പമ്പയില്‍ ബെയ്‌ലി പാലം നിര്‍മാണംകേന്ദ്രത്തിന്റെ വിശദീകരണം തേടി

കൊച്ചി: പ്രളയം തകര്‍ത്ത പമ്പയില്‍ ബെയ്‌ലി പാലങ്ങള്‍ നിര്‍മിക്കുന്ന കാര്യത്തില്‍ ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം തേടി. പ്രളയത്തെത്തുടര്‍ന്ന് ശബരിമല, നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളിലുണ്ടായ നാശനഷ്ടങ്ങള്‍ പരിഹരിച്ച് കന്നിമാസ പൂജയ്ക്കു മുമ്പ് തീര്‍ത്ഥാടനം പുനസ്ഥാപിക്കാന്‍ ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ എം മനോജ് നല്‍കിയ റിപോര്‍ട്ടിന്റെയടിസ്ഥാനത്തിലാണ് ഹൈക്കോടതി വിശദീകരണം തേടിയത്.
കക്കി ഡാം തുറന്നുവിട്ടതിനെത്തുടര്‍ന്നുണ്ടായ പ്രളയത്തില്‍ പമ്പയിലുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് സര്‍ക്കാരിനോടു വിശദീകരണം തേടിയ ഡിവിഷന്‍ ബെഞ്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, റവന്യൂ, പോലിസ്, വനം വകുപ്പുകളെയും ബിഎസ്എന്‍എല്‍, കെഎസ്ഇബി, കെഎസ്ആര്‍ടിസി, കേരള വാട്ടര്‍ അതോറിറ്റി എന്നിവരെ കക്ഷിചേര്‍ക്കാനും നിര്‍ദേശിച്ചു. പ്രളയത്തെത്തുടര്‍ന്ന് പമ്പയുടെ ഭൂമിശാസ്ത്രം തന്നെ മാറിയെന്നും പുഴ ഗതിമാറിയൊഴുകിയെന്നും റിപോര്‍ട്ടില്‍ പറയുന്നു. പമ്പയില്‍ നിലവിലുള്ള പാലങ്ങള്‍ ഉപയോഗിക്കാനാവുന്നില്ലെങ്കില്‍ മൂന്ന് ബെയ്‌ലി പാലങ്ങള്‍ നിര്‍മിക്കേണ്ടിവരും. ചരക്ക് ഗതാഗതത്തിനായി ഒരു പാലവും തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കാല്‍നടയായി സഞ്ചരിക്കാന്‍ രണ്ട് പാലവും വേണ്ടിവരും. ഇതിനായി സര്‍ക്കാര്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയവുമായി ചര്‍ച്ചനടത്തേണ്ടതുണ്ടെന്നും റിപോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്നാണ് ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് ദേവസ്വം ബെഞ്ച് തേടിയത്.
ബന്ധപ്പെട്ട വകുപ്പുകളും ശബരിമല മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കാനുള്ള ഉന്നതാധികാര സമിതിയും ഒരുമിച്ച് യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചാലേ അടുത്ത മാസപൂജയോടെ സുരക്ഷിതമായ തീര്‍ത്ഥാടനം ഉറപ്പുവരുത്താനാവൂ. അടുത്ത നവംബര്‍ 16ന് തുടങ്ങുന്ന മണ്ഡല, മകരവിളക്കിന് മുമ്പ് ശബരിമലയില്‍ തകര്‍ന്ന അടിസ്ഥാന സൗകര്യങ്ങള്‍ പുനസ്ഥാപിക്കണമെന്നും ശബരിമല കമ്മീഷണര്‍ നല്‍കിയ റിപോര്‍ട്ടില്‍ പറയുന്നു.

Next Story

RELATED STORIES

Share it