Flash News

പന്തുരുളാന്‍ ഇനി രണ്ടു നാള്‍




കൊച്ചി: നാളെയുടെ ഫുട്‌ബോള്‍ നക്ഷത്രങ്ങള്‍ ആരവങ്ങള്‍ക്കും ആര്‍പ്പുവിളികള്‍ക്കുമായി ഒരുങ്ങി. കൗമാരമഹാമേളയ്ക്കായുള്ള രാജ്യത്തിന്റെ ഒരുക്കങ്ങളും പൂര്‍ണം. പതിനേഴാമത് ഫിഫ അണ്ടര്‍ ലോകകപ്പിന് പന്തുരുളാന്‍ ഇനി രണ്ടു ദിനം മാത്രം ബാക്കി. കാല്‍പ്പന്തുകളിയുടെ ആരവമുയരാന്‍ ദിവസങ്ങളെണ്ണി കാത്തിരുന്ന ആരാധകര്‍ക്ക് മുന്നിലേക്ക് കൊച്ചിയില്‍ കളിക്കുന്ന ടീമുകള്‍ ഇന്നലെ വിമാനമിറങ്ങി. വെളുപ്പിന് എത്തിയ സ്‌പെയിന് പിന്നാലെ ഉച്ചയോടെ ബ്രസീലും ഉത്തര കൊറിയയും നൈജറും നെടുമ്പാശേരിയില്‍ പറന്നിറങ്ങി. ഒഫീഷ്യല്‍സിന് പുറമേ എംഎല്‍എ അന്‍വര്‍ സാദത്ത് ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും ടീമുകളെ സ്വീകരിക്കുവാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. അധികൃതര്‍ ഒരുക്കിയ താമസസ്ഥലത്തേക്ക് തിരിച്ച ടീമുകളില്‍ ബ്രസീലും സ്‌പെയിനും വൈകീട്ട് പരിശീലനത്തിന് ഇറങ്ങിയപ്പോള്‍ കൊറിയയും നൈജറും പരിശീലനം റദ്ദാക്കി ഹോട്ടലില്‍ തന്നെ തങ്ങി. ഇന്ന് നാല് ടീമുകളും പരിശീലനം നടത്തുമെന്നാണ് ലഭിക്കുന്ന വിവരം. മഹാരാജാസ് കോളജ് ഗ്രൗണ്ടിലാണ് ബ്രസീല്‍ ടീം ഇന്നലെ പരിശീലനം നടത്തിയത്. കോച്ച് ബഹിയാന്‍ അമാഡ്യൂവിന്റെ നേതൃത്വത്തില്‍ വൈകുന്നേരം ആറു മണിക്ക് എത്തിയ ടീം രണ്ട് മണിക്കൂറോളം പരിശീലനം നടത്തി. 20 അംഗ സംഘമാണ് ടീമിലുള്ളത്. ലോകകപ്പിന്റെ താരമാകുമെന്ന് കരുതിയ ബ്രസീല്‍ ടീമിന്റെ കുന്തമുന വിനീഷ്യസ് ജൂനിയറിന് ലോകകപ്പില്‍ കളിക്കാന്‍ സാധിക്കാത്തത് ചെറിയ തോതില്‍ ടീമിന്റെ പ്രതീക്ഷകളെ ബാധിച്ചിട്ടുണ്ട്. ഫ്‌ളെമിങ്ങോ ക്ലബ്ബ് ഇന്ത്യയിലേക്ക് പുറപ്പെടുവാന്‍ അനുമതി നിഷേധിച്ചതാണ് വിനീഷ്യസിന് തിരിച്ചടിയായത്. എങ്കിലും ബ്രസീലിന്റെ പ്രതീക്ഷകളായ പൗലിഞ്ഞോ, ലിന്‍കോള്‍, യൂറി ആല്‍ബേര്‍ട്ടോ തുടങ്ങിയ താരങ്ങള്‍ കൊച്ചിയില്‍ ബൂട്ട്‌കെട്ടും. പരിശീലനത്തിന്റെ ആദ്യ മിനിട്ടുകളില്‍ വ്യായാമത്തിന് സമയം കണ്ടെത്തിയ ബ്രസീല്‍ പിന്നീട് ടീമുകളായി തിരിഞ്ഞ് പരസ്പരം മല്‍സരിച്ചു. ഫോര്‍ട്ട്‌കൊച്ചിയിലാണ് സ്‌പെയിന്‍ ടീം പരിശീലനം നടത്തിയത്. ഇന്ന് പകല്‍ വിശ്രമിക്കുന്ന ടീമുകള്‍ വൈകുന്നേരത്തോടെ വീണ്ടും പരിശീലനത്തിന് ഇറങ്ങും. ടീമുകള്‍ക്കായി കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഹോട്ടലില്‍ നിന്ന് പരിശീലന മൈതാനത്തേക്കും തിരിച്ചും ടീമുകള്‍ സഞ്ചരിക്കുന്ന ബസിന് മുന്നിലും പിന്നിലുമായി പോലിസ് സുരക്ഷ ഒരുക്കി. ടീമുകള്‍ പരിശീലനം നടത്തുന്ന മൈതാനങ്ങള്‍ക്ക് ചുറ്റും കനത്ത പോലിസ് കാവലാണ് ഒരുക്കിയത്. പൊതുജനങ്ങള്‍ക്ക് അല്‍പസമയം പരിശീലനം കാണുവാനും അധികൃതര്‍ അവസരമൊരുക്കി. ഡി ഗ്രൂപ്പിലെ മല്‍സരങ്ങള്‍ക്കാണ് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം വേദിയാകുന്നത്. ശനിയാഴ്ച്ച വൈകുന്നേരം അഞ്ചിന് നടക്കുന്ന ആദ്യകളിയില്‍ ബ്രസീല്‍ സ്‌പെയിനുമായി ഏറ്റുമുട്ടും. അന്നുതന്നെയാണ് കൊറിയ- നൈജര്‍ പോരാട്ടം.


Next Story

RELATED STORIES

Share it