പനി: മലപ്പുറത്ത് രണ്ട് മരണം

കൊണ്ടോട്ടി/കാളികാവ്: മലപ്പുറത്ത് പനി ബാധിച്ച് രണ്ടു പേര്‍ മരിച്ചു. കൊണ്ടോട്ടി തൈത്തോടം മാതംകുത്ത് പരേതനായ ഹൈദ്രോസിന്റെ മകന്‍ മടാന്‍ ഹസ്സന്‍കുട്ടി (54), കാളികാവ് അടക്കാകുണ്ടിലെ മനച്ചിതൊടിക അബൂബക്കര്‍ (62) എന്നിവരാണ് മരിച്ചത്. അബൂബക്കര്‍ എലിപ്പനിമൂലമാണ് മരിച്ചത്. ഞായറാഴ്ചയാണ് അബൂബക്കറിന് പനി പിടിപെട്ടത്. തുടര്‍ന്ന് കാളികാവ് സിഎച്ച്‌സിയില്‍ ചികില്‍സതേടി. പനി കൂടിയതിനെ തുടര്‍ന്ന് ബുധനാഴ്ച മഞ്ചേരി മെഡിക്കല്‍ കോളജിലേക്കും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കും മാറ്റുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെയായിരുന്നു മരണം.
ഹസ്സന്‍കുട്ടിയെ പനിബാധിച്ച് കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലും എത്തിച്ചെങ്കിലും മരിച്ചു. പനി മരണത്തിനു പുറമെ മലപ്പുറത്തെ മലയോര മേഖലയില്‍ പലയിടങ്ങളിലും ഛര്‍ദിയും വയറിളക്കവും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. പഞ്ചായത്തിലെ മിക്ക കിണറുകളും മലിനമായ നിലയിലാണ്. പകര്‍ച്ചവ്യാധിയുടെ വ്യാപനം തടയുന്നതിനും ബോധവല്‍ക്കരണത്തിനുമായി സിഎച്ച്‌സിയില്‍ ഇന്ന് അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. സാമൂഹികപ്രവര്‍ത്തകര്‍, ക്ലബ് അംഗങ്ങള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് നജീബ് ബാബു അഭ്യര്‍ഥിച്ചു.
അബൂബക്കറിന്റെ മൃതദേഹം സ്വദേശമായ മണ്ണാര്‍ക്കാട്ടേക്ക് കൊണ്ടുപോയി. മക്കള്‍: ഷിഫ്‌ന ഷെറിന്‍, ഷിബ്‌ല യാസ്മിന്‍. സെലീന അടക്കാകുണ്ട് ഉള്‍പ്പെടെ മൂന്ന് ഭാര്യമാരുണ്ട്.
ഹസന്‍കുട്ടി കൊണ്ടോട്ടി മല്‍സ്യമാര്‍ക്കറ്റിലെ തൊഴിലാളിയാണ്. സിപിഎം കൊടിമരം ബ്രാഞ്ച് മുന്‍സെക്രട്ടറി, മല്‍സ്യബന്ധന തൊഴിലാളി യൂനിയന്‍ കൊണ്ടോട്ടി ഏരിയ ഖജാഞ്ചി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ബീപാത്തു. മക്കള്‍: ജംഷീര്‍, ജംഷീല, ഷിബില, ഷഹീം. മരുമകന്‍: മുഹമ്മദ്ഷാ (മക്ക). മയ്യത്ത് നമസ്‌കാരം ഇന്ന് രാവിലെ 9.30ന് തക്കിയേക്കല്‍ ജുമാമസ്ജിദില്‍.

Next Story

RELATED STORIES

Share it