kannur local

പയ്യന്നൂര്‍ ഉറ്റുനോക്കുന്നു; രണ്ടാമങ്കത്തിന് പിണറായിയെത്തുമോ

പയ്യന്നൂര്‍: തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പാട്ടുംപാടി ജയിക്കുന്ന മണ്ഡലമാണ് പയ്യന്നൂര്‍. റെക്കോഡ് ഭൂരിപക്ഷത്തോടെയാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിറ്റിങ് എംഎല്‍എയായ സി കൃഷ്ണന്‍ ജയിച്ചു കയറിയത്.
പിണറായി വിജയന്റെ ആദ്യ തിരഞ്ഞെടുപ്പ് പ്രവേശനത്തിനു സാക്ഷിയായ മണ്ഡലം ഇന്നും ഉറച്ച സിപിഎം കോട്ടയായി തന്നെ നിലകൊള്ളുന്നുണ്ട്. അതുകൊണ്ടു തന്നെ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനും മാസങ്ങള്‍ക്കു മുമ്പേ പയ്യന്നൂര്‍ ദേശത്തെ പ്രധാന സംസാരവും ഇതു തന്നെയായിരുന്നു.
രണ്ടാം അങ്കപ്പുറപ്പാടിന് വീണ്ടും വിജയന്‍ പയ്യന്നൂരിലെത്തും. ഇടതിനെ സംബന്ധിച്ചിടത്തോളം ഇത്രയും സുരക്ഷിത മണ്ഡലം ജില്ലയില്‍ വേറെയില്ല. എന്നാല്‍ സ്വന്തം മണ്ഡലമായ ധര്‍മടത്ത് വിജയന്‍ മല്‍സരിക്കുമെന്ന് പറയുമ്പോഴും സിപിഎമ്മിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് പയ്യന്നൂര്‍ ജനത. സിറ്റിങ് എംഎല്‍എയായ സി കൃഷ്ണന്‍ രംഗത്തില്ലെങ്കില്‍ ഏരിയ സെക്രട്ടറി കൂടിയായ ടി ഐ മധുസൂദനനാണു സാധ്യത.
മാടായി നിയോജകമണ്ഡലത്തിന്റെ ഭാഗമായിരുന്ന പയ്യന്നൂരില്‍ 1965ലാണ് ആദ്യ തിരഞ്ഞെടുപ്പിനെ നേരിട്ടത്. പയ്യന്നൂര്‍ നഗരസഭ, കാങ്കോല്‍-ആലപ്പടമ്പ്, കരിവെള്ളൂര്‍-പെരളം, രാമന്തളി, ചെറുപുഴ, എരമം-കുറ്റൂര്‍, പെരിങ്ങോം-വയക്കര എന്നീ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് പയ്യന്നൂര്‍ മണ്ഡലം. ചെറുപുഴ പഞ്ചായത്ത് ഒഴികെ മറ്റ് തദ്ദേശസ്ഥാപനങ്ങളെല്ലാം ഇടതു ഭരണത്തിന്‍ കീഴിലാണ്. സിപിഎം സ്ഥാനാര്‍ഥിയായി എ വി കുഞ്ഞമ്പുവും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ വി കെ കുഞ്ഞികൃഷ്ണന്‍ നായരുമാണ് ആദ്യ തിരഞ്ഞെടുപ്പിലെ പ്രധാന മുന്നണി സ്ഥാനാര്‍ഥികള്‍.
പന്ത്രണ്ടായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ അന്ന് എ വി കുഞ്ഞമ്പു വിജയിച്ചതോടെ ചരിത്രം വഴിമാറിയിട്ടില്ല. പിന്നീട് വന്ന രണ്ട് തിരഞ്ഞെടുപ്പിലും എ വി കുഞ്ഞമ്പു വിജയം ആവര്‍ത്തിച്ചു. 1977ല്‍ സുബ്രഹ്മണ്യ ഷേണായിലൂടെ വീണ്ടും ഇടത് കോട്ട ഭദ്രമായി. 82ല്‍ എം യു ഭഗവാനും, 87ലും 91ലും സി പി നാരായണനും പയ്യന്നൂര്‍ നിന്ന് സിപിഎം പ്രതിനിധിയായി നിയമസഭയിലേക്ക് വണ്ടികയറി. പിന്നീടിങ്ങോട്ട് ആരെയും പരീക്ഷിച്ച് വിജയിപ്പിക്കാനുള്ള ഇടതു കോട്ടയായി പയ്യന്നൂര്‍ ചുവക്കുകയായിരുന്നു.
96ല്‍ പിണറായി വിജയനെയും 2001ലും 2006ലും പികെ ശ്രീമതിയെയും നിയമസഭയിലെത്തിച്ചു. ഇതില്‍ നായനാര്‍ മന്ത്രിസഭയിലെ വൈദ്യുതിമന്ത്രിയായി പിണറായി വിജയനും വി എസ് മന്ത്രിസഭയിലെ ആരോഗ്യമന്ത്രിയായി ശ്രീമതിയും പയ്യന്നൂരിന്റെ ചരിത്രത്തില്‍ ഇടംപിടിച്ചു. മന്ത്രി സ്ഥാനം രാജിവച്ച് പാര്‍ട്ടി നേതൃസ്ഥാനത്തെത്തിയ വിജയന്‍ പിന്നീട് മല്‍സര രംഗത്തുണ്ടായില്ല.
1996ല്‍ 28,078 ഭൂരിപക്ഷത്തിലാണ് പിണറായിയെ പയ്യന്നൂര്‍ ജനത ജയിപ്പിച്ചത്. എന്നാല്‍ ഇക്കുറി വീണ്ടും അങ്കത്തിനു തയ്യാറെടുക്കുമ്പോള്‍ ഏറ്റവും സുരക്ഷിതമായ മണ്ഡലത്തില്‍ തന്നെയാവും പിണറായി മല്‍സരിക്കുക. സിറ്റിങ് എംഎല്‍എയായ സി കൃഷ്ണന്‍ 2011ല്‍ നേടിയ 32,124 എന്ന റെക്കോഡ് ഭൂരിപക്ഷം ആത്മവിശ്വാസം ഇരട്ടിയാക്കുന്നുണ്ട്. ഇതുകൊണ്ടു തന്നെ പിണറായിയെ പയ്യന്നൂരില്‍ മല്‍സരിപ്പിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
യുഡിഎഫ് ഭരണത്തിലേറിയ 2011ല്‍ കോണ്‍ഗ്രസിനു വേണ്ടി രംഗത്തിറങ്ങിയ യുവനേതാവ് അഡ്വ. ബ്രിജേഷ്‌കുമാറിനു ഭൂരിപക്ഷം കുറക്കാന്‍ പോലുമായില്ല. അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കാസര്‍കോഡ് പാര്‍ലിമെന്റ് മണ്ഡലത്തിന്റെ ഭാഗമായ പയ്യന്നീരിന്റെ ചില ഭാഗങ്ങളില്‍ യുഡിഎഫിന്റെ ടി സിദ്ദീഖ് പ്രതീക്ഷയേകുന്ന വോട്ടുകള്‍ നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് യുഡിഎഫ് ക്യാംപ്.
Next Story

RELATED STORIES

Share it