malappuram local

പയ്യനാട് റോഡ് വികസനം: നൂലാമാലകള്‍ക്ക് അറുതി; സ്ഥലമുടമകള്‍ക്ക് നല്‍കാന്‍ രണ്ടു കോടി അനുവദിച്ചു

ടിപി ജലാല്‍

മഞ്ചേരി: മഞ്ചേരി-ഒലിപ്പുഴ റോഡിലെ പയ്യനാട് ഭാഗത്ത് റോഡ് വീതികുട്ടുന്നതുമായി ബന്ധപ്പെട്ടുള്ള നൂലാമാലകള്‍ക്ക് ഒടുവില്‍ അറുതിയാവുന്നു. റോഡ് വികസനത്തിനായി ഏറ്റെടുക്കുന്ന 28 സെന്റ് സ്ഥലവും വീടുകളും നഷ്ടപ്പെടുന്ന ഉടമസ്ഥര്‍ക്ക് രണ്ട് കോടി രൂപ കഴിഞ്ഞ ദിവസം പൊതുമരാമത്ത് വകുപ്പ് അനുവദിച്ചു.
ഇതോടെ 14 വര്‍ഷത്തോളം നാട്ടുകാരും ഈ വഴിയുള്ള യാത്രക്കാരും അനുഭവിച്ച ദുരിതത്തിന് അന്ത്യമാവും. സര്‍ക്കാറില്‍ നിന്നു സ്ഥലത്തിന് 56 ലക്ഷവും വീട് പോവുന്നവര്‍ക്ക് സ്‌ക്വയര്‍ ഫീറ്റിന് 1000 രൂപയും നല്‍കാനുള്ളതിലേക്കാണ് ഇപ്പോള്‍ രണ്ട് കോടി അനുവദിച്ചിട്ടുള്ളത്. മൊത്തം സ്ഥലത്തിന് 84 ലക്ഷമാണ് നല്‍കാന്‍ തീരുമാനിച്ചത്. ബാക്കി 28 ലക്ഷം രൂപ പൊതുജനങ്ങളില്‍ നിന്നു സ്വരൂപിച്ച് നല്‍കാമെന്ന് സ്ഥലം എംഎല്‍എ എം ഉമ്മര്‍ ഉറപ്പുനല്‍കിയിരുന്നു. സര്‍ക്കാര്‍ നല്‍കാനുള്ള പണം അനുവദിച്ചാല്‍ വീടും സ്ഥലവും ഒഴിഞ്ഞു കൊടുക്കുമെന്ന് നേരത്തെ സ്ഥലമുടമകള്‍ അറിയിച്ചിരുന്നു. അതുകൊണ്ട് തന്നെ നഷ്ടപരിഹാരം വിതരണം ചെയ്യുന്നതോടെ തന്നെ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചേക്കും. മൊത്തം 13 പേരുടെ വീടുകള്‍ ഭാഗികമായും പത്ത് പേരുടെ സ്ഥലങ്ങളുമാണ് റോഡ് വികസനത്തിന് ഏറ്റെടുക്കുക.
അതേസമയം, ദീര്‍ഘകാലത്തെ പ്രവര്‍ത്തനത്തിനൊടുവിലാണ് ഇപ്പോള്‍ ഫണ്ട് പാസായതെന്ന് സ്ഥലം എംഎല്‍എ എം ഉമ്മര്‍ തേജസിനോട് പറഞ്ഞു. ഫണ്ട് അനുവദിക്കാനുള്ള ഗവണ്‍മെന്റ് ഓര്‍ഡര്‍ കലക്ടര്‍ക്ക് ലഭിച്ച ശേഷം നടപടികള്‍ വേഗത്തിലാക്കുകയാണ് ലക്ഷ്യം. അതിനു പുറമെ സെന്റിന് ഒരു ലക്ഷം വീതം നല്‍കാമെന്നേറ്റതിനുള്ള പ്രവര്‍ത്തനം തുടങ്ങും. ഇത് പാസാക്കിയെടുക്കുന്നതുവരെ ഒരു പാട് എതിരാളികളുണ്ടായെങ്കിലും താന്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും ഉമ്മര്‍ എംഎല്‍എ പറഞ്ഞു.
ആദ്യമായി സ്ഥലഉടമകളുടെ യോഗം വിളിച്ചത് എംഎല്‍എയായിരുന്നു.
Next Story

RELATED STORIES

Share it