kozhikode local

പനി ഭീതി ഒഴിയുന്നു; പേരാമ്പ്രയില്‍ ജനജീവിതം സാധാരണ നിലയിലേക്ക്‌

പേരാമ്പ്ര: നിപാ വൈറസ് പനി ബാധിച്ച് ചങ്ങരോത്ത് പഞ്ചായത്തിലെ സൂപ്പിക്കടയില്‍ മൂന്ന് പേര്‍ മരിക്കുകയും ഇവരെ പരിചരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ താല്‍ക്കാലിക നഴ്‌സ് ലിനി സജിഷും മരിച്ചതിനെ തുടര്‍ന്ന് ഭീതിയിലായ പേരാമ്പ്രയില്‍ ജനജീവിതം സാധാരണ നിലയിലേക്ക് എത്തി. പനി പിടിച്ചത് ചങ്ങരോത്ത് പഞ്ചായത്തിലാണെങ്കിലും എട്ട് കിലോമീറ്റര്‍ ദൂരം ദൈര്‍ഘ്യമുള്ള പേരാമ്പ്രയെയാണ് പനി കടന്നാക്രമിച്ചത്.
പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും ഇ എം എസ് സഹകരണ ആശുപത്രിയിലും പനിബാധിച്ചവരെ പരിചരിച്ചുവെന്ന കാരണത്താല്‍ ഇവിടത്തെ ജീവനക്കാരും ഡോക്ടര്‍മാരും ഏറെ വേദനാജനകമായ അനുഭവങ്ങള്‍ നേരിടേണ്ടിവന്നിരുന്നു. പ്രധാനമായും നഴ്‌സുമാരെയാണ് പനിയുടെ പേരില്‍ ബസ് ജീവനക്കാര്‍, ഓട്ടോ െ്രെഡവര്‍മാര്‍, സോഷ്യല്‍ മീഡിയകള്‍ വഴിയുള്ള ആക്രമണങ്ങള്‍ എല്ലാംബാധിച്ചത്.
ആശുപത്രിയില്‍ രോഗികള്‍ ഡിസ്ചാര്‍ജ് ചെയ്ത് പോവുകയും ഡോക്ടര്‍മാര്‍ അവധിയില്‍ പ്രവേശിക്കുകയും ചെയ്ത സാഹചര്യം ഉണ്ടായി.എന്നാല്‍ പനി ബാധയെ കുറിച്ച് വ്യാപകമായ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളും ശുചീകരണ പ്രവൃത്തികളും ജനങ്ങള്‍ക്കിടയിലെ ആശങ്കകള്‍ ദുരീകരിക്കാന്‍ കാരണമായിട്ടുണ്ട്. ചങ്ങരോത്ത് പഞ്ചായത്തില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ മത,രാഷ്ട്രീയ, യുവജന മേഖലയില്‍പെട്ടവര്‍ ബോധവത്ക്കരണവും ജനങ്ങളില്‍ആശങ്കയകറ്റാന്‍ വീട് കയറിയുളള പ്രവര്‍ത്തനവും നടത്തി. കിണറുകള്‍ മൂടാന്‍ വലകള്‍ നല്‍കിയും കിണറുകളും വീടും പരിസരവും ശുചീകരിച്ചും പനി വിപത്തിനെ കുറിച്ച് ആശയപ്രചരണമാരംഭിച്ചത് ഏറെകുറെ വിജയം കണ്ടു. നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ ശുചീകരണ പ്രവര്‍ത്തനത്തിന് വേണ്ടി െ്രെഡഡേ ആചരിച്ചും മാതൃക പരമായിരുന്നു. ആത്മ ധൈര്യത്തോടെ ജോലിയില്‍ തുടര്‍ന്നപേരാമ്പ്ര താലൂക്കാശുപത്രിയിലെ ജീവനക്കാരെ ഈ വേളയില്‍ ഏറെ പ്രശംസിക്കേണ്ടിയിരിക്കുന്നു.
താലുക്കാശുപത്രിയില്‍ ഈ സമയത്തും രണ്ട് സുഖപ്രസവം നടന്നതും നല്ല സൂചനകളാണ്. നേരത്തെ യാത്ര ചെയ്യാന്‍ ആളുകള്‍ കുറഞ്ഞ സാഹചര്യത്തില്‍ ട്രിപ്പുകള്‍ കട്ടു ചെയ്ത് നിര്‍ത്തിയിട്ട ബസുകള്‍ ഇന്നലെ ഓടി തുടങ്ങി.നിര്‍ജീവമായിരുന്ന പേരാമ്പ്രയിലെ വ്യാപാര സ്ഥാപനങ്ങളില്‍ രണ്ട് ദിവസമായി ആളുകള്‍ എത്താന്‍ തുടങ്ങിയതോടെ സജീവമായി. അവധിയില്‍ പ്രവേശിച്ച ഡോക്ടര്‍മാരും അടച്ചിട്ട ദന്താശുപത്രികളും മെഡിക്കല്‍ ലാബുകളും തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഫലത്തില്‍ പനി ചങ്ങരോത്തും പനി വിപത്ത് ബാധിച്ചത് പേരാമ്പ്രയെയുമായിരുന്നു. ഇന്നലെയോടെ ജനജീവിതംഎല്ലാം സാധാരണ നിലയിലായതോടെ ആശ്വാസത്തിലാണ് കച്ചവടക്കാരും നാട്ടുകാരും.
Next Story

RELATED STORIES

Share it