പന്തളം പീഡനം: പ്രതികള്‍ക്ക് ജാമ്യമില്ല

ന്യൂഡല്‍ഹി: പന്തളത്ത് കോളജ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ശിക്ഷിക്കപ്പെട്ടവരുടെ ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളി. അധ്യാപകര്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കാണ് കോടതി ജാമ്യം നിഷേധിച്ചത്. പെണ്‍കുട്ടിയുടെ സമ്മതത്തോടെയാണ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതെന്ന പ്രതികളുടെ വാദം കോടതി അംഗീകരിച്ചില്ല. പെണ്‍കുട്ടിക്ക് എതിര്‍പ്പുണ്ടായിരുന്നെങ്കില്‍ ആദ്യം പീഡനത്തിന് ഇരയായപ്പോള്‍ തന്നെ എതിര്‍ക്കാമായിരുന്നുവെന്നും എന്നാല്‍ എതിര്‍പ്പ് പ്രകടിപ്പിക്കാതെ പെണ്‍കുട്ടി മറ്റു പലയിടങ്ങളിലും പോയെന്നും ഹരജിക്കാര്‍ വാദിച്ചു. ഈ വാദങ്ങളൊന്നും കോടതി മുഖവിലയ്‌ക്കെടുത്തില്ല.

മാതൃകയാവേണ്ട അധ്യാപകര്‍ തന്നെ വിദ്യാര്‍ഥിനിയെ ലൈംഗികമായി ഉപയോഗിക്കുന്നത് തെറ്റാണ്. ഇത്തരം സംഭവങ്ങള്‍ സമൂഹത്തിന് നല്‍കുന്ന സന്ദേശം എന്താണെന്ന് അധ്യാപകര്‍ക്ക് അറിയില്ലേയെന്നും ജസ്റ്റിസ് ടിഎസ് ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. വിദ്യാര്‍ഥിനി കള്ളം പറഞ്ഞുവെന്ന വാദം വിശ്വസിക്കാനാവില്ലെന്നു വ്യക്തമാക്കിയ കോടതി. വിദ്യാര്‍ഥിനിയുടെ അധ്യാപകരും കേസില്‍ ശിക്ഷിക്കപ്പെട്ടവരുമായ മാവേലിക്കര സ്വദേശി കെ വേണുഗോപാല്‍, അടൂര്‍ സ്വദേശി സി എം പ്രകാശ്, മറ്റു പ്രതികളായ ജ്യോതിഷ്‌കുമാര്‍, മനോജ്കുമാര്‍, ഷാ ജോര്‍ജ് എന്നിവരുടെയും ജാമ്യാപേക്ഷ നിരസിച്ചു.
1997ലാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയുടെ അധ്യാപകരും പ്രദേശത്തെ കരാറുകാരും വ്യവസായികളുമാണ് പ്രതികള്‍. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ പ്രതികളുടെ ശിക്ഷ ശരിവച്ച സുപ്രിംകോടതി പിഴസംഖ്യ വര്‍ധിപ്പിച്ചു. ഒന്നാംപ്രതി വേണുഗോപാലിന് 11 വര്‍ഷം തടവും വിവിധ വകുപ്പുകളിലായി 1.75 ലക്ഷം രൂപ പിഴയും മൂന്നാം പ്രതി സിഎം പ്രകാശിന് ഏഴുവര്‍ഷം തടവും 53,000 രൂപ പിഴയുമാണ് ഹൈക്കോടതി വിധിച്ചത്. നാലാം പ്രതിയും കരാറുകാരനുമായ വേണുഗോപാലിന് 11 വര്‍ഷം തടവും 1.75 ലക്ഷം രൂപ പിഴയും അഞ്ചാം പ്രതി ജ്യോതിഷ് കുമാറിന് 11 വര്‍ഷം തടവും 1.75 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. ആറാം പ്രതി മനോജ് കുമാറിന് ഏഴ് വര്‍ഷം തടവും 75,000 രൂപ പിഴയും ഏഴാം പ്രതി ഷാ ജോര്‍ജിന് ഏഴ് വര്‍ഷം തടവും 75,000 രൂപ പിഴയുമാണ് വിധിച്ചത്. ജൂലൈയില്‍ ജാമ്യാപേക്ഷ ഇതേ ബെഞ്ച് തള്ളിയിരുന്നു. ശിക്ഷാവിധിക്കെതിരേ നല്‍കിയ മറ്റൊരു ഹരജിയും സുപ്രിംകോടതിയുടെ പരിഗണനയിലുണ്ട്.
Next Story

RELATED STORIES

Share it