Flash News

പന്‍സാരെ വധം : പ്രതിക്ക് ജാമ്യം



കോലാപൂര്‍: കമ്മ്യൂണിസ്റ്റ് നേതാവ് ഗോവിന്ദ് പന്‍സാരെയെ വധിച്ച കേസിലെ പ്രതി സമിര്‍ ഗെയ്ക്്‌വാദിന് കോടതി ജാമ്യം അനുവദിച്ചു. സനാതന്‍ സംസ്ഥ അനുഭാവിയായ ഗെയ്ക്‌വാദ് പാസ്‌പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ആഴ്ചയിലൊരിക്കല്‍ പോലിസ് സ്റ്റേഷനില്‍ ഹാജരാവണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.25,000 രൂപയുടെ വ്യക്തിഗത ജാമ്യത്തില്‍ ഗെയ്ക്‌വാദിനെ വിട്ടയക്കാനാണ് ജില്ലാ സെഷന്‍സ് ജഡ്ജി എല്‍ ഡി ബിലെ ഉത്തരവിട്ടത്. ഗെയ്ക്‌വാദ് കോലാപൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നത് കോടതി തടഞ്ഞു. മഹാരാഷ്ട്ര വിടുന്നതിനും നിയന്ത്രണമുണ്ട്.2015 ഫെബ്രുവരി 15ന് പ്രഭാതസവാരി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ്് പന്‍സാരെക്കും ഭാര്യക്കും വെടിയേറ്റത്. അഞ്ചു ദിവസത്തിനു ശേഷം പന്‍സാരെ കോലാപൂര്‍ ആശുപത്രിയില്‍ മരിച്ചു. 2015 സപ്തംബര്‍ 15നാണ് ഗെയ്ക്‌വാദ് അറസ്റ്റിലായത്. സംശയാസ്പദമായ ടെലിഫോണ്‍ സംഭാഷണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഇതിനു മുമ്പ് രണ്ടുതവണ ഇദ്ദേഹത്തിന് കോടതി ജാമ്യം നിഷേധിച്ചിരുന്നു. ഗെയ്ക്‌വാദിന്റെ ജാമ്യാപേക്ഷയെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഹര്‍ഷദ് നിംബാല്‍കര്‍ എതിര്‍ത്തിരുന്നു. ജാമ്യത്തില്‍ വിട്ടാല്‍ ഗെയ്ക്‌വാദ് സാക്ഷികളില്‍ സമ്മര്‍ദം ചെലുത്തുകയോ ഒളിവില്‍ പോവുകയോ ചെയ്യുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.കേസില്‍ 2015 ഡിസംബറിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കഴിഞ്ഞ ദിവസം അനുബന്ധ കുറ്റപത്രവും സമര്‍പ്പിച്ചു.
Next Story

RELATED STORIES

Share it