Pathanamthitta local

പമ്പാനദിയുടെ മലിനീകരണം കുറയ്ക്കാന്‍;  അഞ്ചു കോടി രൂപയുടെ കേന്ദ്രസഹായം

പത്തനംതിട്ട: പമ്പാനദിയുടെ മലിനീകരണം കുറയ്ക്കാന്‍ അഞ്ചു കോടി രൂപയുടെ കേന്ദ്രസഹായം. ദേശീയനദി സംരക്ഷണ പ്ലാനിന്റെ ഭാഗമായി ഗ്രാന്റ്‌സ് ഇന്‍ എയ്ഡ് ഇനത്തിലാണ് തുക അനുവദിക്കുന്നത്. മലിനീകരണം കുറയ്ക്കാന്‍ കഴിഞ്ഞ മാര്‍ച്ചില്‍ തയാറാക്കിയ പദ്ധതിയുടെ 70 ശതമാനം കേന്ദ്രസര്‍ക്കാര്‍ നല്‍കുമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ പിന്നീട് ഇത് 50 ശതമാനമായി കുറച്ചു.
അടുത്ത മാര്‍ച്ചിനു മുമ്പ് പദ്ധതി പൂര്‍ത്തീകരിക്കണമെന്നും നിര്‍ദേശമുണ്ട്. പമ്പാനദിയെ ദേശീയ നദി സംരക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2001ല്‍ കേന്ദ്രസര്‍ക്കാര്‍ ഫണ്ട് അനുവദിച്ചിരുന്നു. 320 കോടി രൂപയുടെ പദ്ധതി അംഗീകരിക്കുകയും ആദ്യഘട്ടത്തിന് പണം അനുവദിക്കുകയും ചെയ്തു. 70 ശതമാനം കേന്ദ്രസര്‍ക്കാരും 30 ശതമാനം സംസ്ഥാന സര്‍ക്കാരും വഹിക്കണമെന്നതായിരുന്നു അന്നത്തെയും വ്യവസ്ഥ. 18.45 കോടി രൂപയുടെ ആദ്യഘട്ടത്തിനാണ് പണം നല്‍കിയത്. 12.90 കോടി രൂപ കേന്ദ്രസഹായമായി ലഭിച്ചു. ഈ ഫണ്ട് യഥാസമയം വിനിയോഗിച്ച് റിപോര്‍ട്ട് നല്‍കുന്നതിലും തുടര്‍ന്നുള്ള പദ്ധതി പ്രവര്‍ത്തനങ്ങളുടെ റിപോര്‍ട്ട് നല്‍കാതിരുന്നതും തടസമായി. കേന്ദ്ര സര്‍ക്കാര്‍ തുടര്‍ന്ന് പദ്ധതിക്ക് സഹായം നല്‍കിയില്ല. പമ്പയുടെ ഉത്ഭവകേന്ദ്രം മുതല്‍ നദി അവസാനിക്കുന്ന കുട്ടനാട് വരെയുള്ള പ്രദേശങ്ങളിലെ തദ്ദേശസ്ഥാപനങ്ങളെ കൂടി പങ്കാളിയാക്കിയാണ് പദ്ധതി തയ്യാറാക്കിയിരുന്നത്.
നദിയുടെ ശുചീകരണവും സംരക്ഷണവുമായിരുന്നു പ്രധാനമായി നിര്‍ദേശിച്ചിരുന്നത്. പദ്ധതി ഏറ്റെടുത്തു നടത്തുന്നതു സംബന്ധിച്ച സംസ്ഥാന സര്‍ക്കാരിലെ വകുപ്പുകള്‍ തമ്മിലുണ്ടായ തര്‍ക്കവും പദ്ധതിക്ക് തടസമായി. കേന്ദ്രസഹായം വിനിയോഗിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ജലഅതോറിറ്റിയെയാണ് ഏല്പിച്ചത്. 2003 നവംബര്‍ എട്ടിന് നോഡല്‍ ഏജന്‍സിയെ ചുമതലപ്പെടുത്തി ഉത്തരവുണ്ടായി. ഒന്നാംഘട്ടത്തിലെ 11 പദ്ധതികളില്‍ ഏഴെണ്ണം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ചുമതലയിലും നാലെണ്ണം ജലസേചനവകുപ്പും പമ്പയില്‍ പൂര്‍ത്തീകരിച്ചു.
ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കും തുക മാറ്റിവച്ചിരുന്നു. എന്നാല്‍ ഇതാദ്യമായി കേരളത്തിലെ ഒരു നദിയെ ദേശീയ നദി സംരക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഫണ്ട് അനുവദിച്ചപ്പോഴും ഇതു നടപ്പാക്കുന്നതില്‍ സംസ്ഥാനത്തു വീഴ്ചയുണ്ടായി.
ഇതോടെ പദ്ധതി നിലച്ചു. തുടര്‍ന്ന് ഇതു പുനരുജ്ജീവിപ്പിക്കുന്നതിലേക്ക് കേന്ദ്രത്തിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഇപ്പോള്‍ ലഭ്യമാവുന്ന പണത്തിന്റെ വിനിയോഗത്തിലും നിര്‍വഹണ ഏജന്‍സിയെ വ്യക്തമാക്കിയിട്ടില്ല. നദിയുടെ ശോച്യാവസ്ഥയ്ക്കു പരിഹാരം കാണാനും ശബരിമലയും പമ്പയുമായുള്ള ബന്ധം കണക്കിലെടുത്തുമാണ് പദ്ധതിക്ക് അംഗീകാരം ലഭിച്ചിരിക്കുന്നത്.
Next Story

RELATED STORIES

Share it