Pathanamthitta local

പന്തളത്ത് പനി ബാധിതരുടെ എണ്ണം ആശങ്ക ഉയര്‍ത്തി വര്‍ധിക്കുന്നു



പന്തളം: ആരോഗ്യവകുപ്പിന്റെ അനാസ്ഥയെത്തുടര്‍ന്ന് പന്തളത്തു പനിയും അസ്വാഭിക മരണങ്ങളും വ്യാപകമാവുന്നതായി പരക്കെ ആക്ഷേപം. കടയ്്ക്കാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ദിനം പ്രതി നൂറു കണക്കിനു പനിബാധിതരാണ് ചികില്‍സ തേടിയെത്തുന്നതായി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്നള്ള കണക്കുകള്‍ വ്യക്തമാക്കുന്നത്. ഡെങ്കിപ്പനി എന്ന് ഔദ്യോഗിക സ്ഥിരീകരണം നല്‍കാതെ രണ്ടുപേരാണ് കുരമ്പാലയില്‍ പനി ബാധിച്ചു മരിച്ചത്. ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചില്ലെങ്കിലും മരിച്ച രണ്ടുപേരും പനിക്കു ചികില്‍സയും തേടിയിരുന്നു. പ്രദേശത്തു പനി ബാധിതരുടെ എണ്ണം ദിനംപ്രതി  വര്‍ധിക്കുമ്പോള്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനവും പ്രതിരോധ പ്രവര്‍ത്തനങ്ങളും നഗരസഭയുമായി ചേര്‍ന്ന്  സമയബന്ധിതമായി നടപ്പാക്കുന്നതില്‍ ഉദ്യോഗസ്ഥ തലത്തില്‍ വന്‍ വീഴ്ചയുണ്ടായതായും പരാതിയുണ്ട്. കടയ്ക്കാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും നഗരസഭ ആരോഗ്യ വിഭാഗത്തിലുമായി രണ്ട് ഹെല്‍ത്ത്്് ഇന്‍സ്‌പെക്ടര്‍മാരും എട്ടു ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും മറ്റ് ആരോഗ്യ വിഭാഗം ജീവനക്കാരും ഉണ്ടായിരുന്നിട്ടും പൊതുജനങ്ങള്‍ക്ക് ഇവരുടെ സേവനം പൂര്‍ണമായും ലഭ്യമാവാത്തതാണ് പനി ബാധിതരുടെ എണ്ണത്തിന് വര്‍ധനവിന് കാരണമായി പറയപ്പെടുന്നത്. പൊതുസ്ഥലങ്ങളിലെ മാലിന്യ നിര്‍മാര്‍ജനം സംബന്ധിച്ച് ശക്തമായ ഉത്തരവു നല്‍കി വഴിയോരങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടാന്‍ കഴിയാത്തതും നഗരസഭയുടെ പിടിപ്പുകേടായി പ്രതിപക്ഷം ആരോപിക്കുന്നു. സ്വകാര്യ ആശുപത്രികളില്‍ നിന്ന് പുറന്തള്ളപ്പെടുന്ന മാലിന്യങ്ങള്‍ പൊതു ഓടകളിലേക്കു ഒഴുക്കുന്നതിനും എതിരേ നടപടി എടുക്കാന്‍ നഗരസഭ തയ്യാറാവാത്തതും കടുത്ത് ആരോഗ്യ പ്രശ്‌നത്തിനു കാരണമാവുന്നു. ഡെങ്കി,എച്ച് 1 എന്‍ 1, എലിപ്പനി എന്നിവയ്‌ക്കെതിരേ നിതാന്ത ജാഗ്രത നിര്‍ദേശം ജില്ലാ ആരോഗ്യ വിഭാഗം നല്‍കിയിട്ടുംവീടിനു ചുറ്റും വെള്ളം കെട്ടി നിന്ന് കൊതുകു മുട്ടയിട്ടു രോഗം പരത്തിയിട്ടും പ്രതിരോധ പ്രവര്‍ത്തനത്തിന് ആരോഗ്യ വകുപ്പിന്റെ വീഴ്ച വരുത്തുന്നു. കൊതുകു ലാര്‍വകള്‍ ഉള്ളയിടങ്ങളില്‍ നശീകരണ ലായനി തളിക്കുന്നതിനും കണ്ടെത്തുന്നതിനും വീഴ്ച സംഭവിച്ചിരിക്കുന്നു. 24 മണിക്കൂറും അടിയന്തര സേവനം ലഭ്യമാക്കണമെന്ന നിര്‍ദേശം സര്‍ക്കാര്‍ തലത്തില്‍ നിന്നും ഉണ്ടായിട്ടും ആരോഗ്യ വകുപ്പു ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ കാലതാമസം കാട്ടിയതാണ് കുരമ്പാലയില്‍ ഏറ്റവും കൂടുതല്‍ പനി ബാധിതര്‍ ചികില്‍സ തേടുന്നത്. കടക്കാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ മൂന്നു ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ടെങ്കിലും ഒരാള്‍ മാത്രമാണ് ഡ്യൂട്ടിയിലുണ്ടാവുന്നത്. ഡോക്ടര്‍മാരുടെ കുറവ് പനിബാധിതരെയാണ് ഏറ്റവും കൂടുതല്‍ വലയ്ക്കുന്നത്. മണിക്കൂറുകളോളം കാത്തുനിന്നാണ് രോഗികള്‍ക്കു  ഡോക്ടറെ കാണാന്‍ കഴിയുന്നത്.നഗരസഭ ആരോഗ്യ വിഭാഗം പരിഹാരം കാണേണ്ട ധാരാളം ഫയലുകള്‍ തീര്‍പ്പാക്കാതെ നിലനില്‍ക്കെ ഉദ്യോഗസ്ഥരുടെ കുറവ് പരാതിക്ക് ആക്കം കൂട്ടുന്നു. ജനം ഒന്നടങ്കം പനിച്ച് വിറച്ച് സാംക്രമിക രോഗ ഭീതിയിലായിട്ടും നഗരസഭയുടെ സാംക്രമിക രോഗ നിയന്ത്രണ പദ്ധതികളും പ്രവര്‍ത്തനങ്ങളും ഇനിയും എങ്ങും എത്തിയിട്ടില്ല.
Next Story

RELATED STORIES

Share it