Kottayam Local

പനി പടരുന്നു : ചങ്ങനാശ്ശേരിയില്‍ ഡോക്ടര്‍മാരുടെ അഭാവം രോഗികളെ വലയ്ക്കുന്നു



ചങ്ങനാശ്ശേരി: സംസ്ഥാനത്തൊട്ടാകെ പകര്‍ച്ചപ്പനിയും ഡെങ്കിപ്പനിയും പടര്‍ന്നുപിടിച്ചതിന്റെ ഭാഗമായി പനിച്ചുവിറച്ച് ചങ്ങനാശ്ശേരിയും. പനിബാധിതരായി ഇവിടെ എത്തുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുകയാണ്. എന്നാല്‍ എത്തുന്ന രോഗികളുടെ യഥാര്‍ത്ഥ കണക്കുകള്‍ പുറത്തുപറയാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവുന്നുമില്ല. ഇന്നലെ മാത്രം 500നും 300നും ഇടയില്‍ പനി ബാധിതര്‍ ഇവിടെ എത്തിയതായിട്ടാണ് അനൗദ്യോഗിക കണക്ക്. എന്നാല്‍ പനി ബാധയേറ്റ് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പോവുന്നവരും ഏകദേശം ഇത്രയും തന്നെ വരുന്നുണ്ട്. ഇവിടെ എത്തുന്ന മുഴുവന്‍ രോഗികളേയും ശരിയായ നിലയില്‍ പരിശോധിച്ച് രോഗനിര്‍ണയം നടത്താന്‍ ആവശ്യമായ ഡോക്ടര്‍മാരുടെ അഭാവവും ഇവിടെ എത്തുന്ന രോഗികളെ വലക്കുന്നുമുണ്ട്. ഒന്നോ രണ്ടോ മിനിറ്റുകൊണ്ട് രോഗികളെ പരിശോധിച്ചു മരുന്നിനു നിര്‍ദേശിക്കാന്‍ മാത്രമാണ് നിലവിലുള്ള ഡോക്ടര്‍മാരെക്കൊണ്ട് കഴിയുക. എന്നാല്‍ ഉച്ചകഴിഞ്ഞെത്തുന്ന രോഗികളെ പരിശോധിക്കന്‍ ഒരു ഡോക്ടര്‍ മാത്രമാകും  ഡ്യൂട്ടിയിലുണ്ടാവുക.  2011ലെ സര്‍ക്കാര്‍ ബജറ്റിലായിരുന്നു ചങ്ങനാശ്ശേരി താലൂക്കാശുപത്രിയെ ജനറല്‍ ആശുപത്രിയായി ഉയര്‍ത്തുമെന്ന പ്രഖ്യാപനം വന്നതും പിന്നീട് 2013 ഓടെയാണ് ഇതിന്റെ പണികള്‍ ആരംഭിച്ചതും. തുടര്‍ന്നു കൂടുതല്‍ ജീവനക്കാരെ നിയമിച്ചു മെച്ചപ്പെട്ട സൗകര്യങ്ങള്‍ ജനങ്ങള്‍ക്കു ലഭിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. 28ഓളം ഡോക്ടര്‍മാരുടെ തസ്തികയുണ്ടെങ്കിലും നിലവില്‍ 20ല്‍ താഴെ ഡോക്ടര്‍മാര്‍ മാത്രമാണ് ഇവിടെയുള്ളത്. ഇവരില്‍ മൂന്നും നാലും പേര്‍ പലപ്പോഴും അവധിയിലുമായിരിക്കും. കൂടാതെ ജനറല്‍ മെഡിസിന്‍, സര്‍ജന്‍, സ്‌കിന്‍ വിഭാഗത്തിലും ഡോക്ടര്‍മാരുടെ സേവനം ലഭിക്കുന്നില്ല. അനസ്‌തേഷ്യ വിഭാഗവും കാര്യമായി പ്രവര്‍ത്തിക്കുന്നില്ല. അപകട മരണങ്ങളില്‍ സംഭവിക്കുന്ന മൃതദേഹങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ സംവിധാനമില്ലാത്തതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്കും മറ്റ് സ്വാകാര്യ ആശുപത്രികളിലേക്കും അയക്കേണ്ടതായും വരുന്നു. അള്‍ട്രസൗണ്ട് സ്‌കാനിങ് യന്ത്രം ആശുപത്രിയിലുണ്ടെങ്കിലും സ്ഥിരമായി റേഡിയോളജിസ്റ്റിന്റെ അഭാവം കാരണം ആഴ്ചയില്‍ ഒരിക്കല്‍ മാത്രമാണ് സേവനം ലഭ്യമാകുന്നത്.സി ടി സ്‌കാന്‍ അനുവദിച്ചിട്ടുണ്ടെങ്കിലും അതും പ്രവര്‍ത്തിപ്പിക്കുന്നില്ല. പുതിയ ഒപി ബ്ലോക്കു പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും ഡോക്ടര്‍മാര്‍ രണ്ടാം നിലയില്‍ ഇരിക്കുന്നതു കാരണം അവിടേക്കു പ്രായമുള്ളവരും മുട്ടിനു വേദനയുള്ളവരും ആസ്ത്മാ സംബന്ധമായ അസുഖമുള്ളവര്‍ക്കും കയറാന്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാവുന്നുണ്ട്.നിലവില്‍ 207 കിടക്കകളുണ്ടെങ്കിലും പനിബാധിതരുടെ വര്‍ധന കാരണം പലപ്പോഴും നിലത്തു പോലും രോഗികള്‍ കിടക്കണ്ടതായും വരുന്നു.ചില സ്വകാര്യ വ്യക്തികള്‍ അടുത്ത കാലത്തായി ആശുപത്രി വികസനത്തിനായി തുക നല്‍കുകയും അത്് പ്രയോജനപ്പെടുത്താനായെങ്കിലും ജീവനക്കാരുടെ അഭാവം  പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. വേണ്ടത്ര നഴ്‌സിങ് അസിസ്റ്റന്റ്‌സ്, അറ്റന്‍ഡര്‍മാര്‍ എന്നിവരെ ഇനിയും നിയമിച്ചിട്ടില്ല എന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.ഇതിനിടയില്‍ ഒരു ഡോക്ടര്‍ അഡ്മിറ്റ് ചെയ്ത രോഗിയെ മറ്റു ഡോക്ടര്‍മാര്‍ ഡിസ്ചാര്‍ജു ചെയ്യേണ്ട അവസ്ഥയും നിലനില്‍ക്കുന്നുണ്ട്. കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്.
Next Story

RELATED STORIES

Share it