malappuram local

പയ്യനാട് അപകടത്തിന് കാരണം ബസ് ഡ്രൈവറുടെ അശ്രദ്ധ

മലപ്പുറം: പയ്യനാട് വാഹനാപകടത്തിന് കാരണം ബസ് ഡ്രൈവറുടെ അശ്രദ്ധയും അപകടകരമായ ഡ്രൈവിങുമാണെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തി.
മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ സനല്‍കുമാറാണ് വിശദമായ അന്വഷണം നടത്തി ആര്‍ടിഒയ്ക്ക് റിപോര്‍ട്ട് നല്‍കിയത്.
സ്പീഡ് ഗവേണറിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി പ്രവര്‍ത്തനരഹിതമാക്കുന്ന ബൈപാസ് സ്വിച്ച് വാഹനത്തിന്റെ ഡാഷ് ബോഡില്‍ അനധികൃതമായി ഘടിപ്പിച്ചാതായി കണ്ടെത്തി.
ഗിയര്‍ബോക്‌സില്‍ നിന്ന് സ്പീഡോ മീറ്റര്‍ വഴി സ്പീഡ് ഗവര്‍ണറിലേക്കുള്ള വയറിനെ ലൂപ് ചെയ്ത് പ്രത്യേക സ്വിച്ച് കൊടുത്ത് ഡ്രൈവറുടെ ആവശ്യാനുസരണം സ്പീഡ് ഗവേണറിനെ പ്രവര്‍ത്തന രഹിതമാക്കുന്ന രീതിയാണ് കണ്ടെത്തിയത്. ഡ്രൈവര്‍ക്ക് സ്വിച്ച് ഓപറേറ്റ് ചെയ്താല്‍ സ്പീഡ് ഗവര്‍ണറിന്റെ പ്രവര്‍ത്തനം നിര്‍ത്താം.
അങ്ങനെ ബസ് അമിത വേഗത്തില്‍ ഓടിക്കാന്‍ സാധിക്കും. വാഹന പരിശോധനാ സമയത്ത് സ്പീഡ് ഗവേണര്‍ ഉണ്ടാവുമെങ്കിലും പ്രത്യക്ഷത്തില്‍ കാണാത്ത രീതിയിലാണ് ഡാഷ് ബോര്‍ഡില്‍ സ്വിച്ച് ഒളിപ്പിച്ചുവയ്ക്കുക. മോട്ടോര്‍ വാഹനചട്ടം 153 അനുസരിച്ച് വാഹനത്തിന്റെ പെര്‍മിറ്റ് സസ്‌പെന്റ് ചെയ്യാന്‍ റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ നോട്ടീസ് നല്‍കി. വാഹനത്തിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് റദ്ദുചെയ്യുമെന്നും ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നടപടി സ്വീകരിക്കുമെന്നും പയ്യനാട് ടൗണില്‍ ട്രാഫിക് ബ്ലോക്ക് ഒഴിവാക്കാനുള്ള മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടമാരുടെ നിര്‍ദേശം ജില്ലാ കലക്ടര്‍ക്ക് കൈമാറിയതായും ആര്‍ടിഒ എം ടി അജിത്കുമാര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it