palakkad local

പനി: രണ്ടാഴ്ചയ്ക്കിടെ ചികില്‍സയ്‌ക്കെത്തിയവര്‍ 9,914

പാലക്കാട്: കഴിഞ്ഞ 15 ദിവസത്തിനുള്ളില്‍  പാലക്കാട്ടെ വിവിധ ആശുപത്രികളില്‍ പനിക്ക് ചികില്‍സ തേടിയെത്തിയത് 9,914 പേര്‍. സംസ്ഥാന ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് പനിക്ക് ചികില്‍സ തേടുന്നവരുടെ എണ്ണത്തിന്റെ കാര്യത്തില്‍ നാലാം സ്ഥാനത്താണ് പാലക്കാട്. നിപാ വൈറസ് പടരുന്നതിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പ് അധികൃകര്‍ ജാഗ്രതയിലാണ്.
ചികിത്സ തേടിയ 9914 പേരില്‍ കിടത്തി ചികില്‍സ ആവശ്യമായി വന്നവര്‍ 349 പേര്‍ മാത്രമാണെന്നാണ് ഏക ആശ്വാസം. ഇവര്‍ പകര്‍ച്ചപ്പനി ബാധിച്ചവരാണ.്  കോളറ, ഡെങ്കി തുടങ്ങിയ പനിബാധിച്ചവരുടെ എണ്ണവും താരതമ്യേന കുറവാണ്. എപ്രില്‍ മാസത്തിലും ഏറെക്കുറെ ഇത്രയും ആളുകള്‍ക്ക് പനിപിടിച്ചിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ജില്ലയിലെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ മുതല്‍ ജില്ലാ ആശുപത്രി വരെയുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം എത്തിയവരുടെ കണക്കാണിത്.
സ്വകാര്യ ആശുപത്രികളിലും സര്‍ക്കാര്‍ ആയുര്‍വേദ, ഹോമിയോപ്പതി ആശുപത്രികളില്‍ പനിചികല്‍സ തേടിയവരുടെ എണ്ണം കൂടി ചേര്‍ത്താല്‍ മാസം ശരാശരി 30,000 പേര്‍ പനി പിടിച്ച് ചികില്‍സ തേടുന്നുവെന്നാണ് വിലയിരുത്തല്‍. നിപാ വൈറസ് പടര്‍ന്നുപിടിക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ലഭിച്ചതിനാല്‍ ജില്ലാ ആശുപത്രി അധികൃതര്‍ അടിയന്തിര യോഗം ചേര്‍ന്നു. നിപാ പനി മലപ്പുറത്തും സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു യോഗം.
മെഡിക്കല്‍കോളജിലെയും ജില്ലാ ആശുപത്രിയിലേയും വിവിധ വകുപ്പ് തലവന്‍മാര്‍ പങ്കെടുത്തു. സൂപ്രണ്ട് ഡോ. രമാദേവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഒരുക്കങ്ങള്‍ വിലയിരുത്തി. മലപ്പുറത്തോട് ചേര്‍ന്നുകിടക്കുന്ന ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍  പ്രത്യേക ശ്രദ്ധയുണ്ടാവണമെന്ന് ജില്ലാ ആരോഗ്യ വിഭാഗവും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it