ernakulam local

പമ്പിങ് നിര്‍ത്തിവച്ചിട്ട് 18 വര്‍ഷം പിന്നിട്ടു

കാലടി: കാഞ്ഞൂര്‍ പഞ്ചായത്തിലെ 10-ാംവാര്‍ഡില്‍ കേരള ജലസേചന വകുപ്പ് ഇറിഗേഷന്‍ ഡിവിഷന്‍ എറണാകുളം, 300 ഓളം വീട്ടുകാര്‍ക്ക് കുടിവെള്ളത്തിനായി കൊണ്ടുവന്ന പദ്ധതി കഴിഞ്ഞ 18 വര്‍ഷം മുന്‍പ് ഉദ്ഘാടനം നിര്‍വഹിച്ച അന്നുതന്നെ നിര്‍ത്തിവയ്‌ക്കേണ്ടിവന്നു. ആറുപില്ലറുകളില്‍ 50 അടിയോളം ഉയരത്തില്‍ 400 ചതു. അടിയില്‍ ഒരു കൂറ്റന്‍ വാട്ടര്‍ ടാങ്ക് നിര്‍മിച്ചെങ്കിലും വെള്ളം പമ്പ് ചെയ്യുമ്പോള്‍ വാട്ടര്‍ ടാങ്ക് മൊത്തത്തില്‍ ആടി ഉലഞ്ഞതുമൂലം പമ്പിങ് നിര്‍ത്തിവച്ചിട്ട് 18 വര്‍ഷം കഴിഞ്ഞു. ഇതിനായി പെരിയാറിന്റെ തീരത്ത് ഒരു പമ്പ് ഹൗസ് സ്ഥാപിച്ചിട്ടുണ്ട്. ലക്ഷങ്ങള്‍ ചെലവാക്കിയിട്ടും ഇത് ജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞില്ല. വാട്ടര്‍ ടാങ്കിന്റെ നിര്‍മാണ സമയത്ത് അന്ന് നാട്ടുകാര്‍ പോരായ്മകള്‍ ചൂണ്ടിക്കാട്ടിയിട്ടും ആരും ശ്രദ്ധിച്ചില്ല. ഈ ടാങ്ക് സ്ഥിതി ചെയ്യുന്നതിന്റെ സമീപം രണ്ട് മൂന്ന് വീടുകളുണ്ട്. ഇതിന് സമീപത്തുകൂടിയാണ് ആളുകള്‍ സഞ്ചരിക്കുന്നത്. കൊച്ചുകുട്ടികള്‍ കളിക്കുന്നതും ഇതിന് സമീപത്താണ്. ഏതു സമയത്തും ടാങ്ക് മറിഞ്ഞുവീഴുമെന്ന ആശങ്കയിലാണ് സമീപ വാസികള്‍. പല പരാതികളും നിവേദനങ്ങളും നല്‍കിയിട്ടും നാളിതുവരെ ഒരു പ്രയോജനവും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാരുടെ പരാതി. 1999 ലാണ് ഈ കുടിവെള്ള പദ്ധതി ഇവിടെ തുടക്കം കുറിച്ചത്. ഇതിനുശേഷം മൂന്നു വട്ടം പഞ്ചായത്ത് ഭരണസമിതി മാറി മാറി അധികാരത്തില്‍ വന്നു. മഴക്കാലം മാറിയതോടെ ഈ പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷമായി തുടങ്ങി. അപകടാവസ്ഥയിലെ ഈ ടാങ്ക് അടിയന്തിരമായി നീക്കം ചെയ്ത് ജീവന് സംരക്ഷണം നല്‍കണമെന്നും പുതിയൊരു ടാങ്ക് നിര്‍മ്മിച്ച് ഈ പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നും ബിജെപി കാഞ്ഞൂര്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ബിനു വൈപുംമഠം, ജനറല്‍ സെക്രട്ടറി ടി.എന്‍ അശോകനും ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it