thiruvananthapuram local

പനിയും പകര്‍ച്ച വ്യാധികളും ആശങ്ക പരത്തുന്നു

വര്‍ക്കല: മണ്ഡലത്തിലെ തീരമേഖലകളും കോളനികളും ചളിവെള്ളക്കെട്ടില്‍. മഴ ശക്തമായി തുടര്‍ന്നാല്‍ തീരവാസികളുടെ കുടിലുകള്‍ പലതും തകരാനിടയുണ്ട്. ചിലക്കൂര്‍, വള്ളക്കടവ്, ആലിയിറക്കം, വെട്ടൂര്‍ ടിഎസ് കനാല്‍ എന്നിവിടങ്ങളിലെ നിരവധി പുറമ്പോക്ക് വീടുകളില്‍ ഇതിനോടകം വെള്ളം കയറിയ നിലയിലാണ്. മഴ ശക്തമായ സാഹചര്യത്തില്‍ ദുരന്ത സാധ്യത കണക്കിലെടുത്ത് 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം താലൂക്ക് ഓഫിസില്‍ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇതര വകുപ്പുകളുടെ ഇടപെടല്‍ ഉണ്ടാവുന്നില്ല.
ആരോഗ്യ വിഭാഗം സ്ഥിതിഗതികള്‍ ഇനിയും വിലയിരുത്തിയിട്ടില്ലെന്ന് ആക്ഷേപമുണ്ട്്. ക്ലോറിനേഷന്‍ അടക്കമുള്ള കരുതല്‍ നടപടികളും ഇതുവരെ കൈക്കൊണ്ടിട്ടില്ല. നഗരസഭയിലെ ചിലക്കൂര്‍ തൊട്ടിപ്പാലം നിവാസികള്‍ ജലജന്യരോഗ ഭീഷണിയിലാണ്. കൂലിവേലക്കാരും മല്‍സ്യത്തൊഴിലാളികളുമടക്കം നൂറില്‍പരം കുടുംബങ്ങളാണ് ഇവിടെ പുറമ്പോക്ക് നിവാസികളായുള്ളത്. കൊതുകും കൂത്താടിയും നിറഞ്ഞ ചളിവെള്ളക്കെട്ടിലകപ്പെട്ട് കുട്ടികളടക്കമുള്ളവര്‍ ദുരിത ജീവിതം പേറുകയാണ്. മൈതാനം ടൗണില്‍ നിന്നുള്ള മലിനജലം മുഴുവന്‍ ഒഴുകിയെത്തുന്നത് ഇവിടേക്കാണ്. ദേശീയപാത നവീകരണത്തിന്റെ ഭാഗമായി കനാലില്‍ ശുചീകരണം നടക്കുന്നതും മഴക്കാലമായതിനാല്‍ വെല്ലുവിളിയാണ്. വെട്ടൂരില്‍ ടിഎസ്‌കനാലിന് സമീപത്തെ 50ഓളം കുടുംബങ്ങള്‍ ദുരിതാവസ്ഥയിലാണ്. വെള്ളക്കെട്ട് പകര്‍ച്ച വ്യാധികള്‍ക്കു കാരണമാവുന്നുണ്ട്. മഴ ശക്തമായി തുടര്‍ന്നാല്‍ കനാലും സമീപത്തെ ഏലത്തോടും കരകവിഞ്ഞൊഴുകി വീടുകളില്‍ വെള്ളം കയറും. കിണറുകളും സെപ്റ്റിക് ടാങ്കുകളും നിറഞ്ഞുകവിയും. പതിറ്റാണ്ടുകളായി മാറ്റമില്ലാത്ത ദുരവസ്ഥയിലാണ് ഇവിടെ തദ്ദേശവാസികള്‍ കഴിയുന്നത്.
കനാലും തോടും നിറഞ്ഞൊഴുകുന്നതിനൊപ്പം കടല്‍ ക്ഷോഭത്തില്‍ വെള്ളം തോട്ടിലേക്ക് അടിച്ചു കയറുന്നതും ഭീഷണിയാണ്. വെള്ളപ്പൊക്ക നിവാരണത്തിനും മറ്റും ദീര്‍ഘകാലാടിസ്ഥാനത്തി ല്‍ പദ്ധതികളാവിഷ്‌കരിക്കാത്തതാണ് നിലവില്‍ നേരിടുന്ന ദുരവസ്ഥക്ക് കാരണം. കനാലിന്റെയും ഏലാത്തോടിന്റെയും നവീകരണം വൈകുന്നതും മറ്റൊരു പ്രശ്‌നമാണ്. കനാലിന്റെ ആഴം കൂട്ടുന്ന പ്രവര്‍ത്തികള്‍ പലയിടത്തും നടക്കുന്നുണ്ടെങ്കിലും വെട്ടൂരില്‍ ഇനിയും ആരംഭിച്ചിട്ടില്ല. തോടുകള്‍ പലതും മാലിന്യം നിറഞ്ഞ് നീരൊഴുക്ക് നിലച്ചതിനാല്‍ വെള്ളം കെട്ടി കരകവിഞ്ഞൊഴുകുന്നതും പതിവാണ്.
Next Story

RELATED STORIES

Share it