Flash News

പനി : മരണ നിരക്ക് ഉയരുന്നു ; മൂന്നു പേര്‍ കൂടി മരിച്ചു



തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ പനി ബാധിച്ച് മൂന്നുപേര്‍ കൂടി മരിച്ചു. തിരുവനന്തപുരത്ത് രണ്ടുപേരും കോഴിക്കോട്ട് ഒരാളുമാണ് മരിച്ചത്. തിരുവനന്തപുരം മീനാങ്കല്‍ സ്വദേശിനി ബിന്ദു (41), വെമ്പായം സ്വദേശി ഷാഹുല്‍ ഹമീദ് (65), കോഴിക്കോട് മൊകേരി സ്വദേശി അശോകന്‍ (55) എന്നിവരാണ് മരിച്ചത്. ഇതില്‍ ബിന്ദു, ഷാഹുല്‍ ഹമീദ് എന്നിവര്‍ ഡെങ്കിപ്പനി ബാധിച്ചാണ് മരിച്ചതെന്ന് സംശയിക്കുന്നു. അശോകന്‍ എലിപ്പനി ബാധിച്ചാണ് മരിച്ചത്. ഇന്നലെ സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമായി 23,578 പേര്‍ പനി ബാധിച്ചു ചികില്‍സ തേടി. ഇതില്‍ 682 പേര്‍ക്കു വിദഗ്ധ ചികില്‍സ നല്‍കി. ഡെങ്കിപ്പനി ബാധിച്ച് ചികില്‍സ തേടിയ 711 പേരില്‍ 183 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ പേര്‍ ഡെങ്കിപ്പനിക്ക് ചികില്‍സ തേടിയത്- 202 പേര്‍. ഇതില്‍ 89 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. തൃശൂര്‍, കോഴിക്കോട്, കൊല്ലം, മലപ്പുറം, പാലക്കാട് എന്നിവിടങ്ങളിലും ഡെങ്കി പടര്‍ന്നുപിടിക്കുകയാണ്. കൊല്ലം- 15, പത്തനംതിട്ട- 21, ഇടുക്കി- മൂന്ന്, കോട്ടയം- രണ്ട്, ആലപ്പുഴ- 10, എറണാകുളം- 11, തൃശൂര്‍- 7, കോഴിക്കോട്- മൂന്ന്, വയനാട്- മൂന്ന്, കണ്ണൂര്‍- 14, കാസര്‍കോട്- അഞ്ച് എന്നിങ്ങനെയാണ് വിവിധ ജില്ലകളില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. എലിപ്പനി ബാധിച്ച് ചികില്‍സ തേടിയ 23 പേരില്‍ അഞ്ചുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഈ മാസം 40 പേര്‍ പകര്‍ച്ചപ്പനി ബാധിച്ച് മരിച്ചതായി സംശയിക്കുന്നു. ഇതില്‍ 30 പേര്‍ ഡെങ്കിപ്പനി ബാധിച്ചാണ് മരിച്ചത്. 153 പേര്‍ക്കു ഡെങ്കിപ്പനിയും ഒമ്പതു പേര്‍ക്ക് എച്ച്1 എന്‍1ഉം ഒരാള്‍ക്ക് മലേറിയയും സ്ഥിരീകരിച്ചു. ഈ മാസം ഡെങ്കിപ്പനി ബാധിച്ച് 13,598 പേര്‍ ചികില്‍സ തേടിയതില്‍ 2,422 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഈ വര്‍ഷം സംസ്ഥാനത്ത് 12,12,241 പേര്‍ പനി ബാധിച്ച് ചികില്‍സ തേടി. പനിയും പകര്‍ച്ചവ്യാധികളും ബാധിച്ച് ഇതുവരെ സംസ്ഥാനത്ത് 113 പേര്‍ മരിച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരം മിതൃമല സ്വദേശി അരുണ്‍കുമാര്‍ (39) മരണപ്പെട്ടത് എച്ച്1 എന്‍1 ബാധിച്ചാണെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. പകര്‍ച്ചപ്പനിയെ കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതിനും ചികില്‍സയുമായി ബന്ധപ്പെട്ട് പരാതിയും മറ്റും അറിയിക്കുന്നതിനും പകര്‍ച്ചപ്പനി നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും എല്ലാ ജില്ലകളിലും ഇന്നു മുതല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മോണിറ്ററിങ് സെല്ലുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു. മോണിറ്ററിങ് സെല്ലുകളെ ഏകോപിപ്പിക്കുന്നതിന് ആരോഗ്യമന്ത്രിയുടെ ഓഫിസില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തി.
Next Story

RELATED STORIES

Share it