kasaragod local

പനി പടരുന്നു; ജില്ലാ ആശുപത്രിയില്‍ നാഥനില്ല

കാഞ്ഞങ്ങാട്: ജില്ലയില്‍ പകര്‍ച്ചപ്പനി പടര്‍ന്നുപിടിക്കുമ്പോഴും ജില്ലാ ആശുപത്രിയില്‍ നാഥനില്ലാകളരി. പുതുതായി നിയമിച്ച ആശുപത്രി സുപ്രണ്ട് അവധിയിലാണ്. ആശുപത്രി സൂപ്രണ്ടായിരുന്ന ഡോ. സുനിത നന്ദനെ പനത്തടിയിലേക്ക്് സ്ഥലം മാറ്റുകയും പകരം നെയ്യാറിന്‍കരയില്‍ നിന്ന് ഡോ. സ്റ്റാന്‍ലിയെ ജില്ലാ ആശുപത്രി സൂപ്രണ്ടായി നിയമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഡോ. സ്റ്റാന്‍ലി ചുമതലയേറ്റയുടന്‍ അവധിയെടുത്ത് പോവുകയും ചെയ്തു.
ഇഎന്‍ടി വിദഗ്ധന്‍ ഡോ. നിത്യാനന്ദ ബാബുവിന് പകരം ചുമതല നല്‍കിയെങ്കിലും ജോലി ഭാരം മൂലം അദ്ദേഹത്തിന് വേണ്ടും വിധം സൂപ്രണ്ടിന്റെ ചുമതല നിറവേറ്റാന്‍ സാധിക്കുന്നില്ല. ഇതോടെ ജില്ലാ ആശുപത്രി ഭരണ നിര്‍വഹണം കുത്തഴിഞ്ഞ നിലയിലാണ്. ഡോ. സുനിത നന്ദനെ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയ പനത്തടി സാമൂഹികാരോഗ്യകേന്ദ്രത്തിലേക്കാണ് മാറ്റിയത്. ശിശുരോഗ വിദഗ്ധയായാണ് ഇവിടെ ഇവരെ നിയമിച്ചത്. പകരം ജില്ലാ ആശുപത്രി സൂപ്രണ്ടായി നിയമനം നല്‍കിയത് തിരുവനന്തപുരം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ അസി. ഡയറക്ടര്‍ ഡോ. എസ് സ്റ്റാന്‍ലിക്കാണ്.
വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്കും മറ്റുമായി വിദൂരസ്ഥലങ്ങളില്‍ നിന്ന് എത്തുന്നവര്‍ പലപ്പോഴും സൂപ്രണ്ട് ഇല്ലെന്ന കാരണത്താല്‍ ആവശ്യം സാധിക്കാനാ—വാതെ തിരികെ പോവേണ്ടിവരുന്നു. പുതുതായി നിയമിച്ച സൂപ്രണ്ട് ദീര്‍ഘ അവധിയെടുത്തതിനാല്‍ പകരം നിയമനം നടത്താനാവാത്ത അവസ്ഥയുണ്ട്. അതിനിടെ രോഗപ്രതിരോധ പ്രവര്‍ത്തനത്തിനിടയിലും മലയോര മേഖലയില്‍ ഡെങ്കിപ്പനി പടരുന്നു.
കഴിഞ്ഞ ദിവസം 68 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 442 പേര്‍ നിരീക്ഷണത്തിലുമാണ്. വെസ്റ്റ് എളേരി, കോടോം-ബേളൂര്‍, കിനാനൂര്‍-കരിന്തളം, ഈസ്റ്റ് എളേരി, മുളിയാര്‍, ബദിയടുക്ക എന്നിങ്ങനെ കാസര്‍കോട് ജില്ലയിലെ മലയോര പഞ്ചായത്തുകളില്‍ നിന്നാണ് കൂടുതല്‍ പേരും ചികില്‍സ തേടിയെത്തുന്നത്. ജില്ലാ ആശുപത്രി, കാസര്‍കോട് ജനറല്‍ ആശുപത്രി, വിവിധ സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലൊക്കെയും പനി ബാധിതരുടെ തിരക്ക് അനുഭവപ്പെട്ട് വരുന്നുണ്ട്. ആരോഗ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെങ്കിലും ജില്ലയുടെ മലയോര പ്രദേശങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും കാര്യക്ഷമമല്ല.
ഡെങ്കിപ്പനി അനുദിനം പടര്‍ന്നുകൊണ്ടിരിക്കുമ്പോഴും റബര്‍, കവുങ്ങിന്‍ തോട്ടങ്ങളിലെ ശുചിത്വപരിപാടികള്‍ പൂര്‍ണമായിട്ടില്ല. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ റിപോര്‍ട്ട് തയ്യാറാക്കുന്നതല്ലാതെ ഓരോ പ്രദേശങ്ങളിലും സന്ദര്‍ശനം നടത്തുകയോ വാര്‍ഡ്തല പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനുള്ള നടപടി സ്വീകരിക്കുകയോ ചെയ്യുന്നില്ല. വേനല്‍ മഴ ശക്തമായതോടെ മലയോര ടൗണുകളിലെ മാലന്യങ്ങളില്‍ വെള്ളം കെട്ടിക്കിടന്ന കൊതുകുകള്‍ പെരുകുകയാണ്. ആരോഗ്യവകുപ്പ് സന്നദ്ധ സംഘടനകളെ സഹകരിപ്പിച്ച് പ്രതിരോധ പ്രവര്‍ത്തനം നടത്തുന്നില്ലെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it