പന്ന്യന് മറുപടിയുമായി തച്ചങ്കരിയുടെ കത്ത്

പത്തനംതിട്ട: കെഎസ്ആര്‍ടിസി സിഎംഡി ടോമിന്‍ ജെ തച്ചങ്കരിക്കെതിരേ ആരോപണം ഉന്നയിച്ച സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന് മറുപടിയുമായി തച്ചങ്കരിയുടെ കത്ത്. പന്ന്യന്‍ തന്നെ വ്യക്തിപരമായി ആക്ഷേപിെച്ചന്നും സ്വഭാവഹത്യ നടത്തിയെന്നും തച്ചങ്കരി കത്തില്‍ ചൂണ്ടിക്കാട്ടുന്നു. എംഡി വാടകവണ്ടി വാങ്ങിയത് കമ്മീഷന്‍ വാങ്ങാനാണെന്നും പല സ്ഥലങ്ങളിലും മുങ്ങിപ്പൊങ്ങി കെഎസ്ആര്‍ടിസിയില്‍ എത്തിയയാളാണ് തച്ചങ്കരിയെന്നും പന്ന്യന്‍ ആരോപിച്ചിരുന്നു.
ഇക്കാര്യങ്ങളില്‍ തെളിവുകള്‍ പുറത്തുവിടണമെന്നും അല്ലാത്തപക്ഷം നിയമം അനുവദിച്ചിട്ടുള്ള മാര്‍ഗങ്ങള്‍ തേടുമെന്നും തച്ചങ്കരി വ്യക്തമാക്കുന്നു. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുന്ന കോര്‍പറേഷന്റെ മേധാവിയായി അങ്ങുകൂടി ഉള്‍പ്പെട്ട എല്‍ഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ചപ്പോള്‍ ചില ആജ്ഞകൂടി നല്‍കിയിരുന്നു. അതാണ് ഇപ്പോള്‍ നടപ്പാക്കുന്നത്. എംഡി ആയതിനു ശേഷം വാടകവണ്ടി എടുത്തിട്ടില്ല. പിന്നെ എങ്ങനെ കമ്മീഷന്‍ വാങ്ങും. സര്‍ക്കാര്‍ നയമല്ല എംഡി നടപ്പാക്കുന്നതെങ്കില്‍ അത് ഉന്നയിക്കേണ്ടത് പൊതുയോഗ പ്രസംഗത്തിലല്ല, എന്നെ നിയോഗിച്ച അങ്ങയുടെ പാര്‍ട്ടി ഉള്‍പ്പെട്ട സര്‍ക്കാര്‍ സംവിധാനത്തിലാണ്. ഇത്തരം ആരോപണങ്ങള്‍ക്കു വിധേയനായി 45000ഓളം വരുന്ന ജീവനക്കാരെയും സ്ഥാപനത്തെയും നയിക്കാന്‍ കഴിയില്ല. ഏതെങ്കിലും ആരോപണങ്ങള്‍ക്ക് തെളിവു നല്‍കിയാല്‍ ഈ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ല. തെളിവുകള്‍ നല്‍കാന്‍ കഴിയില്ലെങ്കില്‍ ആരോപണങ്ങള്‍ പരസ്യമായി പിന്‍വലിക്കണമെന്നും തച്ചങ്കരി ആവശ്യപ്പെടുന്നു. മുഖ്യമന്ത്രി, ഗതാഗതമന്ത്രി എന്നിവരുടെ പ്രൈവറ്റ് സെക്രട്ടറിമാര്‍ക്കും കത്തിന്റെ കോപ്പി കൈമാറിയിട്ടുണ്ട്.
Next Story

RELATED STORIES

Share it