kozhikode local

പനി മരണം: ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനം ഊര്‍ജിതം

കുഞ്ഞബ്ദുല്ല  വാളൂര്‍
പേരാമ്പ്ര: പനി ബാധിച്ചതിനെ തുടര്‍ന്ന് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിക്കാനിടയായ ചങ്ങരോത്ത് പഞ്ചായത്തിലെ സൂപ്പിക്കടയിലും പരിസരങ്ങളിലും ഭീതിയില്‍ കഴിയുന്ന ജനങ്ങളുടെ ആശങ്ക ദുരീകരിക്കാന്‍ ആരോഗ്യ വകുപ്പ് പ്രവര്‍ത്തനം ഊര്‍ജിതമാക്കി. മെഡിക്കല്‍ ക്യാംപും ബോധവല്‍കരണ പ്രവര്‍ത്തനങ്ങളും ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ സജീവമായി തുടരുന്നു. പനി ബാധിതരില്‍ എട്ടോളം പേര്‍ക്ക് വിദഗ്ധ ചികില്‍സക്ക് ആരോഗ്യ വകുപ്പധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പനി ബാധിച്ച് മരിച്ച കുടുംബവുമായി ഇടപഴകിയവരും ബന്ധുക്കളും ഉള്‍പ്പടെ ഇരുനൂറോളം പേര്‍ ഇതിനകം പരിശോധനക്ക് വിധേയരായിട്ടുണ്ട്്.ക്യാംപില്‍ എത്തിയവരുടെ രക്തസാംപിളുകള്‍ പരിശോധിക്കുകയും മരുന്ന് വിതരണം നടത്തുകയും ചെയ്തിട്ടുണ്ട്. ശ്വസനത്തിലൂടെയും അടുത്ത് ഇടപഴകിയും വളരെ അപകടകാരിയായ ഈപനി വൈറസ് പകരാന്‍ സാധ്യതയുള്ളതിനാല്‍ കരുതലോടെയാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ ഓരോ നീക്കവും.നിലവില്‍ ചികില്‍സയില്‍ കഴിയുന്നവര്‍ക്ക് മാത്രമേ മാരകമായി വൈറസ് പനി ബാധിച്ചിട്ടുള്ളു.
കഴിഞ്ഞ ദിവസം പരിശോധനയില്‍ നാലുപേര്‍ക്ക് രോഗലക്ഷണം കാണപ്പെട്ടെങ്കിലും കുടുതല്‍ വിവരം രക്തസാംപിളുകള്‍ വിശദമായ ടെസ്റ്റിന് വിധേയമാക്കിയാലേ ലഭ്യമാവുകയുള്ളു. ഇടവിട്ടുളള വിറയലോടു കൂടിയ പനിയാണ് പ്രഥമ രോഗലക്ഷണം.
രോഗം മൂര്‍ധന്യാവസ്ഥയില്‍ എത്തിയാല്‍ ശ്വാസകോശവും ആന്തരികാവയവങ്ങളും തകരാറിലാവുകയും ചെയ്യുന്ന അവസ്ഥ വരുമ്പോള്‍ ശരീരം മരുന്നുകള്‍ സ്വീകരിക്കാതെ വരുന്നതാണ് മരണത്തിന് കാരണമാവുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.ഇതിനിടെ ചികില്‍സയില്‍ കഴിയുന്ന മരണപ്പെട്ട സ്വാലിഹിന്റെയും സാബിത്തിന്റെയും പിതാവ് വളച്ചുകെട്ടിയില്‍ മൂസയുടെ നില ഗുരുതരമായി തുടരുകയാണ്.
മരണപ്പെട്ടസ്വാലിഹിന്റെ ഭാര്യ ആത്വിഫയെ വിദഗ്ദ ചികില്‍സക്കായി കഴിഞ്ഞ ദിവസം എറണാകുളം അമൃത ഹോസ്പിറ്റലിലേക്ക് മാറ്റിയിരുന്നു. അവിടെ വിദഗ്ധ ഡോകടര്‍മാരുടെ നേതൃത്വത്തില്‍ പരിശോധന ആരംഭിച്ചിട്ടുണ്ട്. ആത്വിഫയുടെ ചികില്‍സയില്‍ പുരോഗതിയുണ്ട്.
Next Story

RELATED STORIES

Share it