ദീര്‍ഘകാലമായി പട്ടയം ലഭിക്കാത്തവര്‍ക്ക് പട്ടയം നല്‍കാനും, വെള്ളോറ പുറവട്ടം കായപ്പൊയില്‍ പ്രദേശത്തെ നിര്‍ധന കുടുംബങ്ങള്‍ക്ക് പട്ടയവും അനുബന്ധരേഖകളും നല്‍കാനും തീരുമാനമായി. എരമം വില്ലേജിലെ നികുതിയൊടുക്കാത്തവരില്‍ അറുപതോളം പേര്‍ക്ക് നികുതി രശീതി നല്‍കും. തുടര്‍ന്ന് മറ്റുള്ളവരുടെ കാര്യം പരിഹരിക്കും. പെരിങ്ങോം ചിറ്റടി പ്രദേശവാസികള്‍ക്ക് പട്ടയം വിതരണം ചെയ്യും.  പെരിന്തട്ട വില്ലേജിലെ മുതലപ്പെട്ടിയിലെ പട്ടയം ലഭിച്ചിട്ടും ഭൂമി അളന്നുനല്‍കാത്തവര്‍ക്ക് ഭൂമി അളന്നു നല്‍കി നികുതി രശീതി നല്‍കും. വെള്ളൂര്‍ വില്ലേജിലെ കണ്ടോത്ത് കിഴക്കേ കൊവ്വല്‍ പ്രദേശത്തെ ഭൂപ്രശ്‌നവും പരിഹരിക്കും. മറ്റു പ്രദേശങ്ങളിലെ ഭൂപ്രശ്‌നവും പരിഹരിക്കാന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് പട്ടയങ്ങള്‍ 28ന് രാവിലെ 11ന് മാത്തില്‍ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ വിതരണം ചെയ്യും.
Next Story

RELATED STORIES

Share it