kannur local

പയ്യന്നൂര്‍ താലൂക്ക് യാഥാര്‍ഥ്യമായി; ഉല്‍സവഛായയില്‍ ഉദ്ഘാടനം

പയ്യന്നൂര്‍: സ്വാതന്ത്ര്യത്തോളം പഴക്കമുള്ള ആവശ്യമായിരുന്ന പയ്യന്നൂര്‍ താലൂക്ക് യാഥാര്‍ഥ്യമായതോ ടെ നാട്ടുകാര്‍ ഉല്‍സവലഹരിയില്‍. ആബാലവൃദ്ധം ജനങ്ങളുടെ പങ്കാളിത്തത്തോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ താലൂക്ക് ഉദ്ഘാടനം ചെയ്തു. ഏതു മാനദണ്ഡം വച്ചുനോക്കിയാലും വളരെ നേരത്തേ തന്നെ രൂപീകൃതമാവേണ്ടതായിരുന്നു പയ്യന്നൂര്‍ താലൂക്കെന്നും എന്നാല്‍ പല കാരണങ്ങളാല്‍ അത് നടപ്പാവാതെ പോവുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ ആവശ്യം തികച്ചും ന്യായമാണെന്ന് കണ്ടെത്തിയതിനാലാണ് പുതിയ സര്‍ക്കാര്‍ ഇതിന് മുന്തിയ പരിഗണന നല്‍കി നടപ്പാക്കിയത്. ജനങ്ങള്‍ക്ക് കൂടുതല്‍ ഉപകാരപ്രദമായ രീതിയില്‍ ഭരണസംവിധാനം ഒരുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പയ്യന്നൂരും കുന്നംകുളത്തും താലൂക്കുകള്‍ രൂപീകരിക്കാനുള്ള തീരുമാനം ഇതിന്റെ ഭാഗമാണ്. ഈ രംഗത്ത് കൂടുതല്‍ മാറ്റം ആവശ്യമാണ്. ക്രമേണ അവ സര്‍ക്കാര്‍ നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പയ്യന്നൂര്‍ ബോയ്‌സ് ഹൈസ്‌കൂള്‍ സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, പി കെ ശ്രീമതി എംപി, എംഎല്‍എമാരായ സി കൃഷ്ണന്‍, ടി വി രാജേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലി, സബ്കലക്ടര്‍ എസ് ചന്ദ്രശേഖരന്‍, നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ സി സത്യപാലന്‍, വി വി പ്രീത, ടി ലത, എഡിഎം ഇ മുഹമ്മദ് യൂസുഫ്, മുന്‍ എംഎല്‍എ പി ജയരാജന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, പാര്‍ട്ടി പ്രതിനിധികള്‍ സംസാരിച്ചു. പയ്യന്നൂര്‍ താലൂക്കിലെ ആദ്യ സര്‍ട്ടിഫിക്കറ്റ് വിതരണം അഡ്വ. ശശി വട്ടക്കൊവ്വലിന് നല്‍കി മുഖ്യമന്ത്രി നിര്‍വഹിച്ചു.
പെരിങ്ങോം വില്ലേജിലെ ചിറ്റടി കോളനിയിലെ 9പേര്‍ക്കുള്ള പട്ടയങ്ങള്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ വിതരണം ചെയ്തു. പുതിയ പയ്യന്നൂര്‍ താലൂക്കിന്റെ ഭൂപടം ജില്ലാ കലക്ടര്‍ പയ്യന്നൂര്‍ തഹസില്‍ദാര്‍ തുളസീധരന്‍ പിള്ളയ്ക്ക് നല്‍കി പ്രകാശനം ചെയ്തു. സംസ്ഥാനത്തെ ഏറ്റവും വലിയ താലൂക്കായ തളിപ്പറമ്പും കണ്ണൂര്‍ താലൂക്കും വിഭജിച്ചാണ് പയ്യന്നൂര്‍ താലൂക്ക് രൂപീകരിച്ചത്.
തളിപ്പറമ്പ് താലൂക്കിലെ രാമന്തളി, പയ്യന്നൂര്‍, വെള്ളൂര്‍, കോറോം, കരിവെള്ളൂര്‍, പെരളം, കാങ്കോല്‍, ആലപ്പടമ്പ്, എരമം, പെരുന്തട്ട, കുറ്റൂര്‍, വെള്ളോറ, പെരിങ്ങോം, വയക്കര, തിരുമേനി, പുളിങ്ങോം എന്നീ 16 വില്ലേജുകളും കണ്ണൂര്‍ താലൂക്കിലെ കുഞ്ഞിമംഗലം, മാടായി, ഏഴോം, ചെറുതാഴം, കടന്നപ്പള്ളി, പാണപ്പുഴ എന്നീ ആറ് വില്ലേജുകളും അടക്കം 22 വില്ലേജുകള്‍ ഉള്‍പ്പെട്ടതാണിത്. 513.52 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള താലൂക്കില്‍ 2011ലെ സെന്‍സസ് പ്രകാരം 3,50,836 ആണ് ജനസംഖ്യ. പയ്യന്നൂര്‍ മിനി സിവില്‍ സ്‌റ്റേഷന്‍ കെട്ടിടത്തിലാണ് പുതിയ താലൂക്ക് പ്രവര്‍ത്തനം തുടങ്ങിയത്.
Next Story

RELATED STORIES

Share it