Flash News

പനി പടരുന്നു; കോഴിക്കോട്ടെ പനിമരണങ്ങള്‍ക്കു പിന്നില്‍ നിപ്പാ വൈറസ്‌വൈറല്‍

ആബിദ്

കോഴിക്കോട്: കോഴിക്കോട് ജില്ലയെ ഭീതിയിലാഴ്ത്തിയ പനിമരണങ്ങള്‍ക്കു പിന്നില്‍ നിപ്പാ വൈറസാണെന്ന് സ്ഥിരീകരിച്ചു. ചങ്ങരോത്തെ മൂന്നുപേരുടെ മരണമാണ് നിപ്പാ വൈറസ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. പൂനെയിലെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചതെന്ന് ജില്ലാ കലക്ടര്‍ യു വി ജോസ് അറിയിച്ചു. വളച്ചുകെട്ടിയില്‍ മൂസയുടെ മക്കളായ സാബിത്ത് (23) മെയ് അഞ്ചിനും സ്വാലിഹ് (26) കഴിഞ്ഞ വെള്ളിയാഴ്ചയും സഹോദരന്‍ വളച്ചുകെട്ടിയില്‍ മൊയ്തീന്‍ ഹാജിയുടെ ഭാര്യ മറിയം ശനിയാഴ്ചയുമാണ് മരിച്ചത്. മൂസയും സ്വാലിഹിന്റെ ഭാര്യ ആത്തിഫയും ഇതേ രോഗം ബാധിച്ച് ഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണ്. അയല്‍വാസിയും ബന്ധുവുമായ നൗഷാദ്, സാബിത്തിനെ പരിചരിച്ച പേരാമ്പ്ര താലൂക്കാശുപത്രിയിലെ നഴ്‌സ് ജനി എന്നിവരെ പനി ബാധിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരടക്കം മേഖലയിലെ എട്ടുപേരാണ് സമാന ലക്ഷണങ്ങളോടെ ചികില്‍സയിലുള്ളത്. ഇവരുടെയെല്ലാം നില ഗുരുതരമാണ്. ഇതേ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ 25 പേര്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലുണ്ട്.
അതിനിടെ, വൈറസ് പനി ബാധിച്ച് കോഴിക്കോട്ട് ഇന്നലെ മൂന്നുപേര്‍ കൂടി മരിച്ചു. കൂട്ടാലിട സ്വദേശി ഇസ്മായില്‍, കൊളത്തൂര്‍ സ്വദേശി വേലായുധന്‍, പുളപ്പാടി വള്ളിയാട് പുഴംകുന്നുമ്മല്‍ അബൂബക്കറിന്റെ ഭാര്യ റംല എന്നിവരാണ് ഇന്നലെ മരിച്ചത്. പനി പടരുന്ന സാഹചര്യത്തില്‍ ആരോഗ്യ വിദഗ്ധരുടെ സംഘത്തെ അയക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.
കഴിഞ്ഞദിവസം മരിച്ചവരുടേതിന് സമാനമായ രോഗലക്ഷണങ്ങളോടെയാണ് ഇസ്മായിലും വേലായുധനും ചികില്‍സ തേടിയത്. എന്നാല്‍, റംല ഡെങ്കിപ്പനി ബാധിച്ച് തുടര്‍ചികില്‍സയ്ക്കിടെയാണു മരിച്ചത്.
മരണകാരണം നിപ്പാ വൈറസാണെന്ന് സ്ഥിരീകരിക്കുകയും സമാന രോഗലക്ഷണങ്ങളോടെ നിരവധിപേര്‍ ചികില്‍സയിലുമായതോടെ സംസ്ഥാനം ആശങ്കയിലായിരിക്കുകയാണ്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ആറുപേരും കോഴിക്കോട്ടെയും കൊച്ചിയിലെയും സ്വകാര്യ ആശുപത്രികളിലായി രണ്ടുപേരുമാണ് ചികില്‍സയിലുള്ളത്. ഇവരില്‍ അഞ്ചുപേര്‍ ഒരേ പ്രദേശത്തുനിന്നുള്ളവരാണ്. നാലുപേരിലാണ് നിപ്പാ വൈറസ് ബാധ സംശയിക്കുന്നത്.
പനി പ്രതിരോധത്തിന് ജില്ലാതല ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാന്‍ ഇന്നലെ കോഴിക്കോട്ട് നടന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായി. സ്വകാര്യ ആശുപത്രികളെ കൂടി സഹകരിപ്പിച്ച് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോവാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. ഐഎംഎയുടെ നേതൃത്വത്തില്‍ വിദഗ്ധ സമിതിയെ രോഗത്തെക്കുറിച്ചു പഠിക്കാന്‍ നിയോഗിച്ചിട്ടുണ്ട്. സംസ്ഥാനതലത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറക്കുകയും അവധിയിലായിരുന്ന ഡോക്ടര്‍മാരെ തിരിച്ചുവിളിക്കുകയും ചെയ്തിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രത്യേക വാര്‍ഡും കൂടുതല്‍ വെന്റിലേറ്ററുകളും സജ്ജീകരിച്ചു.
മണിപ്പൂര്‍ സെന്റര്‍ ഫോര്‍ വൈറസ് റിസര്‍ച്ചിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം മൂന്നുപേര്‍ മരിച്ച ചങ്ങരോത്ത് പ്രദേശത്ത് പരിശോധന നടത്തി. വൈറോളജി വിഭാഗം മേധാവി പ്രഫ. ജി അരുണ്‍ കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രദേശത്തുകാര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും മരണം നടന്ന വീട്ടിലല്ലാതെ മറ്റെവിടെയും വൈറസ് ബാധ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും അരുണ്‍ കുമാര്‍ പറഞ്ഞു. മരിച്ചവരുടെ വീട്ടില്‍ വളര്‍ത്തുമുയല്‍ ചത്തിരുന്നതായും ഈ മുയലുകള്‍ വീടിനകത്ത് കയറാറുണ്ടെന്നും സമീപവാസികള്‍ വിദഗ്ധ സംഘത്തെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മുയലുകളുടെ രക്തസാംപിളുകളും  ശേഖരിച്ചിട്ടുണ്ട്.
മൃഗങ്ങളിലൂടെ പടരുന്ന വൈറസ് ആയതിനാല്‍ വവ്വാലുകളും മറ്റും കടിച്ച പഴങ്ങള്‍ ഭക്ഷിക്കരുതെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ജനങ്ങള്‍ പരിഭ്രാന്തരാവരുതെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു. മന്ത്രിമാരായ കെ കെ ശൈലജ, ടി പി രാമകൃഷ്ണന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ യോഗവും ചേര്‍ന്നു.
Next Story

RELATED STORIES

Share it