Flash News

പന്ത് തട്ടാന്‍ കെഎസ്ആര്‍ടിസി; ജീവനക്കാരില്‍ നിന്നു കളിക്കാരെ കണ്ടെത്തി ഫുട്‌ബോള്‍ ടീമുണ്ടാക്കും

എച്ച്  സുധീര്‍

പത്തനംതിട്ട: ലോകകപ്പ് ആവേശത്തില്‍ ലോകം ഫുട്‌ബോള്‍ ലഹരിയുടെ നെറുകയിലെത്തിനില്‍ക്കെ പന്തുതട്ടാന്‍ കെഎസ്ആര്‍ടിസിയും. ജീവനക്കാരില്‍ നിന്നു ഫുട്‌ബോള്‍ കളിക്കാരെ കണ്ടെത്തി ടീമുണ്ടാക്കാന്‍ കോര്‍പറേഷന്‍ നീക്കമാരംഭിച്ചു.
കെഎസ്ആര്‍ടിസിയില്‍ സ്‌പോര്‍ട്‌സ് ടീമുകള്‍ പുനസ്സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ജീവനക്കാരില്‍ നിന്നു പ്രഗല്‍ഭരായ പ്രതിഭകളെ തിരഞ്ഞെടുത്ത് ഫുട്‌ബോള്‍ ടീം രൂപീകരിക്കുന്നത്. 2018ലെ ഓണാഘോഷത്തോടനുബന്ധിച്ച് കേരളാ പോലിസിലേയും കെഎസ്ആര്‍ടിസിയുടേയും ഫുട്‌ബോള്‍ ടീമുകള്‍ തമ്മില്‍ സൗഹൃദമല്‍സരവും സംഘടിപ്പിക്കും. 22 അംഗ പുരുഷ ഫുട്‌ബോള്‍ ടീം രൂപീകരിക്കാനായി യൂനിറ്റുകളില്‍ നിന്നു മല്‍സരപരിചയവും കളിക്കാന്‍ താല്‍പര്യവുമുള്ള 35 വയസ്സില്‍ താഴെയുള്ള സ്ഥിരം, താല്‍ക്കാലിക ജീവനക്കാരെ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചാവും തിരഞ്ഞെടുക്കുക. ഇതിനായി കഴിഞ്ഞദിവസം അപേക്ഷയും ക്ഷണിച്ചു. യോഗ്യരായവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ ആവശ്യമായ രേഖകള്‍ സഹിതം ഇന്നു വൈകീട്ട് അഞ്ചിന് മുമ്പായി അതത് യൂനിറ്റുകളില്‍ സമര്‍പ്പിക്കണം. ലഭിക്കുന്ന അപേക്ഷകള്‍ ജീവനക്കാരന്റെ സര്‍വീസ് രേഖകളുമായി ഒത്തുനോക്കി യൂനിറ്റ് അധികാരികളുടെ സാക്ഷ്യപത്രത്തോടൊപ്പം നാളെ വൈകീട്ട് അഞ്ചിനു മുമ്പായി ചീഫ് ഓഫിസില്‍ എത്തിക്കാനും നിര്‍ദേശമുണ്ട്. ഫുട്‌ബോള്‍ ടീമിനൊപ്പം വോളിബോള്‍ ടീമും രൂപീകരിക്കും.
Next Story

RELATED STORIES

Share it