പമ്പയിലെ മണല്‍ നീക്കംചെയ്യല്‍നയപരമായ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

കൊച്ചി: പ്രളയത്തിനു ശേഷം പമ്പയില്‍ അടിഞ്ഞുകൂടിയ മണല്‍ നീക്കം ചെയ്യുന്നത് സംബന്ധിച്ചു നയപരമായ തീരുമാനമെടുക്കണമെന്നു സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. കക്കി ഡാം തുറന്നുവിട്ടതിനെത്തുടര്‍ന്നുണ്ടായ പ്രളയത്തില്‍ പമ്പയിലുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ എം മനോജ് സമര്‍പ്പിച്ച റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു ഡിവിഷന്‍ ബെഞ്ച്.
ഈ മണല്‍ പ്രകൃത്യാ ഉള്ള ശേഖരമാണെന്നാണ് വനംവകുപ്പ് പറയുന്നതെന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വനംവകുപ്പിന്റെ നിലപാട് പ്രഥമദൃഷ്ട്യാ അംഗീകരിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. നാലു കിലോമീറ്ററോളം ദൂരത്തില്‍ 10 അടി പൊക്കത്തിലാണ് മണല്‍ അടിഞ്ഞുകൂടിയിരിക്കുന്നത്. നദി വഴിമാറി ഒഴുകുക വരെയുണ്ടായി. ഒരു ചെറിയ പ്രകോപനമുണ്ടായാല്‍ പോലും പമ്പ വഴിമാറിയൊഴുകാന്‍ സാധ്യതയുണ്ട്. അതിനാല്‍, സര്‍ക്കാര്‍ ബന്ധപ്പെട്ട എല്ലാ കക്ഷികളുടെയും അഭിപ്രായം അറിഞ്ഞ് നയപരമായ തീരുമാനം എടുക്കണം.
തീരുമാനമെടുത്ത് വ്യാഴാഴ്ച അറിയിക്കണമെന്നും ഉത്തരവില്‍ കോടതി വ്യക്തമാക്കി.
Next Story

RELATED STORIES

Share it