പന്തളം കൊട്ടാരത്തിന്റെയും തന്ത്രിമാരുടെയും തീരുമാനങ്ങള്‍ക്ക് തന്ത്രി സമാജത്തിന്റെ പൂര്‍ണ പിന്തുണ

പന്തളം: ശബരിമല വനിതാ പ്രവേശന വിഷയത്തില്‍ പന്തളം കൊട്ടാരത്തിന്റെയും തന്ത്രിമാരുടെയും തീരുമാനങ്ങള്‍ക്കു പൂര്‍ണ പിന്തുണ നല്‍കുമെന്ന് അഖില കേരള തന്ത്രി സമാജം അറിയിച്ചു. പന്തളം കൊട്ടാരത്തില്‍ പ്രസിഡന്റ് പി ജി ശശികുമാര വര്‍മയുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് ഇക്കാര്യമറിയിച്ചത്.
സര്‍ക്കാര്‍ എല്ലാം തീരുമാനിച്ചിട്ടു ചര്‍ച്ച നടത്തുന്നതില്‍ അര്‍ഥമില്ലെന്നു തന്ത്രി സമാജം നേതാക്കള്‍ പറഞ്ഞു. ക്ഷേത്ര സ്വത്തുക്കള്‍ക്കൊപ്പം അവിടത്തെ ആചാരങ്ങളെയും സംരക്ഷിക്കുമെന്നു സത്യപ്രതിജ്ഞ എടുത്താണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും ചുമതലയേല്‍ക്കുന്നത്. ഇവര്‍ അതു ലംഘിച്ചിരിക്കുകയാണ്.
വിശ്വാസങ്ങള്‍ സംരക്ഷിക്കാന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശത്തെ ലംഘിക്കുന്നതും തന്ത്ര വിധി പ്രകാരം പ്രതിഷ്ഠിച്ചിട്ടുള്ള ക്ഷേത്രങ്ങളെ തകര്‍ക്കുന്നതുമാണ് സുപ്രിംകോടതി വിധി. ഇതുമൂലം ക്ഷേത്രങ്ങളില്‍ ആശൗചവിധികള്‍ പാലിക്കാന്‍ കഴിയില്ല. ഇത് ഹിന്ദു സംസ്‌കാരത്തെ തന്നെ തകര്‍ക്കുന്നതാണ്. സുപ്രിംകോടതിയില്‍ കക്ഷിചേരുന്ന കാര്യം ആലോചിക്കുമെന്നും പ്രസിഡന്റ് വേഴപ്പറമ്പ് കൃഷണന്‍ തമ്പൂതിരി, ജന. സെക്രട്ടറി പ്ലാക്കുടി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം പടിഞ്ഞാറെ പുല്ലാംവഴി സനല്‍ നാരായണന്‍ നമ്പൂതിരി എന്നിവര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it