Pathanamthitta local

പമ്പയിലെ വെള്ളപ്പൊക്കം: സമയോചിത ഇടപെടല്‍ ആളപായം ഒഴിവാക്കി

ശബരിമല: പമ്പയില്‍ ബുധനാഴ്ച വൈകീട്ട് പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് സമയോചിത ഇടപെടലിലൂടെ വന്‍ ദുരന്തം ഒഴിവാക്കാനായി. ജില്ലാ ഭരണകൂടം, പോലിസ്, ഫയര്‍ ഫോഴ്‌സ്, മോട്ടോര്‍ വാഹന വകുപ്പ്, ദേവസ്വം ബോര്‍ഡ് എന്നിവയും പമ്പയിലുണ്ടായിരുന്ന ഭക്തര്‍ ഉള്‍പ്പടെയുള്ളവരും ആളപായമുണ്ടാവാതിരിക്കാന്‍ കൂട്ടായ പ്രവര്‍ത്തനം നടത്തി.
ഉള്‍വനത്തില്‍ വൃഷ്ടി പ്രദേശത്തുണ്ടായ കനത്ത മഴയെ തുടര്‍ന്ന് ഒഴുകിയെത്തിയ ജലം ത്രിവേണി പാര്‍ക്കിങ് സ്ഥലത്ത് വെള്ളപ്പൊക്കമുണ്ടാക്കി. നിരവധി വാഹനങ്ങളില്‍ വെള്ളം കയറി. പമ്പയില്‍ സ്‌നാനം പാടില്ലെന്ന് മൈക്ക് അനൗണ്‍സ്‌മെന്റിനു പുറമെ പോലിസ്, ശുചിത്വ സേനാംഗങ്ങള്‍, ഫയര്‍ഫോഴ്‌സ് തുടങ്ങിയവര്‍ ഭക്തരെ സ്‌നാനത്തിനു വിടാടെ തടയുകയും ചെയ്തു. ട്രാക്ടര്‍ കൊണ്ടുവന്ന് വാഹനങ്ങള്‍ കെട്ടിവലിച്ച് മാറ്റി. സന്നിധാനത്ത് നിന്ന വാഹന ഉടമകളെ അറിയിച്ച് വാഹനങ്ങള്‍ നീക്കാന്‍ നടപടിയെടുത്തു. ആളെത്താതിരുന്ന 30ഓളം വാഹനങ്ങള്‍ ഒഴുകാതിരിക്കാന്‍ വടമിട്ട് കെട്ടി. അയ്യപ്പന്‍മാര്‍ പമ്പയിലേക്കെത്താതിരിക്കാന്‍ പത്തനംതിട്ട, നിലയ്ക്കല്‍, എരുമേലി എന്നിവിടങ്ങളില്‍ അറിയിപ്പ് കൊടുത്തു. സന്നിധാനത്തു നിന്നും തിരികെ വന്നുകൊണ്ടിരിക്കുന്നവരെ പമ്പയിലെ സ്ഥിതി അറിയിച്ച് വരാതിരിക്കാന്‍ നിര്‍ദേശം നല്‍കി. പമ്പയില്‍ ഭക്തരെത്താത്ത അവസ്ഥയില്‍ സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിനും അപകടം ഒഴിവാക്കുന്നതിനും സാധിച്ചു. ഒന്നര മണിക്കൂര്‍ ഉയര്‍ന്നുനിന്ന ജലനിരപ്പ് രാത്രി 9.30ന് ശേഷമാണ് താഴ്ന്നത്.
തുടര്‍ന്ന് തൊഴുതിറങ്ങിയ അയ്യപ്പന്മാരെ ആദ്യം പമ്പ കടത്തിവിട്ടു. പിന്നീട് വിവിധ ഭാഗങ്ങളിലായി കാത്തുനിന്നവരെ പമ്പയിലേക്ക് വരാന്‍ പോലീസ് നിര്‍ദേശം നല്‍കി. ഉയര്‍ന്ന ജലനിരപ്പില്‍ ഒഴുകിപ്പോയ രണ്ട് വാഹനങ്ങള്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ശ്രമകരമായി വടംകെട്ടി കരയിലേക്ക് കയറ്റി. പമ്പാ, നിലയ്ക്കല്‍ യൂണിറ്റുകള്‍ക്കുപുറമെ പത്തനംതിട്ട യൂണിറ്റിലെയും അഗ്നിശമന സേന രക്ഷാ പ്രവര്‍ത്തനത്തിനെത്തി. രക്ഷാപ്രവര്‍ത്തനം നടത്തിയ ഒരു ഫയര്‍ഫോഴ്‌സ് ജീവനക്കാരന് കുപ്പിച്ചിച്ച് തുളഞ്ഞുകയറി പരിക്കേറ്റു. പമ്പയില്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ചെയ്തിരുന്ന കായംകുളം ഫയര്‍ സ്റ്റേഷനിലെ ഫയര്‍മാന്‍ സജേഷിനാണ് പരിക്കേറ്റത്.
മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ കേടായ വാഹനങ്ങള്‍ 20 മെക്കാനിക്കുകള്‍ ഇടപെട്ട് ശരിയാക്കി. ഇതിനായി ഇന്നലെ ചക്കുപാലം ഒന്നില്‍ പ്രത്യേക കൗണ്ടര്‍ തുറന്നിരുന്നു. 22 വാഹനങ്ങള്‍ അറ്റകുറ്റപ്പണി നടത്തി. വെള്ളംകയറി സ്റ്റാര്‍ട്ടാകാതിരുന്ന അഞ്ച് വാഹനങ്ങള്‍ റിക്കവറി വാനില്‍ കയറ്റി വര്‍ക്ക്‌ഷോപ്പുകളിലേക്ക് മാറ്റി. ഇന്നലെ പുലര്‍ച്ചെ മൂന്നുവരെ സജ്ജരായി നിന്ന വിവിധ വിഭാഗം രക്ഷാസംഘത്തിന് ജില്ലാ കലക്ടര്‍ എസ് ഹരികിഷോര്‍, അസിസ്റ്റന്റ് കലക്ടര്‍ വി ആര്‍ പ്രേംകുമാര്‍, ഡി.ജി.പി ടി പി സെന്‍കുമാര്‍, എഡിജിപി കെ പത്മകുമാര്‍, ദുരന്ത നിവാരണം ഡപ്യൂട്ടി കലക്ടര്‍ ടി വി സുഭാഷ് എന്നിവര്‍ നിര്‍ദേശങ്ങള്‍ നല്‍കി. പമ്പാ പോലീസ് സ്‌പെഷ്യല്‍ ഓഫിസര്‍ തോംസണ്‍ ജോസ്, അസിസ്റ്റന്റ് സ്‌പെഷ്യല്‍ ഓഫീസര്‍ വിനോദ്കുമാര്‍, അഗ്നിശമന സേനാ സ്‌പെഷ്യല്‍ ഓഫീസര്‍മാരായ ബൈജു, ശിവദാസന്‍, സേഫ് സോണ്‍ നോഡല്‍ ഓഫീസര്‍ സുനില്‍ ബാബു എന്നിവരും ദ്രുതകര്‍മസേന, ശുചിത്വ സേനാംഗങ്ങള്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
Next Story

RELATED STORIES

Share it