kasaragod local

പന്ത്രണ്ടു വര്‍ഷമായി ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റിനുള്ള അലച്ചില്‍ ; അവസാനം ആത്മഹത്യാഭീഷണി



കാസര്‍കോട്്: കൈവശാവകാശ ഭൂമിക്ക് ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ഇസ്മായില്‍ ഓഫിസുകള്‍ കയറിയിറങ്ങാന്‍ തുടങ്ങിയിട്ട് 12 വര്‍ഷമായി. റവന്യൂ വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ നിരുത്തരവാദപരമായ സമീപനത്തിന്റെ ഭാഗമായാണ് ബെണ്ടിച്ചാല്‍ സ്വദേശിയായ ഇസ്മായില്‍ ഓഫിസുകള്‍ കയറിയിറങ്ങുന്നത്. റവന്യൂ വകുപ്പിലെ മുഴുവന്‍ വിഭാഗത്തിനും പരാതി നല്‍കിയെങ്കിലും നടപടിയായില്ല. ബുധനാഴ്ച വൈകിട്ട് കാസര്‍കോട് താലൂക്ക് ഓഫിസിലെത്തി ഇസ്മായില്‍ ആത്മഹത്യാഭീഷണി മുഴക്കി. പിന്നീട് ഉദ്യോഗസ്ഥന്മാര്‍ പോലിസിനെ വിളിച്ചുവരുത്തി ഇയാളെ കൈമാറുകയായിരുന്നു. ഇന്നലെ ഇസ്്മായില്‍ വീണ്ടും ജില്ലാ കലക്ടറേറ്റിലെത്തി ആത്മഹത്യാ ഭീഷണി മുഴക്കിയിട്ടും സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ നടപടിയില്ല. റവന്യൂ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണെന്ന് സര്‍ക്കാര്‍ ഇടക്കിടെ പ്രഖ്യാപിക്കുമ്പോഴും സര്‍ട്ടിഫിക്കറ്റിന് വേണ്ടി 12 വര്‍ഷത്തോളം അലയേണ്ടിവന്ന യുവാവിന്റെ അവസ്ഥ പരിതാപകരമാണ്. കാസര്‍കോട് താലൂക്കിലെ തെക്കില്‍ വില്ലേജില്‍ ഒരേക്കര്‍ സ്ഥലം ലാന്റ് അസൈന്റ്പ്രകാരം 1988ലാണ് ഇസ്മയിന്റെ മാതാവ് യു ബി ആയിഷയ്ക്ക് പതിച്ച് നല്‍കിയത്. ഒരേക്കര്‍ ഭൂമിക്ക് സര്‍ക്കാര്‍ പട്ടയവും നല്‍കിയിരുന്നു. ഈ സ്ഥലത്തിന് 88 മുതല്‍ 2017 വരെ നികുതിയും സ്വീകരിക്കുന്നുണ്ട്. ഇതില്‍ 26 സെന്റ് സ്ഥലം ആയിഷ മകനായ ഇസ്മയിലിന് ധനനിശ്ചയാധാര പ്രകാരം നല്‍കി. ഈ സ്ഥലത്തെ 9.25 സെന്റാണ് വില്ലേജ് ഓഫിസര്‍ തര്‍ക്ക വിഷയമാക്കുന്നത്. പട്ടയത്തില്‍ പറയുന്ന ഒരേക്കര്‍ ഭൂമിയില്‍ യു ബി ആയിഷയ്ക്ക് 90.75 ഏക്കര്‍ ഭൂമി മാത്രമെയുള്ളൂവെന്നും ഇത് അനുസരിച്ചാണ് സ്‌കെച്ച് തയ്യറാക്കിയിട്ടുള്ളതെന്നുമാണ് തെക്കില്‍ വില്ലേജ് ഓഫിസറുടെ വാദം. ഈ ഭൂമിക്ക് വ്യാജ  നമ്പറുകളുണ്ടാക്കി തൊട്ടടുത്ത് താമസിക്കുന്ന രണ്ട് സ്വകാര്യ വ്യക്തികള്‍ക്ക് പതിച്ച് നല്‍കാന്‍ വില്ലേജ് ഓഫിസര്‍ താലൂക്കിലേക്ക് ശുപാര്‍ശ സമര്‍പ്പിച്ചിരുന്നു. ആര്‍ഡിഒ, തഹസില്‍ദാര്‍, ഡെപ്യൂട്ടി കലക്ടര്‍, സബ്കലക്ടര്‍, കലക്ടര്‍ എന്നിവര്‍ ഈ ഭൂമി പതിച്ച് കൊടുക്കണമെന്ന ആവശ്യം തള്ളി. എന്നാല്‍  പട്ടയ പ്രകാരമുള്ള ഭൂമിക്ക് സര്‍ടിഫിക്കറ്റ് വേണമെന്ന ആയിഷയുടെ അപേക്ഷ ഇവരെല്ലാം തള്ളി.  ഇത് സംബന്ധിച്ച് ഇസമായില്‍ റവന്യൂ മന്ത്രിക്ക് നേരില്‍ കണ്ട് നിവേദനം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൃത്യമായ സ്‌കെച്ച് നല്‍കാന്‍ നിര്‍ദേശവും നല്‍കിയതാണ്. എന്നാല്‍ ഇത് അട്ടിമറിക്കപ്പെട്ടു.  മെയ് 19ന് നല്‍കിയ വിവരാവകാശ മറുപടിയില്‍  പതിച്ച് നല്‍കിയ ഭൂമിയുടെ പട്ടയത്തിലോ, ഭൂപതിപ്പ് ഉത്തരവിലോ, സര്‍വേ സ്‌കെച്ചിലോ സര്‍ക്കാര്‍ കുറവ് വരുത്തിയിട്ടില്ലെന്ന് ഉറപ്പിക്കുന്നു. കഴിഞ്ഞ ആറിന് നല്‍കിയ മറുപടിയിലും ഇത് ആവര്‍ത്തിക്കുന്നുണ്ട്. സ്വകാര്യ വ്യക്തിക്ക് അനധികൃതമായി ഭൂമി പതിച്ച് നല്‍കാന്‍ ശ്രമിച്ച വില്ലേജ് ഓഫിസര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് സംസ്ഥാന വിജിലന്‍സ് ഡയരക്ടര്‍ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ നടപടിയുണ്ടായില്ല. വില്ലേജ് രേഖ പരിശോധിച്ചതില്‍ നിന്ന് യു ബി ആയിഷക്ക് ഒരേക്കര്‍ ഭൂമി നല്‍കിയിട്ടുണ്ടെന്ന് ലാന്റ് റവന്യൂ കമീഷണര്‍ക്ക് കലക്ടര്‍ അയച്ച റിപോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇതേ റിപ്പോര്‍ട്ട് റവന്യൂ മന്ത്രിക്കും പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും കലക്ടര്‍ അയച്ചുകൊടുത്തിരുന്നു. എന്നിട്ടും ഇസ്മയിലിന് നീതി ലഭിച്ചില്ല. ദുബയില്‍ സ്‌പെയര്‍പാര്‍ട്‌സ് കടയിലെ മനേജരായിരുന്ന ഇസ്മായില്‍ കേസിന് പിറകെ പോയതിനാല്‍ ദുബയിലെ ജോലി നഷ്ടപ്പെട്ടു. ഇപ്പോള്‍ നാട്ടില്‍ കൂലിപ്പണിയെടുത്ത് ജീവിക്കുകയാണ് ഇദ്ദേഹം.
Next Story

RELATED STORIES

Share it