Alappuzha local

പമ്പാ നദി: സംരക്ഷണ പദ്ധതികള്‍ ലക്ഷ്യത്തിലെത്തുന്നില്ല

ഹരിപ്പാട്: ചരിത്രമുറങ്ങുന്ന പമ്പാനദിയെ സംരക്ഷിക്കാന്‍ പല പദ്ധതികളും സര്‍ക്കാര്‍ ഏറ്റെടുത്ത് നടത്തുന്നുണ്ടെങ്കിലും പലപദ്ധതികളും വെള്ളത്തിലാകുന്ന അവസ്ഥയിലാണ്. സംസ്ഥാന സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ രൂപീകരിച്ച പമ്പാനദീതട അതോറിറ്റി പമ്പയുടെ സംരക്ഷണത്തിനായി 300കോടി രൂപ അനുവദിച്ചിരുന്നു ഇതില്‍ നിന്നും 20കോടിരൂപയുടെ പദ്ധതികള്‍ മാത്രമേ നാളിതുവരെ നടന്നിട്ടുള്ളു.
എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനപോരായ്മ മുന്നില്‍കണ്ട് കേന്ദ്രസര്‍ക്കാരിന്റെ പാര്‍ട്ടിയുടെ സംസ്ഥാനഘടകം നിയമസഭതെരഞ്ഞെടുപ്പ് മുന്നില്‍ നിര്‍ത്തികേന്ദ്രസര്‍ക്കാരിനെകൊണ്ട് കോടിക്കണക്കിന് രൂപയുടെ സംരക്ഷണപദ്ധതികള്‍ നടപ്പാക്കാന്‍ പോകുന്നു. രാഷ്ട്രീയനിറം ചാര്‍ത്തി പമ്പയുടെ വെള്ളത്തെ കാവിയാക്കാനുള്ള ശ്രമം പുണ്യനദിയോടുള്ള അവഹേളനം മാത്രമാണെന്ന് പ്രകൃതി സ്‌നേഹികകള്‍ കുറ്റപ്പെടുത്തുന്നു. കേന്ദ്രത്തില്‍ നിന്നും വകുപ്പ് മന്ത്രിയും ഉന്നതോദ്യോഗസ്ഥരും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പദ്ധതിപ്രദേശങ്ങള്‍ സന്ദര്‍ശിക്കുമെന്നാണ് അറിയുന്നത്. സന്ദര്‍ശന ശേഷം കേന്ദ്രസര്‍ക്കാരും കോടിക്കണക്കിനുരൂപ പമ്പയുടെ സംരക്ഷണത്തിനുവേണ്ടി അനുവദിക്കുമെന്ന് അനുമാനിക്കാം.മേജര്‍ നദിപോലുമല്ലാത്ത പമ്പാനദിയെ കേന്ദ്രസര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് പറയുന്നതിന്റെ രാഷ്ട്രീയ നിറം എന്തെന്ന് സംരക്ഷണസമിതി നേതാക്കള്‍ ചോദിക്കുന്നു. പതിറ്റാണ്ടുകള്‍ക്ക് മുന്‍പേ രാജ്യത്തെ പ്രധാനപ്പെട്ട നദികളെ പരസ്പരം ബന്ധിപ്പിക്കുന്ന പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചിരുന്നു.
പ്രധാനമായും ഉത്തരേന്ത്യന്‍ നദികളെ ദക്ഷിണേന്ത്യന്‍ നദികളുമായി ബന്ധപ്പിക്കുന്നതിനാണ് പ്രാധാന്യം നല്‍കിയിരുന്നത്. മഞ്ഞുപാളികള്‍ പ്രധാന ജലസ്രോതസ്സായിരുന്ന ഗംഗ, ബ്രഹ്മപുത്ര തുടങ്ങിയ വര്‍ഷം മുഴുവന്‍ വെള്ളമൊഴുകുന്ന നദികളെ വേനല്‍ ബാധിക്കുന്ന നദികളുമായി ബന്ധിപ്പിച്ചാല്‍ രാജ്യം മുഴുവന്‍ എല്ലാകാലത്തും വെള്ളമുണ്ടാകുമെന്ന കണക്കുകൂട്ടലുമായിരുന്നു ഇതിനു പിന്നില്‍. ഇതുവഴി വരള്‍ച്ചയുടെ രൂക്ഷതകുറയ്ക്കാനും കാര്‍ഷികോത്പ്പാദനം കൂട്ടാനും കഴിയും രാജ്യം സമൃദ്ധിയില്‍ എത്തുമെന്നും പ്രതീക്ഷിച്ചിരുന്നു. ഇതുനുവേണ്ടി ആയിരക്കണക്കിന് കോടിരൂപ ചെലവാക്കിയെങ്കിലും ഫലപ്രാപ്തിയിലെത്തിയില്ല.ശബരിമല, ആറന്മുളവള്ളംക്കളി, മാരാമണ്‍കണ്‍വന്‍ഷന്‍, ചെറുകോല്‍പ്പുഴ കണ്‍വന്‍ഷന്‍ എന്നിവയുടെ പ്രാധാന്യം ഉള്‍ക്കൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നെന്നാണ് ബി.ജെ.പിയുടെ അഭിപ്രായം 250ലേറെ അരുവികളും തോടുകളും പമ്പയില്‍ ചേരുന്നുവെന്നാണ് കണക്ക്.
വീയപുരത്തുനിന്നും പമ്പാനദി പിന്നെയൊഴുകി വേമ്പനാട്ടുകായലില്‍ പതിച്ച് സ്വയം ഇല്ലാതാകുമ്പോഴും പമ്പാനദി പലകൈവഴികളായി പിരിഞ്ഞുമാറും. ദേശീയതലത്തില്‍ 20000 ച:കി.മീ. കൂടുതല്‍ നീര്‍വാഴ്ച പ്രദേശമുള്ള നദികളെ മാത്രമേ മേജര്‍ നദിയായി കണക്കാക്കുകയുള്ളു.നീര്‍വാഴ്ച പ്രദേശം 2000ച:കി.മീ. നും 20000ച:കി.മീ.നും ഇടയ്ക്കാണെങ്കില്‍ മീഡിയം നദിയെന്നും 2000ച:കി.മീ.ന് താഴെയാണെങ്കില്‍ മൈനര്‍ നദിയായും കണക്കാക്കും.
കേരളത്തില്‍ മേജര്‍ നദികള്‍ ഒന്നുതന്നെയില്ലെന്ന്പറയാം. കേരളത്തിലെ ഏറ്റവും വലിയപുഴകളായ ഭാരതപ്പുഴ, പമ്പ, പെരിയാര്‍, ചാലിയാര്‍ എന്നിവ ദേശീയമാനദണ്ഡമനുസരിച്ച് മീഡിയം നദികളില്‍ഉള്‍പ്പെട്ടിരിക്കുന്നു. ബാക്കിയുള്ള 40നദികളും മൈനര്‍നദികളുടെ പട്ടികയില്‍പ്പെടും. കേരളത്തിലെ 44 നദികളില്‍ 244 കി:മീ: നീളമുള്ള പെരിയാര്‍ 209കി:മീ: നീളമുള്ള ഭാരതപ്പുഴ 196 കി:മീ: നീളമുള്ള പമ്പാനദി എന്നിവ യഥാക്രമം 1, 2, 3 സ്ഥാനങ്ങള്‍ നീളത്തില്‍ കൈവരിക്കുന്ന നദികളാണ്. പുണ്യനദികളില്‍ ഒന്നായ പമ്പാനദിയെ സംരക്ഷിക്കുകയെന്നതാണ് ലക്ഷ്യം. ദിനംപ്രതി മലിനമായിക്കൊണ്ടിരിക്കുകയാണ് പമ്പാനദി.
അനധികൃതമണല്‍വാരല്‍ പമ്പാനദിയുടെ സന്തുലനാവസ്ഥക്ക് മാറ്റംവരുത്തി ഒപ്പംഅനധികൃതകൈയേറ്റങ്ങളും, പാടശേഖരങ്ങളില്‍ നിന്നും പുറംതള്ളുന്ന കീടനാശിനികള്‍ ഗുരുതരമായ മലിനീകരണത്തിന് കാരണമാകുന്നുണ്ട്. പമ്പയെ ആശ്രയിക്കുന്ന വന്‍കിടകുടിവെള്ള പദ്ധതികളും വെള്ളത്തിന്റെ അളവില്‍ കുറവുവരുത്തും. സമുദ്രതീരത്തോടടുക്കുമ്പോള്‍ ഫോസ്‌ഫേറ്റുകള്‍, സള്‍ഫേഡുകള്‍, അമോണിയം, ഫഌറൈഡുകള്‍ എന്നിവയുടെ സാന്നിധ്യം മലിനീകരണത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്. ഈ ഘടകങ്ങള്‍ പരിശോധിച്ചുവേണം പദ്ധതികള്‍ നടപ്പാക്കാന്‍. ദീര്‍ഘവീക്ഷണത്തോടെ പദ്ധതികള്‍ നടപ്പാക്കാന്‍ ശ്രമിച്ചാല്‍ പൊതുഖജനാവില്‍ നിന്നും ഇറക്കുന്ന കോടിക്കണക്കിന് രൂപയുടെ പ്രയോജനം നാടിനും നാട്ടാര്‍ക്കും ഉണ്ടാകുമെന്നാണ് പ്രദേശവാസികളുടെ പ്രതീക്ഷ .
Next Story

RELATED STORIES

Share it