palakkad local

പന്നിശല്യം: വന്‍തോതില്‍ നെല്‍കൃഷി നശിച്ചു

പട്ടാമ്പി: തിരുമിറ്റക്കോട് ഗ്രാമപ്പഞ്ചായത്ത് പരിധിയില്‍ വിവിധ ഭാഗങ്ങളില്‍ കാട്ടുപന്നികള്‍ വന്‍തോതില്‍ നെല്‍കൃഷി നശിപ്പിക്കുന്നു. കതിര് വന്ന നെല്‍ചെടിയും കോലും പൊട്ടലും ആയവയുമായവയുമാണ് നശിപ്പിക്കപ്പെട്ടവയില്‍ ഭൂരിഭാഗവും. ഈ പ്രായത്തിലുളള നെല്‍ചെടികള്‍ ഒരിക്കല്‍ നശിച്ചു പോയാല്‍ പിന്നീട് വളരില്ല എന്ന പ്രത്യേകത കൂടിയുണ്ട്. ഇരുമ്പകശ്ശേരി, ചെരിപ്പൂര്‍, ഒഴുവത്ര, കറുകപുത്തൂര്‍, ചെട്ടിപ്പടി, ഇരുങ്കുറ്റൂര്‍, ചാഴിയാട്ടിരി തുടങ്ങിയ പ്രദേശങ്ങളിലാണ് കാട്ടു പന്നികള്‍ രാത്രിയില്‍ കൂട്ടമായിറങ്ങി വന്‍ തോതില്‍ നെല്‍കൃഷി നശിപ്പിക്കുന്നത്. ഇതിനു പുറമെ കരയിലും പള്ളിയാല്‍ പ്രദേശങ്ങളിലും കുഷിചെയ്ത പയര്‍, വെണ്ട, പൂള, മധുരക്കിഴങ്ങ്, ചേമ്പ്, ചേന തുടങ്ങിയ പച്ചക്കറികള്‍ക്ക് പുറമെ വിവിധ തരം വാഴക്കന്നുകളും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇരുങ്കുറ്റൂര്‍ സ്വദേശി സുധീറിനും സഹകൃഷിക്കാര്‍ക്കുമാണ് തിരുമിറ്റക്കോട് ഗ്രാമ പഞ്ചായത്ത് പരിധിയില്‍ കൃഷിനാശം കാരണം ധനനഷ്ടം ഉണ്ടായിട്ടുള്ളത്. മൃഗങ്ങളെ കൃഷിയിടങ്ങളില്‍ നിന്നും തുരത്താനായി കെട്ട് കോലങ്ങളും ആള്‍രൂപങ്ങളും ശബ്ദ മാപിനികളും പരീക്ഷിച്ചു നോക്കിയെങ്കിലും വേണ്ടത്ര ഫലവത്തായില്ലെന്ന് കര്‍ഷകര്‍ പറഞ്ഞു. ചില പ്രദേശങ്ങളില്‍ പന്നികള്‍ക്ക് പുറമെ മയില്‍, കുറുക്കന്‍ തുടങ്ങിയ മറ്റ് ജന്തുക്കളും കൃഷി നശിപ്പിക്കുന്നുണ്ട്. പാട്ടത്തിനെടുത്ത് കൃഷിയിറക്കിയ യുവകര്‍ഷകരുടെ കൃഷിയാണിപ്പോള്‍ നശിച്ചിരിക്കുന്നവയില്‍ ഏറെയും. നശിപ്പിക്കപ്പെട്ട കൃഷിക്ക് നഷ്ടപരിഹാരം നല്‍കാനാവശ്യമായ യാതൊരു നടപടികളും ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്നും പരാതിയുണ്ട്.
Next Story

RELATED STORIES

Share it