Flash News

പനിബാധിതര്‍ വര്‍ധിക്കുന്നു : സംസ്ഥാനത്ത് ഒരാഴ്ചത്തെ ഡ്രൈഡേ ആചരണം



തിരുവനന്തപുരം/ കോഴിക്കോട്: സംസ്ഥാനത്ത് ഡെങ്കിപ്പനി ഉള്‍പ്പെടെ പനിബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ഇതുവരെ 3100 പേര്‍ക്ക് ഡെങ്കി സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. തിരുവനന്തപുരത്തും മലപ്പുറത്തുമാണ് കൂടുതല്‍ കേസുകള്‍ റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ 2100 പേരും തലസ്ഥാന ജില്ലക്കാരാണ്. തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയിലാണ് കൂടുതല്‍ രോഗബാധിതര്‍. പ്രതിരോധ പ്രവര്‍ത്തനങ്ങളിലുണ്ടായ അപാകതയാണ് രോഗം വ്യാപിക്കാന്‍ കാരണമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു. ആരോഗ്യമന്ത്രി കെ കെ ശൈലജയും ഇക്കാര്യം നിയമസഭയില്‍ സ്ഥിരീകരിച്ചു. മഴക്കാലപൂര്‍വ ശുചീകരണത്തില്‍ വീഴ്ച പറ്റിയതായി ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ അറുനൂറിലേറെ പേര്‍ക്കാണ് തിരുവനന്തപുരം ജില്ലയില്‍ മാത്രം ഡെങ്കിബാധ സ്ഥിരീകരിച്ചത്. സര്‍ക്കാര്‍ ആശുപത്രികളിലെയും ഏതാനും ചില സ്വകാര്യ ആശുപത്രികളില്‍ നിന്നും ലഭ്യമായ കണക്കുകള്‍ മാത്രമാണിത്. സ്വകാര്യ ആശുപത്രികളില്‍ ഡെങ്കിപ്പനിക്ക് ചികില്‍സയില്‍ കഴിയുന്നവരുടെ കണക്ക് നല്‍കണമെന്ന് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടെങ്കിലും മിക്ക ആശുപത്രികളും നല്‍കിയിട്ടില്ല. സ്വകാര്യ ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്നവരുടെ കണക്കുകള്‍ കൂടി ചേര്‍ത്താന്‍ രോഗബാധിതരുടെ എണ്ണം ഇനിയും വര്‍ധിക്കും. മഴക്കാലമെത്തുന്നതോടെ സ്ഥിതി രൂക്ഷമാവുമെന്ന ആശങ്കയിലാണ് ഡോക്ടര്‍മാര്‍. തലസ്ഥാന ജില്ലയില്‍ പനിക്ക് ചികില്‍സ തേടിയെത്തുന്നവരില്‍ 70 ശതമാനം പേര്‍ക്കും ഡെങ്കിപ്പനിയാണെന്നാണ് സ്ഥിരീകരണം. തിരുവനന്തപുരം ജനറല്‍ ആശുപത്രി ഡെങ്കിപ്പനി ബാധിതരെക്കൊണ്ട് നിറഞ്ഞു. ഇവിടത്തെ 36 ഡോക്ടര്‍മാര്‍ക്കും ഡെങ്കിപ്പനി പിടിപെട്ടു. ദിവസങ്ങള്‍ക്കു മുമ്പ് പനി ബാധിച്ച് ഇവിടത്തെ ഒരു താല്‍ക്കാലിക ജീവനക്കാരനും മരിച്ചിരുന്നു. തിരുവനന്തപുരം (1), ആലപ്പുഴ (1), എറണാകുളം (1),  കോഴിക്കോട് (2), വയനാട് (2) എന്നിവിടങ്ങളില്‍ നിന്നായി ഏഴ് എലിപ്പനി കേസുകളും റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കോഴിക്കോട്ട് രണ്ടു പേര്‍ക്ക് മലേറിയയും സ്ഥിരീകരിച്ചു. കോഴിക്കോട്ട് ഈ മാസം പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 10 ആയി. ഡെങ്കിപ്പനി ബാധിച്ച് ഈ മാസം നാലു പേര്‍ ഇതുവരെ മരിച്ചു. കഴിഞ്ഞ 16നു മാത്രം ഡെങ്കിപ്പനി ലക്ഷണവുമായി 330 പേര്‍ ചികില്‍സയ്ക്ക് എത്തിയപ്പോള്‍ ഇതില്‍ 90 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കൊല്ലത്ത് 44 പേര്‍ ഡെങ്കിപ്പനി ലക്ഷണവുമായി എത്തിയപ്പോള്‍ ഏഴു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പത്തനംതിട്ട (1), ഇടുക്കി (1), കോട്ടയം (3), കോഴിക്കോട് (4), വയനാട് (1), കണ്ണൂര്‍ (3) എന്നിവിടങ്ങളില്‍ ചികില്‍സയ്‌ക്കെത്തിയവര്‍ക്കും ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് ഒരാള്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. ജനുവരി മുതല്‍ നിരവധി തവണ ആരോഗ്യ വകുപ്പ് നല്‍കിയ മുന്നറിയിപ്പുകള്‍ തദ്ദേശ സ്ഥാപനങ്ങള്‍ അവഗണിച്ചതായാണ് പരാതി. അതേസമയം, സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തില്‍ ഇന്നലെ മുതല്‍ ഒരാഴ്ചത്തെ ഡ്രൈ ഡേ ആചരണം തുടങ്ങി. ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തിലാണ് ഡ്രൈഡേ ആചരിക്കുന്നത്. മെയ് 25നു കാലവര്‍ഷം എത്തുമെന്ന വാര്‍ത്തകള്‍ കൂടി മുന്നില്‍ക്കണ്ടാണ് പ്രവര്‍ത്തനങ്ങള്‍.
Next Story

RELATED STORIES

Share it