Flash News

പനിബാധിതര്‍ 28,000; ഇന്നലെ അഞ്ചു മരണം : കേന്ദ്രസംഘം കേരളത്തിലെത്തി



തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരും പ്രതിപക്ഷവും വിവിധ രാഷ്ട്രീയകക്ഷികളും സന്നദ്ധ സംഘടനകളും ശുചീകരണ പ്രവര്‍ത്തനം സജീവമാക്കിയിട്ടും സംസ്ഥാനത്തെ പനിബാധിതരുടെ എണ്ണത്തില്‍ കുറവ് വരുന്നില്ല. ഇന്നലെ മാത്രം സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സ തേടിയത് 27,684 പേര്‍. ഇതില്‍ 974 പേര്‍ വിദഗ്ധ ചികില്‍സയ്ക്കായി വിവിധ ആശുപത്രികളില്‍ അഡ്മിറ്റായി. എന്നാല്‍ മരണസംഖ്യ കുറഞ്ഞിട്ടുണ്ട്. സംസ്ഥാനത്ത് പനി ബാധിച്ച് ഇന്നലെ ആരും മരിച്ചിട്ടില്ലെന്നാണ് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നത്. അതേസമയം, വിവിധ ജില്ലകളില്‍ നിന്നുള്ള റിപോര്‍ട്ട്പ്രകാരം അഞ്ചുപേര്‍ പനി ബാധിച്ചു മരിച്ചിട്ടുണ്ട്. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ശ്രീരാഗ് (20), മങ്കട ഊട്ടുപുറത്ത് അയ്യപ്പന്‍ (71), മലപ്പുറം അമരമ്പലം സ്വദേശി ബിന്ദു (40), കൊല്ലം കോട്ടാത്തല സ്വദേശിയും ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയുമായ ശരണ്യ, തിരുവനന്തപുരം കാരവാന്‍ സ്വദേശി ബാലന്‍ (65) എന്നിവരാണ് ഇന്നലെ മരിച്ചത്. ബാലന്‍ ഡെങ്കിപ്പനി ബാധിച്ചാണ് മരിച്ചതെന്നു സംശയിക്കുന്നു. ഇതിനിടെ, സംസ്ഥാനത്തെ പകര്‍ച്ചപ്പനിയെക്കുറിച്ച് പഠിക്കുന്നതിന് തലസ്ഥാനത്തെത്തിയ കേന്ദ്രസംഘം ഇന്നലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. കേന്ദ്ര കൊതുകുജന്യരോഗ നിവാരണ പദ്ധതിയുടെ ജോയിന്റ് ഡയറക്ടര്‍ ഡോ. കല്‍പന ബറുവയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേരളത്തിലെത്തിയത്. രണ്ടുദിവസം തങ്ങുന്ന സംഘം കൊതുകുനിവാരണ മാര്‍ഗരേഖ തയ്യാറാക്കി സമര്‍പ്പിക്കും. കൊതുകുകളില്‍ വന്ന മാറ്റത്തെക്കുറിച്ചു പഠിക്കാന്‍ സാംപിളുകളും ശേഖരിക്കുന്നുണ്ട്. ജനിതകമാറ്റം വന്ന വൈറസുകളാണ് പകര്‍ച്ചപ്പനിക്ക് കാരണമാവുന്നതെന്ന് സംഘം വിലയിരുത്തി. ഇന്ന്, പനി ഏറ്റവുമധികം ബാധിച്ച തലസ്ഥാനത്തെ കോര്‍പറേഷന്‍ പരിധിയില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. മൂന്നാഴ്ചയ്ക്കുള്ളില്‍ സംസ്ഥാനത്ത് പകര്‍ച്ചപ്പനി നിയന്ത്രിക്കാനാവുമെന്നാണ് സംഘത്തിന്റെ അഭിപ്രായം. സംസ്ഥാനത്ത് 702 പേര്‍ക്ക് ഡെങ്കിപ്പനി സംശയിച്ചതില്‍ 175 പേര്‍ക്ക് സ്ഥിരീകരിച്ചിട്ടുണ്ട്. ഏറ്റവുമധികം പനിബാധിതര്‍ മലപ്പുറം ജില്ലയിലാണ്. ജില്ലയില്‍ 4,041 പേര്‍ ചികില്‍സ തേടി. 65 പേര്‍ക്ക് ഡെങ്കി സംശയിച്ചതില്‍ എട്ട് പേര്‍ക്കു സ്ഥിരീകരിച്ചു. അതേസമയം, ഡെങ്കിപ്പനി ബാധിതര്‍ ഏറ്റവുമധികം തിരുവനന്തപുരം ജില്ലയില്‍ തന്നെയാണ്. 138 പേര്‍ക്ക് ഡെങ്കി സംശയിച്ചതില്‍ 88 പേര്‍ക്ക് സ്ഥിരീകരിച്ചു.
Next Story

RELATED STORIES

Share it