malappuram local

പനി പടരുമ്പോഴും പലയിടത്തും പ്രതിരോധ വാക്‌സിനുകള്‍ കിട്ടാനില്ല

തിരൂര്‍: നിപാ ഭീഷണിയില്‍ ആശങ്കപ്പെടുമ്പോഴും ജില്ലയുടെ പലഭാഗങ്ങളിലും കുട്ടികള്‍ക്കു നിര്‍ബന്ധമായും നല്‍കേണ്ട പ്രതിരോധ കുത്തിവെപ്പിന് ആശുപത്രികളില്‍ വാക്‌സിനുകള്‍ ലഭ്യമല്ലെന്ന് പരാതി. തിരൂര്‍ ഉള്‍പ്പെടെയുള്ള താലൂക്കുകളിലെ സര്‍ക്കാര്‍ ആശുപത്രികളിലാണ് ഇക്കാരണത്താല്‍ കഴിഞ്ഞ രണ്ടുമാസമായി പ്രതിരോധ കുത്തിവെപ്പുകള്‍ നിലച്ചിട്ടുള്ളത്. സംസ്ഥാനത്തെ മറ്റുഭാഗങ്ങളിലെല്ലാം ഈ വാക്‌സിനുകള്‍ ലഭിക്കാനുണ്ടെന്നുള്ളത് വിരോധാഭാസമാണ്.
പ്രസവിച്ച ഉടനെ ശിശുക്കള്‍ക്ക് ക്ഷയരോഗം വരാതിരിക്കാന്‍ നല്‍കേണ്ട ബിസിജി കുത്തിവെപ്പ് ഇതില്‍ ആദ്യത്തേതാണ്. പ്രസവിച്ച കുഞ്ഞുങ്ങള്‍ക്ക് 24 മണിക്കൂറിനകം നല്‍കേണ്ടതാണിത്. കഴിഞ്ഞ രണ്ടുമാസമായി ജില്ലയിലെ പല ഭാഗത്തേയും സര്‍ക്കാര്‍ ആശുപത്രികളില്‍ ബിസിജി വാക്‌സിനുകള്‍ ലഭ്യമല്ല. മീസില്‍സ് റൂബെല്ല വാക്‌സിനുകളും കഴിഞ്ഞ രണ്ടുമാസമായി മലപ്പുറം ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമല്ല. കുട്ടികള്‍ക്ക് അഞ്ചാംപനിയും റുബെല്ലയും വരാതിരിക്കാനുള്ള കുത്തിവെപ്പാണിത്.
ഇതും മുടങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ഒരുമാസമായി പോളിയോ രോഗം വരാതിരിക്കാനുള്ള വാക്‌സിനും സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമല്ല. തിരൂരിനു പുറമെ ജില്ലയിലെ മറ്റു  ഭാഗങ്ങളിലെ സര്‍ക്കാര്‍ ആശുപത്രികളിലും ക്ലിനിക്കുകളിലുമെല്ലാം ഈ മൂന്നു വാക്‌സിനുകള്‍ ലഭ്യമല്ലാത്ത അവസ്ഥയാണുള്ളത്. പാവപ്പെട്ട അമ്മമാര്‍ കുഞ്ഞുങ്ങളുമായി സര്‍ക്കാര്‍ ആശുപത്രികളിലെത്തുമ്പോഴാണ് പ്രതിരോധ വാക്‌സിനുകള്‍ ലഭ്യമല്ലെന്നുള്ളത് അറിയുന്നത്. കഴിഞ്ഞ രണ്ടുമാസമായിട്ടും പ്രതിരോധ കുത്തിവെപ്പിനുള്ള മരുന്നുകളെത്തിക്കാന്‍ ആരോഗ്യവകുപ്പ് നടപടികളെടുത്തിട്ടില്ല. ജില്ലയിലെ ജനങ്ങള്‍ പ്രതിരോധ കുത്തിവെപ്പിന് മടിക്കുന്നുവെന്ന ഗുരുതരമായ ആരോപണം ഉന്നയിക്കുന്ന ആരോഗ്യവകുപ്പുതന്നെ വാക്‌സിനുകള്‍ നിഷേധിക്കുന്നത് നീതീകരിക്കാനാവാത്ത നടപടിയാണ്.
ആയിരക്കണക്കിന് കുട്ടികളുടെ നിര്‍ബന്ധമായും എടുത്തിരിക്കേണ്ട കുത്തിവെപ്പാണ് ഇതുമൂലം നിലച്ചിരിക്കുന്നത്. തിരൂരിലേയും  പരിസര പ്രദേശങ്ങളിലേയും സര്‍ക്കാര്‍ ആശുപത്രികളില്‍ മൂന്ന് പ്രതിരോധ കുത്തിവെപ്പിനുള്ള മരുന്നുകളും എത്രയും പെട്ടെന്ന് എത്തിക്കാനുള്ള നടപടികള്‍ക്ക് ആരോഗ്യവകുപ്പ് രംഗത്തിറങ്ങണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. കുത്തിവെപ്പെടുക്കാതിരുന്നാല്‍ മറ്റു ഗുരുതര രോഗങ്ങള്‍ കുട്ടികളെ പിടികൂടുമെന്ന ആശങ്കയും മാതാപിതാക്കള്‍ പങ്കുവയ്ക്കുന്നു.
Next Story

RELATED STORIES

Share it