ernakulam local

പന്തളത്ത് വിവാഹത്തട്ടിപ്പിനു അറസ്റ്റിലായ യുവതി ഹൈക്കോടതിയില്‍ ജോലി വാഗ്ദാനം ചെയ്ത് വൈപ്പിനില്‍ നിന്നും ഏഴര ലക്ഷം തട്ടി



വൈപ്പിന്‍: പന്തളത്ത് വിവാഹ തട്ടിപ്പ് നടത്തിയ കേസില്‍ വിവാഹവേദിയില്‍ നിന്നും പോലിസ് അറസ്റ്റ് ചെയ്ത യുവതി സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് വൈപ്പിനില്‍ നിന്നും ഏഴര ലക്ഷം രൂപ തട്ടിയതായി പരാതി. ഓച്ചന്തുരുത്ത് സ്വദേശി സജീവാണ് പരാതി നല്‍കിയത്. ഇതേ തുടര്‍ന്ന് കൊട്ടാരക്കര ആക്കല്‍ ഇളമാട് ഷാബു വിലാസത്തില്‍ ശാലിനി(32)ക്കെതിരേ ഞാറക്കല്‍ പോലിസ് വഞ്ചനാക്കുറ്റത്തിനു കേസെടുത്തു. ഹൈക്കോടതിയില്‍ പ്യൂണ്‍, കഌക്ക് എന്നീ തസ്തികയില്‍ ജോലി വാങ്ങിത്തരാമെന്ന് വാഗ്ദാനം ചെയ്ത് സജീവിന്റെയും കുടുംബാംഗങ്ങളുടെയും ഒരു ബന്ധുവിന്റെയും പക്കല്‍ നിന്നും ഒന്നര ലക്ഷം രൂപ വീതമാണത്രേ യുവതി കവര്‍ന്നെടുത്തത്. ഇക്കഴിഞ്ഞ ഡിസംബറിലായിരുന്നു പണം നല്‍കിയത്. രണ്ടുപേര്‍ നേരിട്ടും ബാക്കി മൂന്നുപേര്‍ ബാങ്ക് മുഖേനയുമാണ് പണം നല്‍കിയതെന്ന് പരാതിയില്‍ പറയുന്നു. ഇതിനുശേഷം മുങ്ങിയ യുവതിയെ കഴിഞ്ഞദിവസം വിവാഹത്തട്ടിപ്പിനു പന്തളം പോലിസ് അറസ്റ്റ് ചെയ്തതോടെയാണ് തട്ടിപ്പിനിരയായെന്ന് പണം നല്‍കിയവര്‍ അറിയുന്നത്. ഇതേ തുടര്‍ന്നാണ് പോലിസില്‍ പരാതി നല്‍കിയത്. റിമാന്റിലായ യുവതിയെ ഞാറക്കല്‍ പോലിസ് കസ്റ്റഡിയില്‍ വാങ്ങും.
Next Story

RELATED STORIES

Share it