kannur local

പയ്യന്നൂരിലെ ക്ഷേത്ര ഭണ്ഡാരക്കവര്‍ച്ച: കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍

പയ്യന്നൂര്‍: പയ്യന്നൂരിലെയും പരിസര പ്രദേശങ്ങളിലെയും ക്ഷേത്രങ്ങളിലെ ഭണ്ഡാരങ്ങള്‍ കവര്‍ന്ന കേസില്‍ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍. പയ്യന്നൂര്‍ കാനായിയിലെ തിക്കില്‍ ബാബു എന്ന സുരേഷ് ബാബു(45)വിനെയാണ് പയ്യന്നൂര്‍ എസ്‌ഐ എന്‍ എം ബിജോയിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകീട്ട് 6.30ഓടെ പുതിയ ബസ് സ്റ്റാന്റിനടുത്തു നിന്നാണ് പിടികൂടിയത്. ഇക്കഴിഞ്ഞ 21, 22 തിയ്യതികളിലാണ് പയ്യന്നൂരിലെ രണ്ട് പ്രധാനക്ഷേത്രങ്ങളില്‍ കവര്‍ച്ച നടന്നത്.
ദേശീയപാതയോരത്ത് സ്ഥിതി ചെയ്യുന്ന വെള്ളൂര്‍ ശ്രീ കുടക്കത്ത് കൊട്ടണച്ചേരി ക്ഷേത്രത്തിലും എടാട്ട് ശ്രീ തൃക്കൈ മഹാവിഷ്ണു ക്ഷേത്രത്തിലുമാണ് അടുത്തടുത്ത ദിവസങ്ങളില്‍ കവര്‍ച്ച നടന്നത്. വെള്ളൂരില്‍ നിന്ന് മൂന്ന് ഭണ്ഡാരങ്ങളും എടാട്ട് അഞ്ച് ഭണ്ഡാരങ്ങളുമാണ് കവര്‍ന്നത്. ഇവിടുത്തെ വഴിപാട് കൗണ്ടറും കുത്തിത്തുറന്നിരുന്നു. എടാട്ടെ ക്ഷേത്രത്തിലെ സിസിടിവി കാമറയില്‍ ദൃശ്യം പതിഞ്ഞതാണ് മോഷ്ടാവിനെ തിരിച്ചറിയാനിടയാക്കിയത്. രണ്ട് ക്ഷേത്രങ്ങളിലെയും കവര്‍ച്ചകള്‍ പ്രതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി പോലിസ് പറഞ്ഞു. ക്ഷേത്ര ഭണ്ഡാരങ്ങളില്‍ നിന്നു കവര്‍ന്ന തുകയില്‍ വലിയ ഭാഗം കണ്ടെടുത്തു. അതേസമയം, ഏപ്രില്‍ ആറിന് കൈതപ്രം തൃക്കറ്റേരി ശ്രീ കൈലാസനാഥ ക്ഷേത്രത്തിലും കവര്‍ച്ച നടന്നിരുന്നു. ഇതിനു പിന്നിലും ഇയാള്‍ തന്നെയാണോ എന്നറിയാന്‍ പോലിസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. എടാട്ട് ക്ഷേത്രത്തിലെ ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് നാണയത്തുട്ടുകള്‍ അവിടെ തന്നെ ഉപേക്ഷിച്ച് കറന്‍സി നോട്ടുകളുമായി കടന്നുകളയുകയായിരുന്നു. സിസിടിവിയില്‍ പതിഞ്ഞ മോഷ്ടാവിനെ തിരിച്ചറിഞ്ഞതോടെ പിടികൂടാനുള്ള ഊര്‍ജിത ശ്രമത്തിലായിരുന്നു പോലിസ്. വീട്ടില്‍ നിരന്തരം പോലിസെത്തിയെങ്കിലും അവിടെ വരാറില്ലെന്നായിരുന്നു മറുപടി. ഇതിനിടെയാണ് കഴിഞ്ഞ ദിവസംവൈകീട്ട് തളിപ്പറമ്പില്‍ നിന്നു പയ്യന്നൂരിലേക്കുള്ള സ്വകാര്യ ബസ്സില്‍ ബാബു യാത്ര ചെയ്യുന്നുണ്ടെന്ന വിവരം പയ്യന്നൂര്‍ പോലിസിന് ലഭിച്ചത്.
ഇതേ ബസ്സില്‍ യാത്ര ചെയ്തിരുന്ന പോലിസുകാരനാണ് പ്രതിയെ തിരിച്ചറിഞ്ഞ് പയ്യന്നൂര്‍ പോലിസിന് വിവരം നല്‍കിയത്. ബസ് പയ്യന്നൂര്‍ പുതിയ ബസ്സ് സ്റ്റാന്റില്‍ എത്തിയപ്പോള്‍ പ്രതി ഇറങ്ങുകയും അവിടെ കാത്തുനില്‍ക്കുകയായിരുന്ന പോലിസ് പിടികൂടുകയുമായിരുന്നു. കുതറി മാറാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. നിരവധി കവര്‍ച്ചക്കേസുകളില്‍ പ്രതിയായ ഇയാള്‍ ഈ മാസം മൂന്നിനാണ് മറ്റൊരു കേസില്‍ ശിക്ഷ കഴിഞ്ഞ് ജയിലില്‍ നിന്നിറങ്ങിയതെന്ന് പോലിസ് പറഞ്ഞു. കൂടുതല്‍ ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും.
Next Story

RELATED STORIES

Share it