Pathanamthitta local

പന്തളത്ത് കഞ്ചാവ് മാഫിയക്കെതിരേ സര്‍വകക്ഷി യോഗം

പന്തളം: പൂഴിക്കാട് ചാരുനില്‍ക്കുന്നതില്‍ ജങ്ഷനില്‍ നാളെ വൈകീട്ട് ആറിന് കഞ്ചാവ് മാഫിയക്കെതിരേ സര്‍വകക്ഷിയോഗം നടക്കും. പ്രദേശത്തെ സന്നദ്ധസേവാ പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് സര്‍വകക്ഷിയോഗം. പ്രദേശത്ത് നാളുകളായി സ്‌കൂള്‍-കോളജ് വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടക്കുന്നത് പതിവായിരുന്നു.
രാത്രികാലങ്ങളിള്‍ ഓട്ടോറിക്ഷകളിലും ബൈക്കുകളിലുമായാണ് കഞ്ചാവ് എത്തിച്ചിരുന്നത്. കഞ്ചാവ് ഉപഭോക്താക്കളായ ചെറുപ്പക്കാരുടെ പൂര്‍ണപിന്തുണ ഉള്ളതിനാല്‍ മാഫിയായെ പിടികൂടുന്നതിനോ കണ്ടെത്താനോ ഇതുവരെ സാധിച്ചിട്ടില്ല. കടയ്ക്കാട്, മങ്ങാരം, പന്തളം, പ്രദേശങ്ങളില്‍ നിന്ന് അപരിചിതരായ ചെറുപ്പക്കാര്‍ നിത്യേന വന്നുപോവുന്നത് സ്ഥിരം കാഴ്ചയാണ്. കഞ്ചാവ് ലഹരിയില്‍ കൂട്ടമായി സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ ഏര്‍പ്പെടാന്‍ തുടങ്ങിയതോടെയാണ് നാട്ടുകാര്‍ പ്രതികരിച്ച് തുടങ്ങിയത്. ജങ്ഷന് അടുത്തുള്ള വീടുകളിലെ സ്ത്രീകളെ ശല്യംചെയ്യുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നു.
പോലിസില്‍ നിരവധി പരാതികള്‍ പ്രദേശത്തെ നാല് ചെറുപ്പക്കാരെ ചുറ്റിപറ്റി നിലനില്‍ക്കുന്നു. മതിലുകളിലും കവലകളിലും ഈ ചെറുപ്പകാരുടെ പൂര്‍ണ വിവരങ്ങള്‍ രേഖപ്പെടുത്തിയ ലഘുലേഖകള്‍ പതിച്ചിരിക്കുന്നു. മേല്‍വിലാസങ്ങള്‍ തെളിഞ്ഞതോടെ അക്രമാസക്തരായ കഞ്ചാവ് മാഫിയ പ്രദേശത്ത് സംഘര്‍ഷം സൃഷ്ടിക്കുന്നത് പതിവായിരിക്കുകയാണ്. പ്രതികരിച്ചവര്‍ക്ക് നേരെ മാരകായുധങ്ങളുമായി ഭീഷണി മുഴക്കി. ഈ സാഹചര്യത്തിലാണ് സര്‍വകക്ഷിയോഗം വിളിച്ചു കൂട്ടുന്നത്.
കഞ്ചാവ് ബന്ധം ആരോപിക്കുന്ന യുവാക്കളില്‍ പലരും ഒന്നിലധികം കേസുകളില്‍ പ്രതികളുമാണ്. ഇവരെ അറസ്റ്റ് ചെയ്യാത്തതിന് പിന്നില്‍ ഉന്നതരാഷ്ട്രീയ ബന്ധമാണെന്ന് ആരോപണവും നിലനില്‍ക്കുന്നു.
Next Story

RELATED STORIES

Share it