Pathanamthitta local

പന്തളത്തെ മുന്നൊരുക്കങ്ങള്‍ ഇന്നും നാളെയുമായി പൂര്‍ത്തിയാവും



പന്തളം: ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പന്തളത്തെ കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ അടൂര്‍ ആര്‍ഡിഒ കണ്‍വീനറായുള്ള കമ്മിറ്റിയെ ചുമതലപ്പെടുത്തി. പന്തളത്തെ തീര്‍ഥാടന ഒരുക്കങ്ങള്‍ വിലയിരുത്താനായി ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ചിറ്റയം ഗോപകുമാര്‍ എംഎല്‍എ സ്ഥലത്തെത്തി നേരിട്ട് കാര്യങ്ങള്‍ പരിശോധിക്കും. വ്യാപാരസ്ഥപനങ്ങളില്‍ ജോലിനോക്കുന്നവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡും ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഹെ ല്‍ത്ത് കാര്‍ഡും അടിയന്തിരമായി വിതരണം ചെയ്യണം. തൂക്കുപാലത്തില്‍ ക്യാമറ വെയ്ക്കുകയും പോലീസ് പരിശോധിക്കുകയും വേണം. ഓരോവര്‍ഷവും നടപ്പാക്കേണ്ട കാര്യങ്ങള്‍ മുന്‍കൂട്ടി പരിശോധിച്ച് സൗകര്യമൊരുക്കണമെന്നും ചിറ്റയം ഗോപകുമാര്‍ എംഎല്‍എ നിര്‍ദ്ദേശിച്ചു. നഗരസഭയുമായി ബന്ധപ്പെട്ട് ശുചീകരണം, വഴിവിളക്ക് സ്ഥാപിക്കല്‍, ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണം എന്നിവ ഒരുക്കി ക്കഴിഞ്ഞു. താമസസൗകര്യം, വിവിധ ബോര്‍ഡുകള്‍ സ്ഥാപിക്കല്‍ രണ്ടു ദിവസത്തിനകം പൂര്‍ത്തിയാക്കും. തീര്‍ഥാടകര്‍ക്കുള്ള ലഘുലേഖകള്‍ വിതരണം ചെയ്യും. ഉദ്യോഗസ്ഥര്‍ക്കുള്ള താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. പാര്‍ക്കിങ്ങിന് നഗരസഭ ബസ് സ്റ്റാന്‍ഡിനു സമീപത്തും ക്ഷേത്രത്തിനു സമീപത്തും സൗകര്യമൊരുക്കും. വരുംവര്‍ഷങ്ങളില്‍ വേണ്ട സൗകര്യം ഒരുക്കാനായി നഗരസഭ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കും. തീര്‍ഥാടകര്‍ക്ക് സൗകര്യത്തിനായി ഡിറ്റിപിസി ഇന്‍ഫര്‍മേഷന്‍ സെന്റര്‍ തുറക്കുമെന്ന് ആര്‍ഡിഒ എം എ റഹിം അറിയിച്ചു. വിശുദ്ധിസേന 14ന് ജോലിയ്‌ക്കെത്തും. ഉദ്യോഗസ്ഥരുടെ ഇ മെയില്‍ ഐ ഡി വഴി പരാതികളും വിവരങ്ങളും അറിയിക്കാനുള്ള സൗകര്യമൊരുക്കും, ആഴ്ചയിലൊരിക്കല്‍ പരിശോധനയുണ്ടാവുമെന്നും ആര്‍ഡിഒ യോഗത്തെ അറിയിച്ചു. 100 പോലിസുദ്യോഗസ്ഥരും 39 സിവില്‍പോലിസോഫിസര്‍മാരും ശബരിമല തീര്‍ഥാനവുമായി ബന്ധപ്പെട്ട് പന്തളത്ത് ജോലിക്കുണ്ടാവും. ക്ഷേത്ര പരിസരത്ത് ഏഴ് ക്യാമറകള്‍ പ്രവര്‍ത്തിക്കും, പന്തളം കവലയിലും മണികണ്ഠനാല്‍ത്തറയിലും പോലീസ് എയിഡ്‌പോസ്റ്റ് പ്രവര്‍ത്തിക്കും. കെഎസ്ആര്‍ടിസി ദിവസവും വൈകീട്ട് 6നും 9നും 9.30നും പമ്പയ്ക്ക് സര്‍വീസ് നടത്തും. തീര്‍ഥാടകരെത്തുന്നമുറയ്ക്ക് ബസയയ്ക്കും. 9.30നുള്ള ബസ് പടനിലം ക്ഷേത്രത്തില്‍പോയി പന്തളത്ത് വന്ന് പമ്പയ്ക്കുപോവും. മണികണ്ഠനാല്‍ത്തറയില്‍ എല്ലാ ബസുകളും നിര്‍ത്തും. പൊതുമരാമത്ത് വകുപ്പ് 15ന് മുമ്പ് റോഡ്പണി പൂര്‍ത്തിയാക്കും. വൈദ്യുതിബോര്‍ഡ് വഴിവിളക്ക് സ്ഥാപിച്ചു. ജല അതോറിറ്റി ടാപ്പുകള്‍ വെച്ചു. ജലസേചനവകുപ്പ് കുളിക്കടവില്‍ സുരക്ഷിതവേലി കെട്ടും. എക്‌സൈസ് പരിശോധനാകേന്ദ്രവും പട്രോളിങ്ങുമുണ്ടാകും. അലോപ്പതി, ആയൂര്‍വ്വേദം, ഹോമിയോ വകുപ്പുകള്‍ ജീവനക്കാരെ നിയമിച്ചു. ഫയര്‍ഫോഴ്‌സ് സ്‌കൂബഡൈവിങ് ടീം പ്രവര്‍ത്തിക്കും. ദേവസ്വം ബോര്‍ഡിന്റെ പണികള്‍ രണ്ടു ദിവസത്തിനകം പൂര്‍ത്തിയാവും. ശൗചാലയം ലേലം നടന്നില്ല. പന്തളം കൊട്ടാരത്തില്‍ വൃശ്ചികം ഒന്നു മുതല്‍ തിരുവാഭരണങ്ങള്‍ തുറന്നുവെയ്ക്കും. യോഗത്തി ല്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ റ്റി കെ സതി, വൈസ്‌ചെയര്‍മാന്‍ ഡി രവീന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി കെ തങ്കമ്മ, കൗണ്‍സിലര്‍മാരായ കെ ആര്‍ രവി, രാധാരാമചന്ദ്രന്‍, ലസിതാനായര്‍, കൊട്ടാരം നിര്‍വാഹക സമിതിയംഗം രാഘവവര്‍മ്മരാജ സംസാരിച്ചു.
Next Story

RELATED STORIES

Share it