malappuram local

പനിയില്‍ വിറച്ചു ജില്ല : പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ലീഗല്‍ സര്‍വീസ് അതോറിറ്റിയും



മലപ്പുറം: ഡെങ്കിയും പകര്‍ച്ചപനിയും ഭീഷണിയുയര്‍ത്തുമ്പോള്‍ രോഗ പ്രതിരോധത്തിന് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയും രംഗത്തിറങ്ങുന്നു. ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് ആരോഗ്യസേന രൂപീകരിച്ച് വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ കൊതുകു നശീകരണവും രോഗ പ്രതിരോധവും ഉറപ്പാക്കുകയാണ് ലക്ഷ്യം. ഡെങ്കിപ്പനി കൂടുതല്‍ റിപോര്‍ട്ട് ചെയ്ത വേങ്ങര മണ്ഡലത്തില്‍ ആരോഗ്യ സേനയുടെ പതിനൊന്ന് സംഘങ്ങള്‍ രോഗ പ്രതിരോധ നടപടികളും ജനകീയ ബോധവല്‍കരണവും ആരംഭിച്ചിട്ടുണ്ട്. പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കാന്‍ പൊതുജന സഹകരണം അനിവാര്യമെങ്കിലും അത് പ്രാബല്യത്തില്‍ വരുന്നില്ല. ഇതിന് മാറ്റം വരുത്താന്‍ പോലിസ് അടക്കമുള്ള വിവിധ വകുപ്പുദ്യോഗസ്ഥരും ലീഗല്‍ സര്‍വീസ് അതോറിറ്റി വോളന്റിയര്‍മാരും, ആരോഗ്യ പ്രവര്‍ത്തകരും ഒരുമിച്ച് ജനങ്ങള്‍ക്കിടയിലേക്കിറങ്ങിയിരിക്കുകയാണെന്ന് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിട്ടി സെക്രട്ടറി സബ്ജഡ്ജി രാജന്‍ തട്ടില്‍ പറഞ്ഞു. വീടും പരിസരവും ഒപ്പം നാടും വൃത്തിയായിരുന്നാല്‍ മാത്രമെ കൊതുകു സാന്ദ്രത കുറക്കാനാവൂ. ഇതിന് ജനപങ്കാളിത്തത്തോടെയുള്ള പ്രവര്‍ത്തനത്തിന്റെ അഭാവം വെല്ലുവിളി തീര്‍ക്കുന്നുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീനയും വ്യക്തമാക്കി. വീടുകളില്‍ ആഴ്ചയിലൊരിക്കല്‍ ഡ്രൈഡേ ആചരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും ജനങ്ങള്‍ വേണ്ട പ്രാധാന്യം നല്‍കിയിട്ടില്ല. വേങ്ങരയില്‍ ആരോഗ്യസേന നടത്തിയ പരിശോധനയില്‍ നിരവധി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും കൊതുകുകള്‍ മുട്ടയിട്ടു പെരുകാനുള്ള സാഹചര്യം നിലനില്‍ക്കുന്നതായി കണ്ടെത്തി. മലിനജലം അലക്ഷ്യമായി കൈകാര്യം ചെയ്ത സ്ഥാപനങ്ങള്‍ക്കെതിരേ നടപടി സ്വീകരിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് കവറുകളിലും ചിരട്ടകളിലും ശുദ്ധജല സംഭരണികളിലും കിണറുകളില്‍ പോലും കൊതുകുകളുടെ ലാര്‍വകള്‍ വളരുന്നുണ്ട്. ഇത് പ്രതിരോധിക്കാതെ ചികില്‍സകൊണ്ടു മാത്രം പകര്‍ച്ചവ്യാധി പ്രതിരോധം സാധ്യമാവില്ല. ഇക്കാര്യത്തില്‍ ജനങ്ങളുടെ മനോഭാവം മാറേണ്ടതുണ്ടെന്ന് ജില്ലാ ജഡ്ജി രാജന്‍ തട്ടിലും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീനയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it