kozhikode local

പമ്പ്‌സെറ്റ് കേടായിട്ട് മാസങ്ങളായി; നന്നാക്കാന്‍ നടപടിയില്ല

മുക്കം: നൂറു കണക്കിന് കുടുംബങ്ങള്‍ക്കാശ്വാസമായ കുടിവെള്ള പദ്ധതിയുടെ പമ്പ് സെറ്റ് കേട് വന്ന് മാസങ്ങളായിട്ടും നന്നാക്കാന്‍ നടപടിയില്ലാത്തതിനെതിരേ പ്രതിഷേധം ശക്തമാവുന്നു. മുക്കം നഗരസഭയിലെ വാട്ടര്‍ അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള തോട്ടത്തിന്‍ കടവ് കെടിസി കുടിവെള്ള പദ്ധതിയാണ് അധികൃതരുടെ അനാസ്ഥയുടെ ഉത്തമ ഉദാഹരണമാവുന്നത്.
രൂക്ഷമായ കുടിവെള്ള ക്ഷാമമനുഭവിച്ച കഴിഞ്ഞ മാസങ്ങളിലെല്ലാം ഈ പമ്പ് സെറ്റ് പ്രവര്‍ത്തിച്ചിരുന്നില്ല. 3 മാസത്തോളമായി തകരാറിലായ പമ്പ് സെറ്റ് നന്നാക്കാന്‍ ഇതുവരെ നടപടിയായിട്ടില്ല. തോട്ടത്തിന്‍ കടവിലെ കുഴല്‍ കിണറില്‍ സ്ഥാപിച്ച പമ്പ് സെറ്റ് കഴിഞ്ഞ വര്‍ഷവും കേടുവന്നിരുന്നു.
ഇത് നന്നാക്കാന്‍ കഴിയില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചതോടെ പുതിയ കുഴല്‍കിണല്‍ കുഴിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം കുഴിച്ച കിണറിലെ പമ്പ് സെറ്റാണ് ഒരു വര്‍ഷത്തിനകം വീണ്ടും കേടായത്. ഇതോടെ ഇത് ഉദ്യോസ്ഥരും കരാറുകാരും തമ്മിലുള്ള ഒത്തു കളിയാണെന്നാരോപിച്ച് നാട്ടുകാര്‍ രംഗത്തെത്തി.
വേനപ്പാറ കോളനി, അയ്യപ്പന്‍ കുന്ന് കോളനി, പുത്തന്‍ മഠം തുടങ്ങിയ സ്ഥലങ്ങളിലെ 1500ലധികം കുടുംബങ്ങളാണ് ഈ പദ്ധതിയില്‍ നിന്നും കുടിവെള്ളം ഉപയോഗിച്ചിരുന്നത്. നിലവില്‍ നഗരസഭയും സന്നദ്ധ സംഘടനകളും വിതരണം ചെയ്യുന്ന വെളളമാണിവര്‍ക്കാശ്രയം. അധികൃതരുടെ അനാസ്ഥയില്‍ പ്രതിഷേധിച്ച് വാട്ടര്‍ അതോറിറ്റി ഓഫിസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് നാട്ടുകാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it