kannur local

പയ്യന്നൂരിലെ നവജാത ശിശു വില്‍പന: കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു

പയ്യന്നൂര്‍: പയ്യന്നൂര്‍ കേന്ദ്രീകരിച്ച് നടന്ന നവജാത ശിശുവില്‍പ്പനക്കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ഇതു സംബന്ധിച്ച കേസ് ഫയലുകള്‍ ഉത്തരമേഖല ഡിഐജിയുടെ നിര്‍ദേശപ്രകാരം ക്രൈംബ്രാഞ്ച് ഇക്കണോമിക് വിഭാഗം പയ്യന്നൂരിലെത്തി ഏറ്റെടുത്തു. പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. കെ പി ശ്യാമള, ഭര്‍ത്താവ് മുകുന്ദന്‍ നമ്പ്യാര്‍ എന്നിവരെ പ്രധാന പ്രതികളാക്കി അഞ്ചു നവജാതശിശു വില്‍പ്പന കേസുകളാണ് പയ്യന്നൂര്‍ പോലിസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഗൈനക്കോളജി ഡോക്ടര്‍ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രികളില്‍ ജോലിചെയ്യുന്ന കാലത്തും സ്വന്തം ക്ലിനിക്കില്‍വച്ചും നവജാത ശിശുക്കളെ വില്‍പ്പന നടത്തിയെന്നാണു കേസ്. കരിവെള്ളൂര്‍ സ്വദേശി രാജന്‍ സി നായരുടെ പരാതിയില്‍ നാലു കേസുകളും കോറോം മുതിയലത്തെ കെ പി മുരളീധരന്റെ പരാതിയില്‍ ഒരു കേസുമാണ് രജിസ്റ്റര്‍ ചെയ്തത്.

15ഓളം പേര്‍ പ്രതികളായ കേസില്‍ ശക്തമായ സാക്ഷിമൊഴികളും ദത്തെടുത്ത ദമ്പതികളുടെ ബന്ധുക്കള്‍ തന്നെ സാക്ഷികളായിട്ടും അന്വേഷണത്തില്‍ ലോക്കല്‍ പോലിസ് അലംഭാവം കാട്ടി. ഇതുസംബന്ധിച്ച് പരാതിക്കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെടുകയായിരുന്നു. എഡിജിപി ജില്ലാ പോലിസ് മേധാവിയോട് വിശദീകരണം തേടുകയും തുടര്‍ന്ന് റിപോര്‍ട്ട് നല്‍കുകയും ചെയ്തു. ഉത്തരമേഖലാ ഡിഐജിയുടെ നിര്‍ദേശപ്രകാരമാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.
ലോക്കല്‍ പോലിസിന്റെ അന്വേഷണ പരിധിക്കപ്പുറം സമീപ ജില്ലകളിലേക്കും പയ്യന്നൂരില്‍നിന്ന് നവജാത ശിശുക്കളെ വില്‍പ്പന നടത്തിയിട്ടുണ്ടെന്നും കേസില്‍ ഉന്നതതല അന്വേഷണം ആവശ്യമാണെന്നും തുടക്കം മുതല്‍ ആവശ്യമുയര്‍ന്നിരുന്നു. മറ്റൊരു ഏജന്‍സിക്ക് കേസ് കൈമാറിയത് സംബന്ധിച്ചു വിവരാവകാശ കമ്മീഷന്‍ ഡിഐജി ശ്രീജിത്ത് ബന്ധപ്പെട്ട കക്ഷികളില്‍നിന്നു മൊഴിയെടുത്തിരുന്നു.
മഹാദേവഗ്രാമം, തായിനേരി, ഏഴിലോട്, കോറോം, കാസര്‍കോട് ജില്ലയിലെ എളമ്പച്ചി എന്നിവിടങ്ങളിലെ ദമ്പതികള്‍ നവജാത ശിശുവിനെ പണം കൊടുത്ത് വാങ്ങിയെന്ന രാജന്‍ സി നായരുടെ പരാതിയില്‍ അന്നത്തെ നഗരസഭ ജനനമരണ രജിസ്ട്രാറെയും പ്രതിചേര്‍ത്താണ് പോലിസ് കേസെടുത്തത്. പരാതിക്കാരനായ രാജന്‍ സി നായര്‍ 2013 ഏപ്രിലില്‍ സാമൂഹികക്ഷേമ വകുപ്പിനു നല്‍കിയ പരാതിയില്‍ കേസെടുത്തിരുന്നു. 2014ല്‍ ആഗസ്തില്‍ പയ്യന്നൂര്‍ പോലിസ് നല്‍കിയ പരാതിയിലാണ് ആദ്യകേസ് രജിസ്റ്റര്‍ ചെയ്തത്. ക്രൈംബ്രാഞ്ച് ഇക്കണോമിക് വിഭാഗം ഡിവൈഎസ്പി സുനില്‍ബാബുവിനാണ് അന്വേഷണച്ചുമതല.
Next Story

RELATED STORIES

Share it