kasaragod local

പയസ്വിനി പുഴയില്‍ ഉപ്പുവെള്ളം കയറി; വാട്ടര്‍ അതോറിറ്റി പമ്പിങ് നിര്‍ത്തി

കാസര്‍കോട്: കേരള വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈന്‍ വഴി വിതരണം ചെയ്തത് ഉപ്പ് വെള്ളം. ഇതേ തുടര്‍ന്ന് കഴിഞ്ഞ മൂന്ന് ദിവസമായി നഗരത്തിലേക്കുള്ള കുടിവെള്ള വിതരണം നിര്‍ത്തിവച്ചു. ഇതോടെ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ളത്തെ ആശ്രയിക്കുന്നവര്‍ ദുരിതത്തിലായി. വാട്ടര്‍ അതോറിറ്റിക്കായി പയസ്വിനി പുഴയിലെ ആലൂര്‍ മുനമ്പില്‍ നിര്‍മിച്ച താല്‍ക്കാലിക തടയണയില്‍ ചോര്‍ച്ച വന്നതോടെയാണ് പുഴയില്‍ ഉപ്പ് വെള്ളം കലര്‍ന്നത്.
കര്‍ണാടകയില്‍ ശക്തമായ വേനല്‍മഴ ലഭിച്ചതിനേ തുടര്‍ന്ന് പയസ്വിനി പുഴയില്‍ നീരൊഴുക്ക് വര്‍ധിച്ചിരുന്നു. ഇതോടെ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് 10 ലക്ഷം രൂപയിലധികം ചെലവില്‍ നിര്‍മിച്ച താല്‍ക്കാലിക തടയണ നിര്‍മാണത്തിലെ അപാകത മൂലം തകരുകയായിരുന്നു. ചന്ദ്രഗിരിപ്പുഴയില്‍ വേലിയേറ്റ സമയത്ത് ഉപ്പ് വെള്ളം കയറുകയും ഇത് വാട്ടര്‍ അതോറിറ്റി പമ്പിങിനെ ബാധിക്കുകയുമായിരുന്നു. വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ളത്തെ ആശ്രയിക്കുന്ന കാസര്‍കോട്ടെ ചില ഹോട്ടലുകള്‍ ഭക്ഷണം കഴിക്കാനെത്തിയവര്‍ക്ക് ഉപ്പ് വെള്ളമാണ് കുടിക്കാന്‍ നല്‍കിയത്.
എന്നാല്‍ ഉപ്പിന്റെ അംശം 200 പിപിഎം മാത്രമായിരുന്നുവെന്ന് വാട്ടര്‍ അതോറിറ്റി എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ തേജസി നോട് പറഞ്ഞു. ഉപ്പിന്റെ അംശം കുടിവെള്ളത്തില്‍ 1000 പിപിഎം വരെ വര്‍ധിച്ചാലും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇത് ശ്രദ്ധയില്‍ പെട്ടതോടെയാണ് വാട്ടര്‍ അതോറിറ്റി പമ്പിങ് നിര്‍ത്തി വച്ചത്. ബാവിക്കര പമ്പിങ്് സ്‌റ്റേഷന് സമീപത്തുള്ള കുട്ടിയാനം പുഴയില്‍ വാട്ടര്‍ അതോറിറ്റിക്ക് ജലം സംഭരിക്കാന്‍ താല്‍ക്കാലിക ഷട്ടര്‍ നിര്‍മിച്ചുവെന്നും ആവശ്യത്തിന് വെള്ളം സംരംഭിച്ചിരുന്നുവെന്നും ഇത് ഉപയോഗിച്ചാണ് കൊടുംവേനലിലും വാട്ടര്‍ അതോറിറ്റി ശുദ്ധജലം വിതരണം ചെയ്തതെന്നും അധികൃതര്‍ പറയുന്നു. ആലൂരിലെ തകര്‍ന്ന താല്‍ക്കാലിക ബണ്ട് പുനര്‍നിര്‍മിച്ച് വെള്ളം സംരംഭിച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിലും ഇടിമിന്നലിലും വൈദ്യുതി ബന്ധം തടസപ്പെട്ടതിനാല്‍ പമ്പിങ് നടത്താന്‍ കഴിഞ്ഞില്ലെന്നും ഇന്നു മുതല്‍ ജലവിതരണം കാര്യക്ഷമമാക്കുമെന്നും എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു. കഴിഞ്ഞ കാല്‍നൂറ്റാണ്ടിലേറേക്കാലമായി വാട്ടര്‍ അതോറിറ്റിക്ക് വേണ്ടി ആലൂര്‍ മുനമ്പില്‍ വര്‍ഷം തോറും ലക്ഷങ്ങള്‍ ചെലവഴിച്ച് താല്‍ക്കാലിക തടയണ നിര്‍മിക്കുകയാണ് പതിവ്. ക്രോസ് ബാര്‍ കം ബ്രിഡ്ജ് നിര്‍മിക്കാന്‍ രണ്ട് പതിറ്റാണ്ട് മുമ്പ് തറക്കല്ലിട്ടിരുന്നു.
ഇതിന്റെ പേരില്‍ കരാറുകാര്‍ കോടികള്‍ തട്ടിയെടുത്തതല്ലാതെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. വേനല്‍ കനത്തതോടെ വാട്ടര്‍ അതോറിറ്റിയെ ആശ്രയിക്കുന്നവര്‍ ഉപ്പ് വെള്ളം കുടിക്കേണ്ട അവസ്ഥയിലാണ്.
Next Story

RELATED STORIES

Share it