പബ്ലിക് പ്രോസിക്യൂട്ടര്‍ക്കെതിരേ വിജിലന്‍സ് ഡയറക്ടര്‍ പരാതി നല്‍കി

തിരുവനന്തപുരം: ബാര്‍കോഴ കേസ് പ്രോസിക്യൂട്ടര്‍ കെ പി സതീശനെതിരേ വിജിലന്‍സ് ഡയറക്ടര്‍ എന്‍ സി അസ്താന ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് പരാതി നല്‍കി. കേസ് അട്ടിമറിച്ചതാണെന്ന സതീശന്റെ പ്രസ്താവന കോടതിയലക്ഷ്യമാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
എല്‍ഡിഎഫ് സര്‍ക്കാര്‍ വന്ന ശേഷം കേസില്‍ നിയമിച്ച പബ്ലിക് പ്രോസിക്യൂട്ടറാണ് കെ പി സതീശന്‍. കേസ് തുടരാമെന്നാണ് താന്‍ നല്‍കിയ നിയമോപദേശമെന്നും പിന്നീട് കേസ് എങ്ങനെ അട്ടിമറിച്ചു എന്നുള്ളത് അറിയില്ലെന്നുമായിരുന്നു കെ പി സതീശന്റെ വിവാദ പ്രസ്താവന.
ബാര്‍ കോഴ ക്കേസില്‍ കെ എം മാണിയെ മൂന്നാമതും കുറ്റവിമുക്തനാക്കികൊണ്ട് കഴിഞ്ഞ അഞ്ചിന് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ വിജിലന്‍സ് സംഘം റിപോര്‍ട്ട് നല്‍കിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു സതീശന്റെ പ്രതികരണം. അതിനിടെ ബാര്‍ കോഴക്കേസില്‍ ബാഹ്യഇടപെടലുകള്‍ ഉണ്ടായെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി കെ പി സതീശന്‍ വ്യക്തമാക്കി. തനിക്കെതിരേ വിജിലന്‍സ് നടപടി സ്വീകരിച്ചാല്‍ നിയമപരമായി നേരിടും. കോടതിയലക്ഷ്യം താന്‍ കാണിച്ചിട്ടില്ല. ഒരു കോടതിയും ബാര്‍ കോഴക്കേസ് ചര്‍ച്ചചെയ്യരുതെന്ന് ഉത്തരവ് ഇറക്കിയിട്ടില്ലെന്നും വിജിലന്‍സ് ഡയറക്ടര്‍ തെറ്റിധരിപ്പിച്ചതാകാമെന്നും സതീശന്‍ പറഞ്ഞു.
ബാര്‍കോഴയില്‍ മുന്‍ ധനമന്ത്രിയായ കെ എം മാണിക്ക് വിജിലന്‍സ് ക്ലീന്‍ ചീറ്റ് നല്‍കിയ നടപടിയോട് യോജിപ്പില്ല. മാണിക്കെതിരേ മതിയായ തെളിവുകള്‍ ഉണ്ടെന്നും അദ്ദേഹത്തിനെതിരേ അന്വേഷണം തുടരേണ്ടതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it