Pathanamthitta local

പമ്പയില്‍ ജല അതോറിറ്റിയുടെ കിയോസ്‌ക് ശുദ്ധജല വിതരണ പദ്ധതി

പത്തനംതിട്ട: പമ്പയില്‍ ജല അതോറിറ്റി അത്യാധുനിക റിവേഴ്‌സ് ഓസ്‌മോസിസ് പ്ലാന്റ് സ്ഥാപിച്ച് കിയോസ്‌കുകളിലൂടെ ശുദ്ധജല വിതരണം ആരംഭിക്കുന്നു. പ്രതിദിനം 24,000 ലിറ്റര്‍ ശുദ്ധജലം പ്ലാന്റ് വഴി വിതരണം ചെയ്യും. ശബരിമലയില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു സംരംഭം ആരംഭിക്കുന്നത്.
ജല അതോറിറ്റിയുടെ പമ്പ സെക്ഷന്‍ ഓഫിസ് പരിസരത്ത് സ്ഥാപിച്ചിരിക്കുന്ന പ്ലാന്റില്‍ നിന്നും പൈപ്പുകള്‍ സ്ഥാപിച്ച് കൂടുതല്‍ കിയോസ്‌കുകള്‍ വഴി തീര്‍ഥാടകര്‍ക്ക് കുടിവെള്ള വിതരണം നടത്താന്‍ സാധിക്കും. ഈ പ്ലാന്റിലേക്ക് പമ്പാ നദിയിലെ സ്‌നാനഘട്ടത്തിനു മുകളിലുള്ള ചെക്ക് ഡാമില്‍ നിന്നും എടുക്കുന്ന ജലം പല തലത്തിലുള്ള അരിപ്പകളിലൂടെ കടത്തിയും റിവേഴ്‌സ് ഓസ്‌മോസിസ് പ്രക്രിയ നടത്തിയശേഷം അള്‍ട്രാവയലറ്റ് രശ്മികള്‍ വഴി പൂര്‍ണ്ണമായും അണുവിമുക്ത മാക്കിയുമാണ് വിതരണം ചെയ്യുന്നത്. സെന്‍ട്രല്‍ പൊതുജന ആരോഗ്യ പരിസ്ഥിതി എന്‍ജിനീയറിങ് ഓര്‍ഗനൈസേഷനും ലോക ആരോഗ്യ സംഘടനയും നിഷ്‌കര്‍ഷിക്കുന്ന നിലവാരത്തിലുള്ള കുടിവെള്ളം പമ്പയിലുള്ള കേരളാ വാട്ടര്‍ അതോറിറ്റിയുടെ തന്നെ അത്യാധുനിക ലബോറട്ടറിയില്‍ കര്‍ശന പരിശോധന നടത്തിയശേഷമാണ് വിതരണം ചെയ്യുന്നത്.
ജില്ലാ കലക്ടര്‍ എസ് ഹരികിഷോറും വാട്ടര്‍ അതോറിറ്റി മാനേജിങ് ഡയറക്ടര്‍ അജിത് പാട്ടീല്‍ ഭഗവത്‌റാവുവുമാണ് നേതൃത്വം നല്‍കിയത്. പ്ലാന്റ് സ്ഥാപിക്കുന്നതിന് 24 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയിരുന്നു. റിവേഴ്‌സ് ഓസ്‌മോസിസ് കിയോസ്‌ക് വഴി ഉന്നതനിലവാരമുള്ള കുടിവെള്ളം വിതരണം ചെയ്യുന്നതിലൂടെ പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം നിയന്ത്രിക്കുകയാണ് ലക്ഷ്യം. ജല അതോറിറ്റി സംസ്ഥാന പദ്ധതിയില്‍പെടുത്തി നാല് പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം നാളെ വൈകീട്ട് 3.30 ന് മന്ത്രി പി ജെ ജോസഫ് നിര്‍വഹിക്കും.
Next Story

RELATED STORIES

Share it